
നടന്‍ ആസിഫ് അലിയുടെ കരിയറിലെയും വ്യക്തിജീവിതത്തിലെയും വിശേഷങ്ങള്‍ എപ്പോഴും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും സിനിമാജീവിതം വ്യക്തിജീവിതത്തെ സ്വാധീനിച്ചതിനെക്കുറിച്ചും താരം തുറന്നുപറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍ വീണ്ടും വൈറലാകുകയാണ്.
സിനിമാമേഖലയില്‍ നിന്നൊരാളെ വിവാഹം കഴിക്കുമോ എന്ന കാര്യത്തില്‍ തന്റെ വീട്ടുകാര്‍ക്ക് കടുത്ത ആശങ്കയുണ്ടായിരുന്നുവെന്ന് ആസിഫ് അലി പറയുന്നു. ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ നായിക മംമ്ത മോഹന്‍ദാസിന്റെ കവിളില്‍ ചുംബിക്കുന്ന ഷോട്ട് വന്നപ്പോള്‍, അത് ഗ്രാഫിക്സ് ആണോ എന്ന് സംശയിച്ച നാട്ടുകാരുടെ അനുഭവവും താരം പങ്കുവെച്ചു. നായകന്മാരെയും നായികമാരെയും കുറിച്ച് ഇത്തരം ഗോസിപ്പുകള്‍ സ്വാഭാവികമാണെന്നും ആ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് താന്‍ സമയെ കണ്ടെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
തന്റെ ഇരുപത്തിയേഴാം വയസ്സിലാണ് വിവാഹം കഴിക്കുന്നത്. ആ വിവാഹം നടന്നിരുന്നില്ലെങ്കില്‍ താനിപ്പോഴും മലയാള സിനിമാലോകത്തെ ഏറ്റവും കുപ്രസിദ്ധനായ ബാച്ചിലര്‍ ആയി തുടര്‍ന്നേനെ എന്നാണ് താരം തമാശരൂപേണ പറയുന്നത്. ജീവിതത്തില്‍ ദൈവത്തിന്റെ ഒരു കൃത്യമായ തിരക്കഥയുണ്ടെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.
ജീവിതവീക്ഷണവും യാത്രാശീലങ്ങളും മാറ്റിയെഴുതിയത് ഭാര്യ സമയാണെന്നും താരം പറയുന്നു. എവിടെയാണെന്നതിനേക്കാള്‍ ആരുടെ കൂടെയാണെന്നതാണ് സന്തോഷമെന്ന് കരുതിയിരുന്ന തനിക്ക്, സമയുടെ നിര്‍ബന്ധം കാരണമാണ് യാത്രകളില്‍ താല്‍പ്പര്യമുണ്ടാകുന്നത്. യാത്രകള്‍ അധികച്ചെലവാണെന്ന് ചിന്തിച്ചിരുന്ന ശരാശരി മലയാളി യുവാവില്‍ നിന്നും തന്നെ മാറ്റിയെടുത്തത് സമയാണെന്നും ആ ജീവിതയാഥാര്‍ത്ഥ്യം തന്റെ കരിയറിലും വ്യക്തിജീവിതത്തിലും വലിയ മാറ്റങ്ങളാണ് വരുത്തിയതെന്നും ആസിഫ് അലി വെളിപ്പെടുത്തി.
ആസിഫ് അലിയുടെ വാക്കുകൾ;
”ഞാന്‍ ഏതെങ്കിലും സിനിമാ നടിയെ കല്യാണം കഴിച്ചു കൊണ്ടു വരുമോ എന്ന് വീട്ടിലെ എല്ലാവര്‍ക്കും പേടിയുണ്ടായിരുന്നു. എനിക്ക് അങ്ങനൊന്നുമുണ്ടായിരുന്നില്ല. വീട്ടുകാര്‍ക്കാണ്. എന്റെ സഹതാരങ്ങളെ മോശമായി കാണുന്ന ആളല്ല ഞാന്‍. എല്ലാവരും എന്റെ നല്ല സുഹൃത്തുക്കളാണ്. കഥ തുടരുന്നു എന്ന സിനിമയിലെ ആദ്യത്തെ പാട്ട് റിലീസായപ്പോള്‍ ഞാന്‍ മംമ്തയുടെ കവിളില്‍ ഉമ്മ വെക്കുന്ന ഷോട്ടുണ്ട്. എന്റെ വീടിന്റെ അടുത്തുള്ള രണ്ടുപേര്‍ പറയുന്നത് ഇത് ശരിക്കും ഉമ്മ വെക്കുന്നതല്ല, ഫിലിം അടുപ്പിക്കുന്നതാണെന്നാണ്. ഇങ്ങനെയുള്ള സംസാരങ്ങളൊക്കെ എപ്പോഴും നായികയേയും നായകനേയും പറ്റി ഉണ്ടാകുമല്ലോ.
അങ്ങനൊരു ഭയത്തിലിരിക്കുമ്പോഴാണ് ഞങ്ങള്‍ കാണുന്നതും വീട്ടില്‍ പറയുന്നതും. പെട്ടെന്നു തന്നെ കല്യാണത്തിലേക്ക് എത്തി. 27-ാമത്തെ വയസിലാണ് അത് സംഭവിക്കുന്നത്. ജീവിതത്തില്‍ ദൈവത്തിന്റെ തിരക്കഥയുണ്ട്. അതിലാണ് സംഭവിക്കുന്നത്. ഒരുപക്ഷെ അത് സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇപ്പോഴും മലയാളത്തിലെ ഏറ്റവും നൊട്ടോറിയസ് ബാച്ചിലര്‍ ആയി തുടര്‍ന്നേനെ.
എന്റെ സര്‍ക്കീട്ടുകളുടെ ഐഡിയോളജി മാറ്റിയ ആളാണ് സമ. എവിടെ ആണെന്നതല്ല ആരുടെ കൂടെ ആണെന്നതാണ് ഫണ്‍ എന്ന് വിശ്വസിച്ചിരുന്ന ആളായിരുന്നു ഞാന്‍. യാത്രകള്‍ അധിക ചെലവല്ലേ എന്ന് ചോദിക്കുന്ന ശരാശരി മലയാളി യുവാവ് ആയിരുന്നു ഞാന്‍. എന്തിനാണ് യാത്രകള്‍ ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. സമയുടെ നിര്‍ബന്ധ പ്രകാരമാണ് ഞാന്‍ യാത്രകള്‍ ചെയ്ത് തുടങ്ങുന്നത്. അത് ജീവിതത്തില്‍ ഒരുപാട് കാര്യങ്ങളെ മാറ്റിയെഴുതി.”