വെള്ളിത്തിരയിലെ താരത്തിളക്കം മുതൽ സംരംഭകയുടെ തിളക്കം വരെ: നമിത പ്രമോദ്

','

' ); } ?>

2012 ൽ “പുതിയ തീരങ്ങൾ” എന്ന ചിത്രത്തിലൂടെ നിവിൻ പോളിയുടെ നായികയായി മലയാള സിനിമയിലേക്ക് ഒരു പതിനാറുകാരി നായികയായി അരങ്ങേറ്റം കുറിച്ചു. പിന്നീടങ്ങോട്ട് മലയാളത്തിന്റെ യൂത്തൻ നായകന്മാരുടെയൊക്കെ നായികയായി കൈ നിറയെ ചിത്രങ്ങൾ. തന്റെ ശബ്ദ പ്രാവീണ്യം കൊണ്ടും, അഭിനയ നൈത്ര്യം കൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട നായികമാരിലേക്ക് ചേർത്തു നിർത്തപ്പെട്ട നമിത പ്രമോദ്. “പുതിയ തീരങ്ങൾ” മുതൽ “മച്ചാന്റെ മാലാഖ” വരെ നമിത നൽകിയ സംഭാവനകൾ മികച്ചതാണ്. ലഭിക്കുന്ന വേഷത്തിന്റെ കനത്തിലേക്ക് കഥാപാത്രത്തിന്റെ സ്വാഭാവികതയോളം ചേർന്ന് നിൽക്കാൻ നമിത എന്നും ശ്രദ്ദിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ ഒരു സ്വയം സംരംഭക കൂടിയാണ് താരം. മലയാളത്തിന്റെ യുവ നായിക നമിത പ്രമോദിന് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

മലയാള സിനിമയിലെ ഓമനത്തമുള്ള പുഞ്ചിരിയും മികച്ച അഭിനയമികവും കൊണ്ട് പ്രേക്ഷകരുടെ മനംകവർന്ന പ്രിയതാരം നമിത പ്രമോദ് ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ബാലതാരമായി എത്തി, മലയാളത്തിന്റെ യുവനിരയിലെ മുൻനിര നായികയായി വളർന്ന നമിതയുടെ സിനിമാജീവിതവും വ്യക്തിജീവിതവും ഒരുപോലെ തിളക്കമാർന്നതാണ്. 1996 സെപ്റ്റംബർ 19-ന് കോട്ടയത്താണ് നമിത ജനിച്ചത്. ബിസിനസുകാരനായ പ്രമോദിന്റെയും ഇന്ദുവിന്റെയും മൂത്ത മകളായ നമിതയ്ക്ക് അഖിത എന്നൊരു സഹോദരിയുമുണ്ട്. തിരുവനന്തപുരത്തെ കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം, കൊച്ചി സെന്റ് തെരേസാസ് കോളേജിൽ നിന്ന് സോഷ്യോളജിയിൽ ബാച്ചിലർ ഓഫ് ആർട്സ് ബിരുദം കരസ്ഥമാക്കുകയുണ്ടായി. സിനിമാജീവിതം അതിന്റെ ഉച്ചസ്ഥായിൽ നിൽക്കുമ്പോഴും വിദ്യാഭ്യാസത്തിന് തുല്യ പ്രാധാന്യം നൽകിയ താരം, പഠനവും അഭിനയവും ഒരുപോലെ കൊണ്ടുപോയി മാതൃകയായി.

വളരെ ചെറുപ്പകാലത്ത് തന്നെ കലാജീവിതത്തിലേക്ക് ചുവടുവെച്ച നമിത, ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ മിനിസ്ക്രീനിലെ സാന്നിധ്യമായി മാറി. ‘വേളാങ്കണ്ണി മാതാവ്’, ‘അമ്മേ ദേവി’, ‘എന്റെ മാനസ പുത്രി’ തുടങ്ങിയ ജനപ്രിയ സീരിയലുകളിലും ടെലിഫിലിമുകളിലും വേഷമിട്ടുകൊണ്ടാണ് താരം അഭിനയത്തോട് താല്പര്യം പ്രകടിപ്പിച്ചത്. തുടർന്ന് 2011-ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത നിരൂപക പ്രശംസ നേടിയ ‘ട്രാഫിക്’ എന്ന ചിത്രത്തിലൂടെ ചലച്ചിത്രമേഖലയിലേക്ക് കാൽവെച്ചു.

