
രണ്ടാം ഭാഗത്തിന്റെ കനത്ത പരാജയത്തിനുശേഷം ഉപേക്ഷിച്ചുവെന്ന അഭ്യൂഹങ്ങൾക്കിടെ ശങ്കർ–കമൽഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഇന്ത്യൻ 3’ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും പുതിയ പോസ്റ്ററും നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസ് പുറത്തുവിട്ടു. ‘ഇന്ത്യൻ 3: വാർ മോഡ്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ.
‘ഇന്ത്യൻ 2’ തിയേറ്ററുകളിൽ വലിയ തിരിച്ചടി നേരിട്ടതിനെത്തുടർന്ന് മൂന്നാം ഭാഗം നേരിട്ട് ഒടിടിയിലൂടെ റിലീസ് ചെയ്യുമെന്നോ ഉപേക്ഷിച്ചെന്നോ ഉള്ള റിപ്പോർട്ടുകൾ സജീവമായിരുന്നു. 300 കോടി രൂപ ബജറ്റിലൊരുങ്ങിയ രണ്ടാം ഭാഗത്തിന്റെ നഷ്ടം നികത്തുന്നതിനും ഉയർന്ന നിർമാണച്ചെലവുകളെച്ചൊല്ലി അണിയറപ്രവർത്തകർ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ബാക്കി ഭാഗങ്ങൾ പൂർത്തിയാക്കാൻ സംവിധായകൻ ശങ്കർ 50 കോടി രൂപ ആവശ്യപ്പെട്ടതും ലൈക പ്രൊഡക്ഷൻസിന് പ്രതിസന്ധിയായിരുന്നു. എന്നാൽ എല്ലാ തടസ്സങ്ങളും നീക്കി ചിത്രം തിയേറ്റർ റിലീസായി തന്നെ എത്തുമെന്നാണ് നിലവിലെ ഔദ്യോഗിക സ്ഥിരീകരണം.
‘ഇന്ത്യൻ 2’ റിലീസിന് ശേഷം മൂന്ന് വർഷത്തിലേറെയായി എഡിറ്റ് സ്യൂട്ടിലായിരുന്ന ചിത്രം, രണ്ടാം ഭാഗത്തിന്റെ അവസാനത്തിൽ ടീസർ ഉൾപ്പെടുത്തിയാണ് ശ്രദ്ധ നേടിയത്.
സ്വാതന്ത്ര്യസമര കാലഘട്ടത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന ‘ഇന്ത്യൻ 3’ സേനാപതി എന്ന കഥാപാത്രത്തിന്റെ പ്രീക്വൽ കൂടിയാണ്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലം പറയുന്ന ചിത്രത്തിൽ നാല്പതുകാരനായ കമൽഹാസനും വീരശേഖരൻ എന്ന കഥാപാത്രവുമാണ് എത്തിയത്. ആദ്യ ഭാഗത്തിൽ സുകന്യ അവതരിപ്പിച്ച അമൃതവല്ലി എന്ന കഥാപാത്രത്തെ മൂന്നാം ഭാഗത്തിൽ കാജൽ അഗർവാളാണ് അവതരിപ്പിക്കുന്നത്. രണ്ടാം ഭാഗത്തിലെ മേക്കപ്പും പുതുമയില്ലായ്മയും വ്യാപക വിമർശനങ്ങൾക്ക് കാരണമായിരുന്നെങ്കിലും, ഇന്ത്യൻ 2 നേക്കാൾ താൻ മൂന്നാം ഭാഗത്തിനായാണ് കാത്തിരിക്കുന്നതെന്നാണ് കമൽഹാസൻ വ്യക്തമാക്കിയിട്ടുള്ളത്. മുൻഭാഗത്തെ പോരായ്മകളെല്ലാം പരിഹരിച്ചാകും ശങ്കർ ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.