
ജന്മദിനാശംസകൾക്ക് സാമൂഹികമാധ്യമങ്ങളിലൂടെ നന്ദി അറിയിച്ച് നടൻ മമ്മൂട്ടി. ആരാധകരുടെ ഉപാധികളില്ലാത്ത സ്‌നേഹവും പിന്തുണയുമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് മമ്മൂട്ടി കുറിച്ചു. മമ്മൂട്ടിയുടെ 75-ാം പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം.
‘നിങ്ങളുടെ മനോഹരമായ ജന്മദിനാശംസകളെല്ലാം വായിച്ചറിഞ്ഞ് ഹൃദയം നിറഞ്ഞു, ഹൃദയംഗമമായ നന്ദി പറയുന്നു. വർഷങ്ങളായി നിങ്ങളുടെ ഉപാധികളില്ലാത്ത സ്‌നേഹവും പിന്തുണയുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. നിങ്ങളിൽ ഓരോരുത്തർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.’ മമ്മൂട്ടി കുറിച്ചു.
മോഹൻലാൽ ഉൾപ്പെടെയുള്ളവർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായെത്തിയിരുന്നു. കൂടാതെ സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ ലോകത്തെ പ്രമുഖർ മമ്മൂട്ടിക്ക് ആശംസ അറിയിച്ചു.
1998-ൽ പദ്മശ്രീ പുരസ്‌കാരത്തിന് അർഹനായ മമ്മൂട്ടിയെ, 75-ാം പിറന്നാൾ വർഷത്തിൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു. മികച്ച നടനുള്ള നാല് ദേശീയ അവാർഡുകൾ, മികച്ച നടൻ- മികച്ച രണ്ടാമത്തെ നടൻ- പ്രത്യേക പരാമർശം ഉൾപ്പെടെ ഒൻപതു സംസ്ഥാന പുരസ്‌കാരങ്ങൾ എന്നിവയ്ക്കും അർഹനായി. കേരള, കാലിക്കറ്റ്, എം.ജി. യൂണിവേഴ്‌സിറ്റികൾ ഡി.ലിറ്റ് നൽകി ആദരിച്ചു. കേരളാ സർക്കാരിന്റെ ഏറ്റവും ഉയർന്ന ബഹുമതിയായ കേരള പ്രഭ പുരസ്‌കാരത്തിനും അർഹനായി.