ആ ചിത്രത്തിൽ ചെറിയൊരു വേഷമായിരുന്നുവെങ്കിലും നമിതയുടെ സാന്നിധ്യം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാൽ മലയാള സിനിമയിൽ ഒരു യുവ നായികയായി നമിതയെ സമൂഹം ഏറ്റെടുത്തത് 2012-ൽ പുറത്തിറങ്ങിയ ‘പുതിയ തീരങ്ങൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു. നിവിൻ പോളിയുടെ നായികയായി പതിനാറാം വയസ്സിൽ വെള്ളിത്തിരയിലെത്തിയ നമിത, തന്നിൽ നിക്ഷിപ്തമായ കഥാപാത്രത്തെ വളരെ മനോഹരമായി അവതരിപ്പിച്ചു. ആ സിനിമ നൽകിയ വിജയം നമിതയ്ക്ക് മലയാള സിനിമാലോകത്ത് സ്ഥിരപ്രതിഷ്ഠ നേടിക്കൊടുക്കുകയും കൈനിറയെ ചിത്രങ്ങൾ സമ്മാനിക്കുകയും ചെയ്തു.

പിന്നീടുള്ള വർഷങ്ങൾ നമിതയുടെ കരിയറിലെ സുവർണ്ണകാലഘട്ടമായിരുന്നു. 2013-ൽ ദിലീപിനൊപ്പം അഭിനയിച്ച ‘സൗണ്ട് തോമ’ എന്ന ചിത്രം കുടുംബസദസ്സുകൾ ഇരു കൈയും നീട്ടി സ്വീകരിച്ചു. അതേ വർഷം തന്നെ കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ച ‘പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’ എന്ന ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ ചിത്രത്തിൽ ഒരു മോഹിനിയാട്ട നർത്തകിയുടെ വേഷമായിരുന്നു നമിതയ്ക്ക് ചെയ്യേണ്ടിയിരുന്നത്. യാതൊരു മുൻകാല പരിശീലനവുമില്ലാതെ വെറും നാല് ദിവസത്തെ പരിശീലനം കൊണ്ട് ആ നൃത്തരംഗങ്ങളും കഥാപാത്രവും നമിത അവിസ്മരണീയമാക്കി.

2014-ൽ ദുൽഖർ സൽമാനും ഉണ്ണി മുകുന്ദനുമൊപ്പം അഭിനയിച്ച ‘വിക്രമാദിത്യൻ’ എന്ന ചിത്രത്തിൽ കൊങ്കണി ഭാഷ സംസാരിക്കുന്ന ദീപിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കയ്യടി നേടി. അതേ വർഷം തന്നെ വീണ്ടും ദിലീപിനൊപ്പം ‘വില്ലാളി വീരൻ’ എന്ന ചിത്രത്തിലും നായികയായി അഭിനയിച്ചു.

സിനിമകളിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ നമിത എപ്പോഴും പ്രത്യേകം ശ്രദ്ധ പുലർത്തിയിട്ടുണ്ട്. 2015 നമിതയുടെ കരിയറിൽ നിരവധി വിജയങ്ങൾ സമ്മാനിച്ച വർഷമായിരുന്നു. ദിലീപ് ചിത്രമായ ‘ചന്ദ്രേട്ടൻ എവിടെയാ’ എന്ന ചിത്രത്തിൽ ഡോക്ടർ ഗീതാഞ്ജലി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നമിതയ്ക്ക് മികച്ച സഹനടിക്കുള്ള ഫിലിംഫെയർ നാമനിർദ്ദേശം ലഭിക്കുകയുണ്ടായി. പൃഥ്വിരാജിനൊപ്പം ‘അമർ അക്ബർ ആന്റണി’, ധ്യാനിനൊപ്പം ‘അടി കപ്യാരെ കൂട്ടമണി’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലും നമിത തിളങ്ങി. തുടർന്ന് 2018-ൽ വീണ്ടും ദിലീപിനൊപ്പം ചരിത്രവും ഭാവനയും ഇടകലർത്തിയ ‘കമ്മാരസംഭവം’ എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് ‘അൽ മല്ലു’, ‘ഈഷോ’ തുടങ്ങിയ ചിത്രങ്ങളിലും നായികയായി നമിത തന്റെ സാന്നിധ്യം അറിയിച്ചു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നമിത തന്റെ ഭാഗ്യം പരീക്ഷിച്ചു. ‘എൻ കാതൽ പുധിതു’, ‘നിമിർ’, ‘ചുട്ടലബ്ബായി’, ‘കഥലോ രാജകുമാരി’ തുടങ്ങിയ ഇതരഭാഷാ ചിത്രങ്ങളിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.

