“സംശയരോഗിയായ ഭർത്താവ്, ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു”; ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതിയുമായി നടി അദിതി ശർമ

','

' ); } ?>

ശാരീരിക-മാനസിക പീഡനം, വഞ്ചന, സ്വർണാഭരണങ്ങൾ തട്ടിയെടുക്കൽ എന്നീ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ നിയമനടപടിയുമായി പ്രമുഖ ടെലിവിഷൻ നടി അദിതി ശർമ. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈയിലെ ഗോരേഗാവ് പോലീസ് ജൂലൈ 31-നാണ് കേസ് രജിസ്റ്റർ ചെയ്തത്. അദിതിയുടെ ഭർത്താവ് അഭിനീത് വിദ്യാനന്ദ് കൗശിക്, ഭർതൃമാതാവ് ഉർമിള കൗശിക് (65), ഭർതൃസഹോദരി കീർത്തി കൗശിക് (29) എന്നിവരെ പ്രതി ചേർത്താണ് പോലീസ് എഫ്.ഐ.ആർ തയ്യാറാക്കിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 85 (ഗാർഹിക പീഡനം), 316(2) (വഞ്ചന), 352 (മനഃപൂർവമുള്ള അപമാനിക്കൽ) എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

തന്റെ വിവാഹാഭരണങ്ങളായ താലി, സ്വർണ്ണമാലകൾ, വളകൾ, മോതിരങ്ങൾ, ഡയമണ്ട് മോതിരം എന്നിവ ഭർതൃമാതാവ് കൈവശപ്പെടുത്തിയെന്നും പലതവണ ആവശ്യപ്പെട്ടിട്ടും തിരികെ നൽകിയില്ലെന്നും നടി പരാതിയിൽ വ്യക്തമാക്കുന്നു. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കകം തന്നെ വസ്ത്രധാരണത്തെച്ചൊല്ലിയും വീട്ടുചെലവുകൾ പങ്കുവെക്കുന്നതിനെച്ചൊല്ലിയും ഭർത്താവ് തർക്കങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. സംശയരോഗിയായ ഭർത്താവ് തന്റെ ഫോൺ നിരന്തരം പരിശോധിക്കുകയും വിവാഹേതര ബന്ധങ്ങൾ ആരോപിക്കുകയും ചെയ്തു. 2025 ജനുവരി 1-ന് കാപ്പിയെച്ചൊല്ലിയുണ്ടായ ചെറിയൊരു തർക്കം വലിയ അക്രമത്തിൽ കലാശിക്കുകയും തുടർന്ന് താൻ വേറെ മുറിയിലേക്ക് താമസം മാറ്റുകയുമായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാനെന്ന പേരിൽ ഭർത്താവ് വിളിച്ചുവരുത്തിയപ്പോൾ ഭർതൃമാതാവും സഹോദരിയും തന്നോട് അതിക്രമപരമായി പെരുമാറുകയും മാനസികമായി അധിക്ഷേപിക്കുകയുമാണ് ചെയ്തതെന്നും അദിതി ആരോപിക്കുന്നു.

2021 ജൂണിൽ നടന്ന ഒരു ഓൺലൈൻ അഭിനയ പരിശീലന ക്ലാസിനിടെയാണ് അദിതിയും അഭിനീതും തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദത്തിലായ ഇരുവരും 2024 സെപ്റ്റംബറോടെ ഗോരേഗാവ് വെസ്റ്റിൽ വാടകവീടെടുത്ത് ഒരുമിച്ച് താമസം തുടങ്ങി. തുടർന്ന് 2024 നവംബർ 12-നായിരുന്നു കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഇവരുടെ വിവാഹം നടന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ ദാമ്പത്യബന്ധത്തിൽ വീഴ്ചകൾ സംഭവിക്കുകയായിരുന്നു.

അതേസമയം, കഴിഞ്ഞ മാർച്ച് മാസത്തിൽ അദിതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അഭിനീത് രംഗത്തുവന്നത് വാർത്തയായിരുന്നു. അദിതിക്ക് സഹനടനായ സമർഥ് ഗുപ്തയുമായി ബന്ധമുണ്ടെന്നും, തങ്ങളുടെ വിവാഹം വെറുമൊരു നാടകമായിരുന്നുവെന്ന് അവകാശപ്പെട്ട് വിവാഹമോചനത്തിനായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നുമായിരുന്നു അഭിനീതിന്റെ വാദം.

നിലവിൽ ഗോരേഗാവ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ അമിത മറാഠെയുടെ നേതൃത്വത്തിൽ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവം വിവാദമായെങ്കിലും കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നടിയുടെ പുതിയ ആരോപണങ്ങളിൽ അഭിനീതിന്റെ കുടുംബം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.