
ഇന്ത്യൻ സംഗീത ലോകത്തെ, വിശിഷ്യാ രബീന്ദ്രസംഗീതത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രമുഖയായ പ്രതിഭകളിൽ ഒരാളാണ് സുചിത്ര മിത്ര. ബംഗാളി സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും ആത്മാവറിഞ്ഞ് അതിനെ ലോകമെമ്പാടും എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഈ ഇതിഹാസ ഗായികയുടെ ജന്മദിനം സംഗീതാസ്വാദകർക്ക് എക്കാലത്തും ഒരു വലിയ ആഘോഷമാണ്. ലളിതമായ ആലാപന ശൈലികൊണ്ടും വരികളിലെ അർത്ഥവത്തായ ഭാവങ്ങൾ കൊണ്ടും ബംഗാളി ഗാനാവതരണത്തിന് പുതിയൊരു ദിശാബോധം നൽകിയ സുചിത്ര മിത്ര. പ്രിയപ്പെട്ട ഗായികയ്ക്ക് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
1924 സെപ്റ്റംബർ 19-നാണ് സുചിത്ര മിത്ര ജനിച്ചത്. അവരുടെ ജനനം തന്നെ കൗതുകം നിറഞ്ഞ ഒരു യാദൃശ്ചികതയായിരുന്നു. ബിഹാറിലെ ഗുജാൻഡി റെയിൽവേ സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന ഒരു ട്രെയിനിലെ യാത്രാവേളയിലാണ് അവർ ജനിച്ചത്. ഈ യാദൃശ്ചികത അവരുടെ ജീവിതത്തിലെ നിരന്തരമായ സഞ്ചാരത്തിന്റെയും ഊർജ്ജസ്വലതയുടെയും പ്രതീകമായി പിന്നീട് മാറുകയായിരുന്നു. പ്രശസ്ത സാഹിത്യകാരനും രബീന്ദ്രനാഥ ടാഗോറിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളുമായിരുന്നു സുചിത്ര മിത്രയുടെ പിതാവ് സൗരീന്ദ്രമോഹൻ മുഖർജി. സാഹിത്യപരവും സാംസ്കാരികവുമായ ഒരു കുടുംബ പശ്ചാത്തലത്തിൽ വളരാൻ കഴിഞ്ഞത് സുചിത്ര മിത്രയുടെ സംഗീത ജീവിതത്തിന് മുതൽക്കൂട്ടായി മാറി. കുട്ടിക്കാലം മുതൽക്കേ ടാഗോറിന്റെ കവിതകളോടും ഗാനങ്ങളോടും അവർക്ക് പ്രത്യേകമായൊരു ആത്മബന്ധമുണ്ടായിരുന്നു. പ്രശസ്ത സംഗീതജ്ഞനായ പങ്കജ് മല്ലിക്കാണു സുചിത്ര മിത്രയിലെ ഗായികയെ ആദ്യം തിരിച്ചറിയുന്നതും അവർക്ക് രബീന്ദ്രസംഗീതത്തിൽ ആദ്യമായി ഔദ്യോഗിക പാഠങ്ങൾ പകർന്നുനൽകുന്നതും.