സിനിമയിലെത്തി ചുരുങ്ങിയ കാലംകൊണ്ട് തന്നെ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നമിതയെ തേടിയെത്തിയിട്ടുണ്ട്. 2013-ൽ ‘പുതിയ തീരങ്ങൾ’ എന്ന ചിത്രത്തിലെ അഭിനയത്തിന് അമൃത ഫിലിം അവാർഡിന്റെ ആ വർഷത്തെ പുതുമുഖ നായികയ്ക്കുള്ള പുരസ്കാരം ലഭിച്ചു. 2014-ൽ ‘പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’ എന്ന ചിത്രത്തിലൂടെ ഏഷ്യാനെറ്റ് ഫിലിം അവാർഡിലെ ജനപ്രിയ നടിയായി തിരഞ്ഞെടുക്കപ്പെട്ടു. 2015-ൽ ‘ഓർമ്മയുണ്ടോ ഈ മുഖം’, ‘വിക്രമാദിത്യൻ’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് വനിത ഫിലിം അവാർഡുകളിൽ മികച്ച താരജോഡിക്കുള്ള പുരസ്കാരം നേടി. 2016-ൽ ‘ചന്ദ്രേട്ടൻ എവിടെയാ’ എന്ന ചിത്രത്തിന് ഫിലിംഫെയറിന്റെ മികച്ച സഹനടിക്കുള്ള നാമനിർദ്ദേശം ലഭിക്കുകയും, ‘അമർ അക്ബർ ആന്റണി’ എന്ന ചിത്രത്തിലൂടെ ഏറ്റവും ജനപ്രിയ നടിക്കുള്ള വനിത ഫിലിം അവാർഡിന് അർഹയാവുകയും ചെയ്തു.

അഭിനയത്തിന് പുറമെ പരസ്യലോകത്തും നമിത സജീവമാണ്. ഭീമ ജ്വല്ലേഴ്സ്, ഫ്രാൻസിസ് ആലുക്കാസ്, റിപ്പിൾ ടീ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങളിലെല്ലാം നമിതയുടെ മുഖം ജനകീയമായി മാറി. കൂടാതെ ടെലിവിഷൻ റിയാലിറ്റി ഷോകളിലും അവതാരകയായും അതിഥിയായും നമിത തിളങ്ങിയിട്ടുണ്ട്. ജനപ്രിയ ഗെയിം ഷോയായ “നിങ്ങൾക്കും ആകാം കോടീശ്വരൻ” പോലുള്ള പരിപാടികളിൽ അതിഥിയായി എത്തിയ താരത്തിന്റെ ലളിതമായ പെരുമാറ്റം പ്രേക്ഷകരുടെ സ്നേഹം ഇരട്ടിയാക്കി.

അഭിനയത്തിന് അപ്പുറത്തേക്ക് തന്റേതായ പുതിയ മേഖലകൾ കണ്ടെത്താനും നമിത പ്രമോദ് സമയം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2023-ൽ കൊച്ചിയിലെ പനമ്പിള്ളി നഗരത്തിൽ “സമ്മർ ടൗൺ കഫേ” എന്ന പേരിൽ ഒരു വിന്റേജ് കഫേ ആരംഭിച്ചുകൊണ്ട് താരം ഒരു സ്വയം സംരംഭക കൂടിയായി മാറി. അഭിനയത്തോടുള്ള അഭിനിവേശം ഒട്ടും കുറയാതെ തന്നെ വ്യവസായ രംഗത്തും തന്റെ സാന്നിധ്യം അറിയിക്കാൻ നമിതയ്ക്ക് കഴിഞ്ഞിരിക്കുന്നു. മറ്റുള്ള യുവ നടിമാരിൽ നിന്ന് നമിതയെ വ്യത്യസ്തയാക്കുന്നത് ഈ സമതുലിതാവസ്ഥയാണ്. വിദ്യാഭ്യാസത്തോടുള്ള ആദരവും സിനിമാരംഗത്തെ കഠിനാധ്വാനവും വ്യക്തിജീവിതത്തിലെ ലാളിത്യവും നമിതയെ ഇന്നത്തെ യുവതലമുറയ്ക്ക് പ്രിയപ്പെട്ട ഒരു റോൾ മോഡലാക്കി മാറ്റുന്നു. സ്ക്രീനിൽ നാം കാണുന്ന ഊർജ്ജസ്വലരായ കഥാപാത്രങ്ങളെ പോലെ ജീവിതത്തിലും ആത്മവിശ്വാസവും പുതുമയും കൈമുതലാക്കിയാണ് ഈ താരം മുന്നേറുന്നത്. പതിനഞ്ചിലധികം വർഷങ്ങളായി മലയാള സിനിമയിൽ സജീവമായി തുടരുന്ന നമിത പ്രമോദിന് സിനിമാലോകത്ത് ഇനിയും നിരവധി മികച്ച കഥാപാത്രങ്ങളെ നൽകാനുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട ഈ നായികയ്ക്ക് കൂടുതൽ ഉയരങ്ങൾ കീഴടക്കാനും സന്തോഷം നിറഞ്ഞ ജീവിതം നയിക്കാനും സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു.