
കണ്ണൂർ മട്ടന്നൂർ പഴശ്ശിരാജാ എൻ.എസ്.എസ് കോളേജിൽ നടന്ന ചടങ്ങിനിടെ പ്രിൻസിപ്പലിന്റെ പ്രസംഗത്തെ വേദിയിൽ വെച്ച് പരസ്യമായി തിരുത്തി നടി നിഖില വിമൽ. ജാതിയും മതവും പോലെ രാഷ്ട്രീയവും പാടില്ലെന്ന പ്രിൻസിപ്പലിന്റെ പരാമർശത്തോടാണ് നടി വിയോജിപ്പ് പ്രകടിപ്പിച്ചത്. വിദ്യാർഥികൾക്കിടയിൽ വലിയ ചർച്ചയായ ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ കോളേജ് യൂണിയൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
കക്ഷിരാഷ്ട്രീയത്തിനപ്പുറം മനുഷ്യരുടെ ഓരോ പ്രവൃത്തിയിലും രാഷ്ട്രീയമുണ്ടെന്ന് നിഖില ചൂണ്ടിക്കാണിച്ചു. “നമുക്ക് എന്ത് വസ്ത്രം ധരിക്കണം, എന്ത് കഴിക്കണം, എങ്ങനെ സംസാരിക്കണം എന്നതിലൊക്കെ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം നമുക്ക് കൃത്യമായി ഉണ്ടായിരിക്കണം,” എന്നാണ് നടി സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കിയത്.
പ്രിൻസിപ്പലിന്റെ നിലപാടിനെ വേദിയിൽ തന്നെ ധൈര്യത്തോടെ ചോദ്യം ചെയ്ത നടിയുടെ നടപടിക്ക് വലിയ സ്വീകാര്യതയാണ് വിദ്യാർത്ഥികളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ലഭിക്കുന്നത്. “തിരുത്തേണ്ടത് ആരെയായാലും ഞങ്ങൾ തിരുത്തും” എന്ന തലക്കെട്ടോടെ പുറത്തുവന്ന വീഡിയോയ്ക്ക് താഴെ വ്യാപകമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
നിഖിലയുടെ വാക്കുകൾ;
‘‘ഇവിടെ പ്രിൻസിപ്പാൾ സംസാരിച്ച ഒരു കാര്യം ഞാൻ കോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നു. അദ്ദേഹം പറഞ്ഞു ‘ജാതി, മത, വർഗീയ , രാഷ്ട്രീയ ബോധങ്ങൾ നമുക്കുണ്ടാകരുത്’ എന്ന്. അതെല്ലാം ശരിയാണ്, ജാതി, മത വർഗീയത നമുക്ക് ഉണ്ടാകരുത്, പക്ഷേ രാഷ്ട്രീയം നമുക്ക് എല്ലാവർക്കും ഉണ്ടായിരിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. അത് കക്ഷി രാഷ്ട്രീയം അല്ല ഞാൻ പറയുന്നത്,
നിങ്ങൾക്ക് എന്ത് വസ്ത്രം ധരിക്കണം എന്നുള്ളതിന് ഒരു രാഷ്ട്രീയം ഉണ്ട്, നിങ്ങൾ എന്ത് കഴിക്കണം എന്നുള്ളതിനു ഒരു രാഷ്ട്രീയം ഉണ്ട് , നിങ്ങൾ എന്ത് സംസാരിക്കണം , നിങ്ങൾ എങ്ങനെ പ്രവർത്തിക്കണം എന്നുള്ളതിനൊക്കെ ഒരു രാഷ്ട്രീയമുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ആ രാഷ്ട്രീയം നമുക്ക് കൃത്യമായി ഉണ്ടായിരിക്കുക എന്നതാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്.”