26 വർഷമായി കൈരളിയെ താങ്ങിനിർത്തുന്ന മമ്മൂട്ടിയെ ക്രൂശിക്കരുത്: അനുശ്രീ

','

' ); } ?>

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണങ്ങളിൽ പാർട്ടി പ്രവർത്തകർ കാട്ടുന്നത് സങ്കുചിതബോധമാണെന്ന് വിമർശിച്ച് സി.പി.എം. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം അനുശ്രീ. മമ്മൂട്ടി ഒരു പാർട്ടി അംഗത്തിന്റെ ബോധ്യത്തോടെ പ്രതികരിക്കണമെന്ന് പ്രതീക്ഷിക്കുന്നത് തെറ്റാണെന്നും വ്യക്തിപരമായ സൗഹൃദങ്ങളും സന്ദർശനങ്ങളും അദ്ദേഹത്തിന്റെ മാത്രം തീരുമാനമാണെന്നും അനുശ്രീ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഇടതുപക്ഷ പ്രവർത്തകർക്ക് തന്നോടുള്ള നീരസം മനസ്സിലാക്കി അത് പരിഹരിക്കാനാണ് മമ്മൂട്ടി യുവജന നേതാക്കളെ വീട്ടിലേക്ക് ക്ഷണിച്ചതെന്ന് അനുശ്രീ ചൂണ്ടിക്കാട്ടി. വയനാട് വിഷയത്തിലെ അപക്വമായ ഇടപെടലിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും പാർട്ടി നേതൃത്വം അത് വിശദീകരിക്കുകയും ചെയ്തതാണ്. മാധ്യമമേഖലയിലെ കടുത്ത വെല്ലുവിളികൾക്കിടയിലും കഴിഞ്ഞ 26 വർഷമായി കൈരളി ചാനലിന്റെ ചെയർമാൻ സ്ഥാനത്ത് നിലകൊള്ളുന്ന മമ്മൂട്ടിയുടെ സംഭാവനകളെ പാർട്ടി സഖാക്കൾ കാണാതെ പോകരുതെന്നും അവർ ഓർമ്മിപ്പിച്ചു.

എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. നേതാക്കൾ മമ്മൂട്ടിയെ സന്ദർശിച്ചതിന് പിന്നാലെ സി.പി.എം. അനുകൂല സൈബർ ഹാൻഡിലുകളിൽനിന്ന് ഉയർന്ന കടുത്ത വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് അനുശ്രീയുടെ ഈ പ്രതികരണം. മുൻപ് പി. ജയരാജനും സൈബർ ആക്രമണങ്ങളെ അപലപിച്ച് രംഗത്തെത്തിയിരുന്നു. നേതാക്കൾ മമ്മൂട്ടിയെ കണ്ടത് പാർട്ടി കൂറില്ലായ്മയായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന യുവനേതൃത്വം അകാരണമായി ക്രൂശിക്കപ്പെടരുതെന്നും അനുശ്രീ കുറിപ്പിൽ കൂട്ടിച്ചേർത്തു.

അനുശ്രീ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം:

ഇടതുപക്ഷ പ്രവർത്തകർക്ക് തന്നോടുള്ള നീരസം മനസ്സിലാക്കിത്തന്നെയാവണം അത് പരിഹരിക്കാൻ വേണ്ടി മമ്മൂട്ടി ഇടത് യുവജന നേതാക്കളെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചത്. നമ്മളിൽ ഉണ്ടാവുന്ന അതൃപ്തിയും നമ്മൾ ഉയർത്തുന്ന ആക്ഷേപങ്ങളോടും പ്രതികരിക്കേണ്ട ഒരു ഉത്തരവാദിത്തവും ഇല്ലാതിരിക്കെ തന്നെ അതിന് മമ്മൂട്ടി തയ്യാറാവുന്നത് ഇടത് പക്ഷത്ത് നിന്ന് താൻ വെറുക്കപ്പെടരുത് എന്ന ബോധ്യം കൊണ്ട് തന്നെയാണ്.

വയനാട് വിഷയത്തിലെ തന്റെ ഭാഗത്ത് നിന്നുണ്ടായ അപക്വമായ ഇടപെടലിൽ മമ്മൂട്ടി തന്നെ ഖേദം പ്രകടിപ്പിച്ചതാണ്. നേതൃത്വം ആ വിഷയം വിശദീകരിച്ചതുമാണ്.

