
കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ നടി തൃഷയെ ലക്ഷ്യമിട്ട് ദ്വയാർഥ പ്രയോഗം നടത്തിയ രാഷ്ട്രീയ നേതാവും നടനുമായ ഉദയനിധി സ്റ്റാലിനെതിരെ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വ്യാപക പ്രതിഷേധം. തഞ്ചാവൂരിൽ സംഘടിപ്പിച്ച പൊതുപരിപാടിയിലെ പരാമർശമാണ് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കാവേരി ജലപ്രശ്നം പരിഹരിക്കുന്നതിന് പകരം മറ്റ് പല കാര്യങ്ങളിലാണ് ഭരണകൂടത്തിന് ശ്രദ്ധയെന്നും, രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി വ്യാജ കേസുകൾ ചുമത്താനാണ് ശ്രമമെന്നും ഉദയനിധി പ്രസംഗത്തിൽ ആരോപിച്ചിരുന്നു.
പ്രസംഗത്തിനിടയിൽ വേദിക്ക് മുന്നിലുണ്ടായിരുന്ന അണികളിൽ ചിലർ നടി തൃഷയുടെ പേര് ഉറക്കെ വിളിച്ചുപറയുകയായിരുന്നു. ഇത് കേട്ട് ചെറുചിരിയോടെ പ്രതികരിച്ച ഉദയനിധി, തുടർന്ന് ദ്വയാർഥ പ്രയോഗം നടത്തുകയായിരുന്നു. എന്നാൽ സംഗതി വിവാദമാകുമെന്ന് കണ്ടതോടെ, താൻ കാവേരി നദിയെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ് ഉടൻ തന്നെ വിഷയം തിരിച്ചുവിടാനും അദ്ദേഹം ശ്രമിച്ചു.
പൊതുവേദിയിലെ ഈ പരാമർശത്തിനെതിരെ വനിതാ മാധ്യമപ്രവർത്തകരും ടി.വി.കെ (തമിഴക വെട്രി കഴകം) പ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. പൊതുസമൂഹത്തിന് മുന്നിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ച ഉദയനിധിയുടെ നിലപാട് തരംതാണതാണെന്ന് വിമർശനമുയർന്നു. അതേസമയം, പ്രസംഗത്തിൽ അദ്ദേഹം ആരുടെയും പേര് എടുത്തുപറഞ്ഞിട്ടില്ലെന്നും ഉദയനിധിയുടെ വാക്കുകളെ രാഷ്ട്രീയ എതിരാളികൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നുമാണ് ഡി.എം.കെ അനുഭാവികളുടെ വാദം.