തുടർന്ന് ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിലും കൽക്കട്ട സ്കോട്ടിഷ് ചർച്ച് കോളേജിലുമായി ഉപരിപടനം പൂർത്തിയാക്കിയ അവർ, ടാഗോർ ഗാനങ്ങളുടെ ആലാപന ശൈലിയെ പൂർണ്ണതയിലെത്തിക്കുകയായിരുന്നു. ടാഗോറിന്റെ ഗാനങ്ങൾ കേവലം ഈണത്തിൽ ഒതുങ്ങുന്നതല്ലെന്നും മറിച്ച് അവ മനുഷ്യന്റെ വികാരങ്ങളുടെയും സാമൂഹിക മുന്നേറ്റങ്ങളുടെയും കൂടി ഭാഗമാണെന്ന് അവർ വിശ്വസിച്ചു. ശാന്തിനികേതനിലെ പഠനത്തിന് ശേഷം കൽക്കട്ടയിൽ തിരിച്ചെത്തിയ സുചിത്ര മിത്ര, ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷനുമായി ബന്ധപ്പെട്ട് സജീവമായി പ്രവർത്തിച്ചു. കലയും രാഷ്ട്രീയവും ജനക്ഷേമവും ഒരേ പാതയിലൂടെ സഞ്ചരിക്കണമെന്ന് വിശ്വസിച്ച ഒരു കാലഘട്ടത്തിൽ, ജനങ്ങളുടെ ശബ്ദമായി മാറാൻ അവർ തന്റെ സംഗീതത്തെ ഉപയോഗിച്ചു. 1940-കളിലെ വിവിധ സാമൂഹിക പ്രതിസന്ധികൾക്കിടയിലും കലാപരമായ പോരാട്ടങ്ങൾക്കിടയിലും സുചിത്ര മിത്ര മുന്നിൽ നിന്നു. 1946-ലെ വർഗീയ കലാപകാലത്ത് ജനങ്ങൾ പരിഭ്രാന്തരായി നിന്ന വേളയിൽ ട്രെയിനിന്റെയും ലോറികളുടെയും മുകളിൽ കയറി നിന്ന് ‘സാർത്ഥക് ജനം ആമാർ ജന്മേച്ചി ഈ ദേശെ’ എന്ന ഗാനം അവർ ആലപിച്ചത് ബംഗാളിന്റെ സാംസ്കാരിക ചരിത്രത്തിലെ തിളക്കമാർന്ന ഏടുകളിൽ ഒന്നാണ്. പോലീസിന്റെ ലാത്തിച്ചാർജുകളെയും കണ്ണീർവാതക പ്രയോഗങ്ങളെയും ഭയപ്പെടാതെ, ജനങ്ങളുടെ ഇടയിൽ സംഗീതവുമായി അവർ സഞ്ചരിച്ചു. റേഡിയോ പ്രക്ഷേപണങ്ങളിൽ പോലും ചിലപ്പോഴൊക്കെ വിലക്കുകൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും തന്റെ നിലപാടുകളിൽ നിന്നോ സംഗീതത്തിൽ നിന്നോ പിന്നോട്ട് പോകാൻ ആ വലിയ കലാകാരി തയ്യാറായില്ല.
പിന്നീട് തന്റെ ജീവിതം പൂർണ്ണമായും രബീന്ദ്രസംഗീതത്തിന്റെ പ്രചാരണത്തിനും പഠനത്തിനുമായി അവർ മാറ്റിവെച്ചു. രബീന്ദ്രഭാരതി സർവകലാശാലയിലെ രബീന്ദ്രസംഗീത വിഭാഗം മേധാവിയായും പ്രൊഫസറായും അവർ ദീർഘകാലം സേവനം അനുഷ്ഠിച്ചു. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് അവർ ടാഗോർ ഗാനങ്ങളുടെ ശരിയായ ഉച്ചാരണവും ഭാവവും പകർന്നുനൽകിയത്. ഒരു അദ്ധ്യാപിക എന്ന നിലയിലും ഗായിക എന്ന നിലയിലും അവർ നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. ബംഗാളി ചലച്ചിത്രങ്ങളിൽ പിന്നണി ഗായികയായും ചില ചിത്രങ്ങളിൽ അഭിനയിച്ചും അവർ കഴിവ് തെളിയിച്ചിട്ടുണ്ട്. അവരുടെ ശബ്ദത്തിൽ പുറത്തിറങ്ങിയ ഓരോ ഗാനവും ഇന്നും സംഗീതാസ്വാദകരുടെ പ്ലേലിസ്റ്റുകളിലെ വിലമതിക്കാനാവാത്ത സമ്പത്താണ്. ‘ഏക മോർ ഗാനർ താരി’, ‘ജോടി ‘ആമാർ മുക്തി’ തുടങ്ങിയ നിരവധി ഗാനങ്ങൾ അവരുടെ ആലാപനമികവിലൂടെ അമരത്വം നേടി.