അസ്വസ്ഥതരാകുന്ന പാർട്ടി സഖാക്കൾ ഒന്നോർക്കുക, അസത്യങ്ങളുടെ പുതിയ കാലത്ത് മാധ്യമമേഖലയിൽ നാം പിടിച്ചു നിൽക്കുന്നത് ഒരേ ഒരു കൈരളിയിലൂടെയാണല്ലോ. കഴിഞ്ഞ എത്രയോ വർഷങ്ങളായി ഒരു രൂപ ലാഭം പോയിട്ട് പലപ്പോഴും കനത്ത നഷ്ടം സഹിച്ചും ആ മാധ്യമ സ്ഥാപനം നിലനിൽക്കുന്നത് മമ്മൂട്ടിയുടെ കൂടെ ഇടപെടലിന്റെ ഭാഗമായാണ്. വേണമെങ്കിൽ നമ്മളിൽ ചിലരുടെ അതിര് കടന്ന പ്രതികരണങ്ങൾ കണ്ടപ്പോൾ തന്നെ, (ഭരണം കൂടി മാറിയ പശ്ചാത്തലത്തിൽ) കൈരളിയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് ഇറങ്ങി ഇടത്പക്ഷത്തിനെതിരെ രണ്ട് വരി പറഞ്ഞ് വലതുപക്ഷത്തിന്റെ കയ്യടി വാങ്ങാമായിരുന്നല്ലോ. നിലവിൽ അത് നമുക്ക് ഉണ്ടാക്കുന്ന ആഘാതം ചെറുതായിരിക്കില്ലെന്ന് നമ്മളല്ലേ മനസ്സിലാക്കേണ്ടത്. നിലനിൽപ്പിന് രാഷ്ട്രീയ അഭിപ്രായങ്ങൾ വെല്ലുവിളിയാകുന്ന സിനിമ മേഖലയിൽ പ്രവർത്തിക്കുമ്പോൾ തന്നെ ഒരു ലാഭവും മോഹിക്കാതെ നീണ്ട 26 വർഷമായി നമ്മുടെ രാഷ്ട്രീയ ചാനലിന്റെ ചെയർമാൻ സ്ഥാനത്ത് നിലകൊള്ളുന്നതും അത്ര ചെറിയ കാര്യമാണെന്ന് ഇപ്പോഴും തോന്നുന്നില്ല.

ഏറ്റവും ലളിതമായി പറഞ്ഞാൽ ഒരു പാർട്ടി മെമ്പറുടെ ബോധ്യത്തോട് കൂടി മമ്മൂട്ടി നമ്മളോട് പ്രതികരിക്കണം എന്ന് ചിന്തിക്കുന്ന സങ്കുചിത ബോധം കൈവെടിയേണ്ടതാണ്.

വ്യക്തിപരമായി ആരോടൊക്കെ സൗഹൃദം കൂടണം എവിടെ പോവണം എന്നതൊക്കെ അദ്ദേഹത്തിന്റെ മാത്രം തീരുമാനമാണ്. അതിലൊക്കെ ആശങ്കപ്പെടുന്നത് ഉചിതമാവില്ല.

മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ച് പോയ നേതൃത്വമൊക്കെ പാർട്ടി കൂറില്ലാത്തവരാണെന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നതിന്റെ അപാകത അൽപ്പമെങ്കിലും തിരിച്ചറിയാൻ ശ്രമിക്കണം.

പാർട്ടി ജില്ലാ സെക്രട്ടറിയോട് ഐക്യപ്പെടുന്നത് പോലെ തന്നെ പ്രധാനമാണ് പാർട്ടി വിശദീകരണങ്ങളോട് ഐക്യപ്പെടൽ. മമ്മൂട്ടിയെ കാണാൻ പോവുന്നവരെല്ലാം സഖാവ് റഫീഖിന് എതിരല്ല…!

നേതൃത്വത്തെ ന്യായീകരിക്കുന്നവരൊക്കെ സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നവരാണെന്ന ചിന്തകൊണ്ട് എല്ലാവരെയും എല്ലായിപ്പോഴും അളക്കാൻ ദയവ് ചെയ്തു തുനിയരുത്.

ഏതെങ്കിലും മഹാനടന്റെ പ്രീതി കിട്ടാനല്ല മറിച്ച്, പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന യുവ നേതൃത്വങ്ങൾ അകാരണമായി ക്രൂശിക്കപ്പെടരുത് എന്ന ഉറച്ച ബോധ്യം പാർട്ടി ബോധമാണെന്ന തിരിച്ചറിവിൽ ഇത്രയും ഇവിടെ കുറിക്കുന്നു…

തലക്കെട്ടുകൾ നൽകുക.