
മോഹൻലാലിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഒരനുഗ്രഹമായി കാണുന്നുവെന്ന് നടി സോണിയ. മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ ‘തേന്മാവിന്‍ കൊമ്പത്ത് റീ റിലീസിന്റെ ഭാഗമായി ചെന്നൈയിൽ നിന്നും കേരളത്തിൽ നിന്നും എത്തിയതായിരുന്നു സോണിയ. മോഹൻലാലും ശോഭനയും നെടുമുടി വേണുവും തകർത്തഭിനയിച്ച ചിത്രത്തിൽ കുയിലി എന്ന കഥാപാത്രമായാണ് സോണിയ എത്തിയത്. താൻ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അഭിനയിച്ച ചിത്രമാണിതെന്നും സോണിയ പറഞ്ഞു.
“ലാലേട്ടൻ എല്ലാവരുടെയും പ്രിയപ്പെട്ട നടനാണ്. അതുപോലെ എനിക്കും. ചെറുപ്പം മുതലേ എന്റെ പ്രിയപ്പെട്ട നടനാണ്. എന്റെ ക്രഷ് ആണ്. അദ്ദേഹത്തിന്റെ കൂടെ എനിക്ക് അഭിനയിക്കാൻ സാധിച്ചത് വലിയൊരു അനുഗ്രഹമായി കരുതുന്നു. ഒരു പടം അത് മതി. നഞ്ച് എന്തിനാ നാനാഴി ?. ഒന്ന് മതിയല്ലോ. അത് ഞാനെന്റെ ജീവിതകാലം മുഴുവൻ ഞാൻ നെഞ്ചിലേറ്റും.
ഈ നിമിഷം 32 വർഷങ്ങൾക്ക് ശേഷം ആ പടം തിയറ്ററിൽ കാണാം. ലാലേട്ടനെ കാണാൻ പറ്റിയ ഓരോ നിമിഷവും എനിക്കോർമയുണ്ട്. അദ്ദേഹത്തിന്റെ കൂടെ നിന്ന് അഭിനയിക്കാൻ പറ്റുന്ന എല്ലാ നിമിഷവും എനിക്ക് നല്ല മുഹൂർത്തമായിരുന്നു. പിന്നെ ആ പടത്തിൽ വരാത്ത ഒരു സീനുണ്ട്.
ശ്രീനിയേട്ടൻ എന്നെ എന്തോ ചെയ്യാൻ വരുമ്പോൾ ലാലേട്ടൻ എന്നെ പിടിക്കുന്ന ഒരു സീനായിരുന്നു അത്. ഭയങ്കര കോമഡി സീനായിരുന്നു അത്. പക്ഷേ അത് എഡിറ്റിൽ പോയി. ആ സീൻ ഒരു സംഭവം ആകുമായിരുന്നു. പക്ഷേ അത് എഡിറ്റിൽ പോയി”.- സോണിയ പറഞ്ഞു.