
രാം ചരൺ – ബുച്ചി ബാബു സന ചിത്രമായ ‘പെദ്ധി’യിലെ വിവാദപരമായ രംഗങ്ങളിൽ പ്രതികരണവുമായി നായിക ജാൻവി കപൂർ. ചിത്രത്തിലെ ചില രംഗങ്ങൾ ലൈംഗികാതിക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് നടിയുടെ തുറന്നുപറച്ചിൽ. കോഫി വിത്ത് കരൺ ഷോയിലാണ് ജാൻവി വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.
തന്റെ കഥാപാത്രത്തെ ചിത്രീകരിച്ച രീതി പൊതുസമൂഹത്തിലും സ്ത്രീസമൂഹത്തിലും ഉണ്ടാക്കിയ നെഗറ്റീവായ സ്വാധീനം വല്ലാതെ അലട്ടുന്നുണ്ടെന്നും ആ നാണക്കേട് എന്നും ഒപ്പമുണ്ടാകുമെന്നും നടി പറഞ്ഞു. സംവിധായകനെ വിശ്വസിച്ചാണ് അഭിനയിച്ചത്. ദക്ഷിണേന്ത്യൻ സിനിമകളിൽ പലപ്പോഴും പൂർണമായ തിരക്കഥകൾ ലഭിക്കാറില്ല. ക്യാമറാ ആംഗിളുകളെക്കുറിച്ച് പലപ്പോഴും മുൻകൂട്ടി അറിയാൻ കഴിയാത്തതും ഇത്തരം രംഗങ്ങളിൽ ജാഗ്രത പുലർത്താൻ കഴിയാതെ പോകുന്നതിന് കാരണമായെന്ന് ജാൻവി വ്യക്തമാക്കി.
താൻ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതായിരുന്നുവെന്നും മേലിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തുക മാത്രമാണ് ഇനി തനിക്ക് ചെയ്യാനുള്ളതെന്നും നടി കൂട്ടിച്ചേർത്തു. അതേസമയം, ഈ വിവാദങ്ങളുടെ ഒരു നല്ല വശം അടുത്ത തവണ ഒരു പ്രധാന നടിയെ ഇത്തരത്തിൽ അവതരിപ്പിക്കുന്നതിന് മുമ്പ് സംവിധായകർ രണ്ടുതവണ ചിന്തിക്കുമെന്നതാണെന്നും ജാൻവി അഭിപ്രായപ്പെട്ടു.
ജാൻവിയുടെ വാക്കുകൾ;
‘ഒട്ടേറെപ്പേർ കഠിനാധ്വാനം ചെയ്തതിന്റെ ഫലമാണ് ആ ചിത്രം. അതിനാൽ, എന്തെങ്കിലും അപ്പോൾ പ്രതികരിക്കണോ എന്ന് എനിക്ക് അറിയില്ലായിരുന്നു. ആ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന രീതി പൊതുസമൂഹത്തിലും ഞാനുൾപ്പെടുന്ന സ്ത്രീസമൂഹത്തിലും ഉണ്ടാക്കാൻ പോകുന്ന നെഗറ്റീവായ സ്വാധീനം എന്റെ മനഃസാക്ഷിയെ വല്ലാതെ അലട്ടുന്നുണ്ട്. ആ നാണക്കേട് എന്നും എനിക്കൊപ്പമുണ്ടാവും.
എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നോ, കൂടുതൽ ജാഗ്രത പുലർത്താൻ കഴിയുമായിരുന്നോ എന്നീ ചോദ്യങ്ങൾക്ക് അതേ എന്നാണ് ഉത്തരം. അങ്ങനെ ചിത്രീകരിച്ചത് പ്രശ്നമാണോ, അത് ഒബ്ജക്ടിഫിക്കേഷന്റെ അങ്ങേയറ്റമായിരുന്നോ, ലൈംഗികാതിക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നില്ലേ എന്നീ ചോദ്യങ്ങൾക്കും അതേ എന്നുതന്നെയാണ് ഉത്തരം. മേലിൽ ഇത് ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തുക എന്നതുമാത്രമാണ് ഇനി എനിക്ക് ചെയ്യാവുന്നത്.
ഞാൻ കൂടുതൽ ജാഗ്രത പുലർത്തേണ്ടതായിരുന്നുവെന്ന ചിന്ത എന്നെ പിടികൂടി. ഒരുകാര്യം കൂടെയുണ്ട്, അത് പറയുമ്പോൾ ഞാൻ കുറ്റം മറ്റൊരാളിൽ ചാർത്തുകയാണെന്ന് തോന്നും. അഭിനേതാക്കൾ എപ്പോഴും സംവിധായകന്റെ വാക്കുകൾ ആണ് കേൾക്കുക. ലഭ്യമായ വിവരങ്ങൾ വെച്ച് പരമാവധി പ്രശ്നങ്ങളില്ലാതെ എങ്ങനെ അവതരിപ്പിക്കാം എന്നാണ് ചിന്തിക്കുക. ദക്ഷിണേന്ത്യൻ സിനിമകളിൽ പലപ്പോഴും അപൂർവമായി മാത്രമേ പൂർണമായ തിരക്കഥയുണ്ടാവുകയുള്ളൂ. വളരെ അപൂർവമായി മാത്രമേ ക്യാമറാ ആംഗിളുകളെക്കുറിച്ച് നിങ്ങൾ തിരിച്ചറിയുകയുള്ളൂ.
ശരിയാണ്, ഞാൻ എന്റെ പ്രിവിലേജ് പ്രയോജനപ്പെടുത്തേണ്ടതായിരുന്നു. ഒരുതരത്തിൽ അത് അതിക്രമിക്കുന്ന തരത്തിലുള്ള അനുഭവമായിരുന്നു. എന്നാൽ, വിവാദങ്ങൾക്കൊണ്ടുള്ള ഗുണം, അടുത്ത തവണ ഒരു പ്രധാന നടിയെ ഇത്തരത്തിൽ അവതരിപ്പിക്കുന്നതിന് മുമ്പ് സംവിധായകർ രണ്ടുതവണ ചിന്തിച്ചേക്കും.