“സിനിമയോളം സിനിമയെ സ്നേഹിച്ച കലാകാരൻ, നിലപാടുകൾ കൊണ്ട് അത്ഭുതപ്പെടുത്തിയ പൃഥ്വിരാജ്”

','

' ); } ?>

20 വർഷങ്ങൾക്ക് ശേഷം ഒരു നടനെന്ന നിലയിൽ താനെങ്ങനെയായിരിക്കണമെന്ന് ഒരിക്കൽ പൃഥ്വി ആഗ്രഹം പറയുകയുണ്ടായി. ‘മിനിമം മൂന്ന് ഭാഷകളിലെങ്കിലും മുൻ നിരയിലറിയപ്പെടുന്ന മലയാളി നടനായി അറിയപ്പെടണം, വളരെ സജീവമായി നല്ല സിനിമകൾ നിർമ്മിക്കുകയും നല്ല കമേർഷ്യയിൽ സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയും ചെയ്യുന്ന ഒരു ഫിലിം കമ്പനിയുടെ ഓണർ ആയിരിക്കണം. എനിക്ക് വളരെ താല്പര്യം തോന്നുന്ന പ്രമേയങ്ങൾ സിനിമാ രൂപത്തിലേക്കെത്തിക്കുന്ന സംവിധായകനായിരിക്കണം’. വർഷങ്ങൾക്കിപ്പുറം തന്റെ ആഗ്രഹങ്ങളോരോന്നും ഏറ്റവും മികച്ച രീതിയിൽ സ്വായത്തമാകുന്ന പൃഥ്വിരാജിനെ നമ്മൾ കണ്ടു. മലയാളത്തിന്റെ പൃഥ്വിരാജ് സുകുമാരന് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

മലയാള സിനിമയുടെയും ഇന്ത്യൻ സിനിമാലോകത്തിന്റെയും നെറുകയിൽ തന്റെ തന്റേടവും പ്രതിഭയും കൊണ്ട് അടയാളപ്പെടുത്തിയ പൃഥ്വിരാജ് സുകുമാരൻ എന്ന പ്രതിഭാധനനായ നടൻ മറ്റൊരു ജന്മദിനത്തിലേക്ക് കൂടി കടക്കുകയാണ്. സിനിമാപ്രേമികളെ സംബന്ധിച്ചിടത്തോളം ഈ ദിവസം കേവലം ഒരു ജന്മദിനാഘോഷം മാത്രമല്ല, മറിച്ച് മലയാള സിനിമയ്ക്ക് ഒരു പുതിയ വ്യാകരണവും ഗതിവേഗവും സമ്മാനിച്ച ധീരനായ ഒരു കലാകാരന്റെ യാത്രയുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. സംവിധായകൻ ഫാസിൽ ഒരിക്കൽ തന്റെ സിനിമയ്ക്കായി ഒരു പുതിയ മുഖം തേടിയെത്തിയപ്പോൾ, സ്ക്രീൻ ടെസ്റ്റിന് ശേഷം ആ പയ്യനോട് പറഞ്ഞത് പ്രണയ ചിത്രങ്ങളേക്കാൾ ആക്ഷൻ ചിത്രങ്ങളാണ് അവന് ചേരുക എന്നായിരുന്നു. എന്നാൽ ആ പ്രവചനങ്ങളെല്ലാം തെറ്റിച്ചുകൊണ്ട്, മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച റൊമാന്റിക് നായകനായും പിന്നീട് വെള്ളിത്തിരയെ വിസ്മയിപ്പിച്ച സർവ്വകലാശാലാ പ്രതിഭയായും അയാൾ വളർന്നു. നിലപാടുകൾ കൊണ്ടും വിട്ടവീഴ്ചയില്ലാത്ത സിനിമ തിരഞ്ഞെടുപ്പുകൾ കൊണ്ടും എന്നും വേറിട്ടുനിന്ന ആ നടൻ ഇന്ന് മലയാളത്തിനകത്തും പുറത്തും ഒരുപോലെ ആദരിക്കപ്പെടുന്ന, ഏറ്റവും വിലപ്പിടിപ്പുള്ള താരങ്ങളിൽ ഒരാളായി മാറിയിരിക്കുന്നു.

