
‘ദൃശ്യം 2’, ‘ബ്രോ ഡാഡി’ സിനിമകൾ എന്തുകൊണ്ട് തിയേറ്ററിൽ റിലീസ് ചെയ്തില്ലെന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. കോവിഡ് കാലത്ത് മലയാള സിനിമ നേരിട്ട പ്രതിസന്ധികളെയും അതിനെ ആശീർവാദ് സിനിമാസ് നേരിട്ട രീതിയെയും കുറിച്ച് പറയവെയാണ് ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം. കൂടാതെ ‘എമ്പുരാന്’ അടുത്ത ഭാഗം ഉറപ്പായിട്ടും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹെഡ്ജ് ക്ലബ് യൂട്യൂബ് ചാനലിലെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ;
‘കോവിഡ് കാലത്ത് ആറ് സിനിമകൾ ആശീർവാദ് നിർമിച്ചു. ഇതെല്ലാം ഒ.ടി.ടിക്കുവേണ്ടിയുള്ള ചിത്രങ്ങളായിരുന്നു. ഈ സിനിമകൾ വലിയ വിജയമായപ്പോൾ, എന്തുകൊണ്ട് തിയേറ്ററിൽ റിലീസ് ചെയ്തില്ലെന്ന് ആളുകൾ ചോദിക്കുന്നുണ്ട്. ‘ബ്രോ ഡാഡി’യും ‘ദൃശ്യം 2’-വും തിയേറ്ററിന് വേണ്ടി എടുത്ത സിനിമയല്ല. വീട്ടിൽനിന്ന് ആരും പുറത്തുപോകാത്ത കാലഘട്ടത്തിലാണ് ആ ചിത്രങ്ങൾ പുറത്തിറങ്ങിയത്. ഒ.ടി.ടിയിൽ റിലീസ് ചെയ്തതുകൊണ്ട്, മലയാളികളല്ലാത്ത ലോകമെമ്പാടുമുള്ള ഒട്ടേറെപ്പേർ സിനിമ കണ്ടു. അതുകൊണ്ട് റീച്ച് കൂടുകയും സാമ്പത്തികമായി സിനിമ സഞ്ചരിച്ച ഉയരങ്ങൾ വലുതാവുകയും ചെയ്തു.
ലൂസിഫർ എന്ന ചിത്രത്തിന്റെ റഷ്യയിലെ ഷൂട്ടിങ്ങിന് ഞാൻ കൂടെ പോയിട്ടില്ല. പൃഥ്വിരാജിന്റെ കൈയിൽ എന്റെ ഒരു കാർഡ് കൊടുത്തുവിട്ടു. അദ്ദേഹമാണ് എല്ലാ കാര്യവും നോക്കിയത്. വളരെ ചെറിയ പൈസക്ക് ഷൂട്ട് ചെയ്തു. അങ്ങനെയുള്ള ആളുകളുടെ കൂടെയാണ് സഹകരിക്കുന്നത്. അവരും അത്തരത്തിൽ പാഷൻ ഉള്ള ആളുകളാണ്.’
മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ പ്രേക്ഷക- നിരൂപക പ്രശംസ നേടിയിരുന്നു. ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെച്ചു. വൻ മുതൽമുടക്കിൽ പുറത്തിറങ്ങിയ രണ്ടാംഭാഗം ‘എമ്പുരാൻ’ വലിയ വിവാദങ്ങളിൽപ്പെട്ടു. ഇതോടെ മൂന്നാംഭാഗം അനിശ്ചിതത്വത്തിലാണെന്ന് പ്രചാരണമുണ്ടായിരുന്നു. ‘എൽ3: എസ്രയേൽ’ എന്നാവും മൂന്നാംഭാഗത്തിന് ടൈറ്റിൽ എന്ന് നേരത്തെ സ്ഥിരീകരണമുണ്ടായിരുന്നു.