കലാപരമായ ഈ വലിയ നേട്ടങ്ങളെ മുൻനിർത്തി രാജ്യം സുചിത്ര മിത്രയെ തേടി നിരവധി പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. 1973-ൽ ഇന്ത്യയിലെ നാലാമത്തെ ഉയർന്ന ബഹുമതിയായ പത്മശ്രീ നൽകി രാജ്യം അവളെ ആദരിച്ചു. തുടർന്ന് 1986-ൽ സംഗീത നാടക അക്കാദമി പുരസ്കാരവും അവരെ തേടിയെത്തി. ഇതുകൂടാതെ വിശ്വഭാരതി സർവകലാശാലയുടെ ‘ദേശികോത്തമം’ ബഹുമതിയും വിവിധ സർവകലാശാലകളുടെ ഡി.ലിറ്റ് ബിരുദങ്ങളും അവരുടെ കലാജീവിതത്തിന് ലഭിച്ച അംഗീകാരങ്ങളാണ്. സംഗീതത്തിന് പുറമെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ സജീവ ഇടപെടലുകളുടെ ഭാഗമായി 2001-ൽ കൊൽക്കത്തയുടെ ആദ്യ വനിതാ ഷെരീഫ് പദവിയും സുചിത്ര മിത്ര അലങ്കരിച്ചിട്ടുണ്ട്. തന്റെ ജീവിതകാലം മുഴുവൻ ബംഗാളി സംസ്കാരത്തിന്റെയും രബീന്ദ്രസംഗീതത്തിന്റെയും ഉന്നതിക്കായി ജീവിച്ച അവർ, വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 2011 ജനുവരി 3-നാണ് ഈ ലോകത്തോട് വിടപറഞ്ഞത്.
സുചിത്ര മിത്രയുടെ ജന്മദിനം കടന്നുപോകുമ്പോൾ, അതൊരു വ്യക്തിയുടെ ഓർമ്മ പുതുക്കൽ മാത്രമല്ല, മറിച്ച് മൂല്യവത്തായ ഒരു സംഗീത പാരമ്പര്യത്തെയും പ്രതിരോധത്തിന്റെ രാഷ്ട്രീയത്തെയും ഓർമ്മിക്കൽ കൂടിയാണ്. പ്രകൃതി കനിഞ്ഞുനൽകിയ ശബ്ദമാധുര്യവും അതിലുപരി കഠിനാധ്വാനവും കൊണ്ട് സംഗീതലോകത്തെ വിസ്മയിപ്പിച്ച അവർ, ഇന്നും ഓരോ ഗായകനും സംഗീതാസ്വാദകനും ഒരുപോലെ പ്രചോദനമാണ്. പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ, കലയെ ജനങ്ങളുടെ നന്മയ്ക്കായി ഉപയോഗിക്കാമെന്ന് തെളിയിച്ച സുചിത്ര മിത്രയുടെ പാത വരുംതലമുറകൾക്കും എക്കാലത്തും വെളിച്ചമേകുന്ന ഒന്നായിരിക്കും. സംഗീതം കൊണ്ട് മനുഷ്യഹൃദയങ്ങളെ ഒന്നിപ്പിക്കാൻ കഴിയുമെന്ന് ജീവിതം കൊണ്ട് കാണിച്ചുതന്ന ആ വന്ദ്യവര്യയുടെ ജന്മദിനത്തിൽ മലയാളത്തിന്റെയും സംഗീതത്തിന്റെയും ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഉള്ള സ്മരണാഞ്ജലികൾ അർപ്പിക്കുന്നു.