1982 ഒക്ടോബർ 16 നായിരുന്നു മലയാള സിനിമയുടെ പെരുന്തച്ചനായ സുകുമാരന്റെയും മലയാളികളുടെ പ്രിയപ്പെട്ട നടിയായ മല്ലിക സുകുമാരന്റെയും ഇളയ മകനായി പൃഥ്വിരാജിന്റെ ജനനം. കോഴിക്കോട്ടെ സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെയും ഊട്ടി ലൊറൻസ് സ്കൂളിലെയും വിദ്യാഭ്യാസത്തിന് ശേഷം ഓസ്ട്രേലിയയിൽ കമ്പ്യൂട്ടർ സയൻസ് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിനിമയിലേക്കുള്ള ആകസ്മികമായ വഴിത്തിരിവുണ്ടാകുന്നത്. പൃഥ്വി പത്താം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ സുകുമാരന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയാകെ ഉലച്ചുകളഞ്ഞു. മറ്റു കുട്ടികളെപ്പോലെ പൃഥ്വിയുടെയും ജീവിതത്തിലെ ആദ്യത്തെ സൂപ്പർഹീറോ അച്ഛൻ തന്നെയായിരുന്നു. പിൽക്കാലത്ത് അച്ഛനെക്കുറിച്ച് ഓർക്കുമ്പോൾ പൃഥ്വി പറയാറുള്ളത്, ഒരു നടൻ എന്ന നിലയിലുള്ള സുകുമാരനെക്കാൾ ഉപരിയായി അദ്ദേഹത്തിലെ വിജ്ഞാനിയെയും വായനയെയും അറിവിനെയുമാണ് താൻ കൂടുതൽ ആരാധിച്ചിരുന്നത് എന്നാണ്. ആ അറിവിന്റെയും വായനയുടെയും പാരമ്പര്യം തന്നെയാണ് പൃഥ്വിരാജിന്റെ ഓരോ നിലപാടുകളിലും പിന്നീട് പ്രതിഫലിച്ചു കണ്ടത്.

ഫാസിലിന്റെ റെക്കമെന്റേഷനിൽ സംവിധായകൻ രഞ്ജിത്ത് വിളിച്ചതനുസരിച്ചാണ് പൃഥ്വിരാജ് നന്ദനം എന്ന ചിത്രത്തിലെത്തുന്നത്. അങ്ങനെ അഭിനയലോകത്തേക്ക് അരങ്ങേറ്റം കുറിച്ചെങ്കിലും, ഇത് തന്റെ ജീവിത വഴിയാകുമെന്ന് പൃഥ്വി സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല. നന്ദനത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും തിയേറ്ററുകളിൽ ആദ്യം റിലീസ് ചെയ്തത് വിനയൻ സംവിധാനം ചെയ്ത ‘നക്ഷത്ര കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി’ എന്ന ചിത്രമായിരുന്നു. ആ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടെങ്കിലും പൃഥ്വിരാജ് എന്ന നടന്റെ ശക്തമായ തിരിച്ചുവരവിന് നന്ദനം വഴിതുറന്നു. സിനിമകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ അന്നുമുതൽ തന്നെ വളരെ വ്യക്തമായിരുന്നു. നല്ല സംവിധായകരുടെ ചിത്രങ്ങൾ വരുമ്പോൾ അത് സ്വീകരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏക ക്രൈറ്റീരിയ. ലോഹിതദാസ്, കമൽ, സത്യൻ അന്തിക്കാട്, വിനയൻ, ശ്യാമപ്രസാദ് തുടങ്ങി മലയാള സിനിമയിലെ മുൻനിര സംവിധായകർക്കൊപ്പമെല്ലാം വളരെ പെട്ടെന്ന് തന്നെ പൃഥ്വിരാജിന് പ്രവർത്തിക്കാൻ സാധിച്ചു.

മലയാള സിനിമയിൽ തുടക്കത്തിൽ തന്നെ നിരവധി ഹിറ്റുകൾ സമ്മാനിച്ച ഈ യുവതാരം തന്റെ ഇരുപത്തിനാലാമത്തെ വയസ്സിൽ തന്നെ ചരിത്രം കുറിച്ചു. 2006 ൽ ലാൽ ജോസ് സംവിധാനം ചെയ്ത് ലോഹിതദാസ് തിരക്കഥയെഴുതിയ ‘വാസ്തവം’ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് കേരള സർക്കാരിന്റെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് അദ്ദേഹം സ്വന്തമാക്കി. അതുവരെ മോഹൻലാൽ കൈവശം വെച്ചിരുന്ന, ഏറ്റവും പ്രായം കുറഞ്ഞ പ്രായത്തിൽ സംസ്ഥാന അവാർഡ് ലഭിച്ച നടനെന്ന റെക്കോർഡാണ് പൃഥ്വിരാജ് ഈ നേട്ടത്തിലൂടെ തിരുത്തിക്കുറിച്ചത്. അത് അദ്ദേഹത്തിന്റെ കരിയറിലെ വലിയൊരു നാഴികക്കല്ലായിരുന്നുവെന്ന് മാത്രമല്ല, അഭിനയത്തോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ആത്മസമർപ്പണത്തിന്റെ കൂടി തെളിവായിരുന്നു.

എന്നാൽ പ്രതിഭയുടെ തിളക്കത്തിനൊപ്പം തന്നെ ശക്തമായ നിലപാടുകളും തുറന്നുപറച്ചിലുകളും കാരണം പൃഥ്വിരാജിന്റെ കരിയറിൽ വലിയ പ്രതിസന്ധികളും വന്നുചേർന്നു. മലയാള സിനിമയിലെ സംഘടനാ വിയോജിപ്പുകളുടെയും നിർഭയമായ അഭിപ്രായപ്രകടനങ്ങളുടെയും പേരിൽ അന്നത്തെ കാലത്ത് അദ്ദേഹം കടുത്ത വിലക്കുകൾ നേരിടേണ്ടി വന്നു. സിനിമ സംഘടനകളുടെ ഇടപെടൽ മൂലം പൃഥ്വിരാജിന് പറഞ്ഞുറപ്പിച്ച മൂന്നു ചിത്രങ്ങളാണ് നഷ്ടമായത്. പ്രിയാനന്ദനൊപ്പം ചെയ്യാനിരുന്ന ‘ഒരു മന്ദാരപ്പൂ’ എന്ന ചിത്രവും ഇതിൽ ഉൾപ്പെടുന്നു. സഹതാരങ്ങൾ കൂടെ അഭിനയിക്കില്ലെന്ന് പ്രഖ്യാപിക്കുകയും നായികയാകാൻ പോലും ആരും തയ്യാറാകതിരിക്കുകയും ചെയ്ത ഒരു ഇരുണ്ട കാലഘട്ടം അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായി. മലയാള സിനിമയിൽ അവസരങ്ങൾ പൂർണ്ണമായും അടഞ്ഞുപോയ ആ സന്ദർഭത്തിൽ തളർന്നുപോകുന്നതിന് പകരം അദ്ദേഹം തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് ചുവടുറപ്പിക്കുകയാണ് ചെയ്തത്. അന്യഭാഷകളിൽ വില്ലനായും ശക്തമായ കഥാപാത്രങ്ങളായും വേഷമിട്ട അദ്ദേഹം ഭാഷകളുടെ അതിർവരമ്പുകൾ ഭേദിച്ചു മുന്നേറി. തമിഴ്നാട് സർക്കാരിന്റെ മികച്ച വില്ലനുള്ള പുരസ്കാരം സ്വന്തമാക്കാനും അദ്ദേഹത്തിന് സാധിച്ചു.

മലയാളി പ്രേക്ഷകർ ഒരിക്കലും പൃഥ്വിരാജിനെ കൈവിട്ടിരുന്നില്ല. ശക്തമായ തിരിച്ചുവരവുകളായിരുന്നു പിന്നീട് മലയാള സിനിമയിൽ അദ്ദേഹം നടത്തിയത്. രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ റുപ്പി’യിലൂടെയായിരുന്നു ആ തിരിച്ചുവരവ്. തനിക്ക് നേരിട്ട വിലക്കുകളെയും പ്രതിസന്ധികളെയും പുച്ഛിച്ചുതള്ളിക്കൊണ്ട്, അക്കാലത്ത് സിനിമയിൽ വിലക്ക് നേരിട്ടിരുന്ന മലയാളത്തിന്റെ മഹാനടൻ തിലകനെ ആ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനിപ്പിച്ചുകൊണ്ട് പൃഥ്വിരാജ് തന്റെ നിലപാടുകളുടെ മൂർച്ചയേന്തുന്ന വ്യതിചലനമില്ലാത്ത മനസ്സ് ഒരിക്കൽ കൂടി തെളിയിച്ചു. തുടർന്ന് ‘അയാളും ഞാനും തമ്മിൽ’, ‘സെല്ലുലോയ്ഡ്’ എന്നീ ചിത്രങ്ങളിലെ അവിസ്മരണീയമായ അഭിനയത്തിലൂടെ 2012 ൽ വീണ്ടും മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം അദ്ദേഹം സ്വന്തമാക്കി മലയാള സിനിമയുടെ അനിഷേധ്യ സാന്നിധ്യമായി മാറി.

മലയാള സിനിമയിൽ പരീക്ഷണാത്മക ചിത്രങ്ങളുടെ ഒരു പുതിയ തരംഗത്തിന് തന്നെ പൃഥ്വിരാജ് തുടക്കമിട്ടു. ‘മുംബൈ പോലീസ്’, ‘എന്ന് നിന്റെ മൊയ്തീൻ’, ‘ഡ്രൈവിംഗ് ലൈസൻസ്’, ‘അയ്യപ്പനും കോശിയും’, ‘ഗുരുവായൂരമ്പല നടയിൽ’, ‘രണം’, ‘പാവാട’, ‘ഗോൾഡ്’, മലയാള സിനിമാ ചരിത്രത്തെ മാറ്റിമറിച്ച ‘ആടുജീവിതം’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരുന്നു. അഭിനയത്തിനപ്പുറം നിർമ്മാണ രംഗത്തേക്കും സംവിധാന രംഗത്തേക്കും അദ്ദേഹം കടന്നുചെന്നു. സ്വന്തമായി പ്രൊഡക്ഷൻ കമ്പനി ആരംഭിച്ച് പുതുമയുള്ള പ്രമേയങ്ങളെ പ്രോത്സാഹിപ്പിച്ചു. തന്റെ എക്കാലത്തെയും വലിയ സ്വപ്നമായ സംവിധാനത്തിലേക്ക് ചുവടുവെച്ചുകൊണ്ട് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ‘ലൂസിഫർ’ എന്ന ബ്രഹ്മാണ്ഡ ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. ബോക്സ് ഓഫീസിൽ റെക്കോർഡുകൾ ഭേദിച്ച ആ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ മലയാള സിനിമയുടെ അതിർത്തികൾ കടന്ന് ആഗോളതലത്തിൽ പോലും വൻ ചർച്ചയായി മാറി.

വ്യക്തിജീവിതത്തിലും തന്റേതായ നിലപാടുകളും സ്നേഹവും കാത്തുസൂക്ഷിക്കുന്ന ആളാണ് പൃഥ്വിരാജ്. ഡൽഹിയിൽ ബിബിസി ന്യൂസ് കറസ്പോണ്ടന്റായിരുന്ന സുപ്രിയ മേനോനെ ജീവിതസഖിയാക്കിയതിനെക്കുറിച്ച് അദ്ദേഹം എപ്പോഴും സ്നേഹത്തോടെ സംസാരിക്കാറുണ്ട്. വീട്ടിലേക്കുള്ള വഴിയിൽ യാദൃശ്ചികമായി കളഞ്ഞുകിട്ടിയ മാണിക്യക്കല്ല് എന്നാണ് സുപ്രിയയെക്കുറിച്ച് പൃഥ്വി വിശേഷിപ്പിക്കുന്നത്. അവരിൽ തനിക്കേറ്റവും ഇഷ്ടം അവരുടെ സെൽഫ് റെസ്പെക്റ്റ് ആണെന്ന് യാതൊരു മടിയുംകൂടാതെ അദ്ദേഹം തുറന്നുപറയാറുണ്ട്. തങ്ങളുടെ മകൾ അലംകൃതയാണ് തങ്ങളുടെ ബോസ് എന്ന് നിഷ്കളങ്കമായി പറയുന്ന ഒരു സ്നേഹനിധിയായ അച്ഛൻ കൂടിയാണ് അദ്ദേഹം. കുടുംബവും കരിയറും ഒരുപോലെ സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.

ഏതാനും വർഷങ്ങൾക്ക് മുമ്പ് താൻ ഒരു നടനെന്ന നിലയിൽ ഭാവിയിൽ എങ്ങനെയൊക്കെയായിരിക്കണം എന്ന് ആഗ്രഹിക്കുന്നുവെന്ന് പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു. മിനിമം മൂന്ന് ഭാഷകളിലെങ്കിലും മുൻനിരയിലറിയപ്പെടുന്ന ഒരു മലയാളി നടനായിരിക്കണം, വളരെ സജീവമായി നല്ല സിനിമകൾ നിർമ്മിക്കുകയും നല്ല കൊമേഴ്സ്യൽ സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയും ചെയ്യുന്ന ഒരു ഫിലിം കമ്പനിയുടെ ഉടമയായിരിക്കണം, തനിക്ക് വളരെ താല്പര്യം തോന്നുന്ന പ്രമേയങ്ങൾ സിനിമാ രൂപത്തിലേക്ക് എത്തിക്കുന്ന ഒരു സംവിധായകനായിരിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ. ഇന്ന് വർഷങ്ങൾക്കിപ്പുറം നോക്കുമ്പോൾ ആ ആഗ്രഹങ്ങളെല്ലാം കൃത്യതയോടെയും ഏറ്റവും മികച്ച രീതിയിലും സ്വന്തമാക്കാൻ പൃഥ്വിരാജിന് സാധിച്ചിട്ടുണ്ടെന്ന് കാണാൻ കഴിയും. വർഷങ്ങളോളം നീണ്ട കഠിനാധ്വാനത്തിനൊടുവിൽ പുറത്തിറങ്ങിയ ‘ആടുജീവിതം’ എന്ന സിനിമയ്ക്ക് അർഹമായ അംഗീകാരങ്ങൾ പലയിടത്തുനിന്നും വൈകി ലഭിച്ചപ്പോഴും, പ്രേക്ഷകർ തനിക്ക് നൽകിയ സ്നേഹവും വിജയവുമാണ് ഏറ്റവും വലുതെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. മലയാള സിനിമയ്ക്ക് ലോകോത്തര നിലവാരമുള്ള സിനിമകൾ സമ്മാനിക്കാനും പാൻ-ഇന്ത്യൻ തലത്തിൽ തിളങ്ങാനും അദ്ദേഹത്തിന് സാധിച്ചു.

പരിഹാസങ്ങളുടെയും അവഗണനകളുടെയും ഒറ്റപ്പെടുത്തലുകളുടെയും കരിനിഴലിൽ നിന്ന് തന്റെ കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് മാത്രം ആരും കൊതിക്കുന്ന ഉയരങ്ങളിലേക്ക് നടന്നുകയറിയ ഒരു കലാകാരന്റെ ജീവിതം ഇന്നത്തെ യുവതലമുറയ്ക്ക് വലിയൊരു പ്രചോദനമാണ്. സിനിമയെ അത്രയധികം സ്നേഹിക്കുകയും അതിനായി തന്റെ ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത ആ നടന് ഇനിയും ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെയും വ്യത്യസ്തമായ സംവിധാന സംരംഭങ്ങളിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. നിലപാടുകളുടെ രാജകുമാരന്, സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ!

Leave a Reply

Your email address will not be published. Required fields are marked *