“പ്രണയം താലികെട്ടുന്നതോടെ തീരേണ്ട ഒന്നല്ല, 20 വർഷം ജീവിച്ചാലും ആ സ്‌നേഹം തുടരണം”; സൂര്യ

','

' ); } ?>

പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ച് തമിഴ് താരം സൂര്യ. പ്രണയം എന്നത് വിവാഹത്തോടെ തീരുന്ന ഒന്നല്ലെന്നും ജീവിതത്തിലുടനീളം അത് നിലനിർത്തേണ്ടതുണ്ടെന്നും സൂര്യ അഭിപ്രായപ്പെട്ടു. കൂടാതെ പ്രായം കൂടുന്തോറും മനുഷ്യരിൽ സ്വാഭാവികമായ മാറ്റങ്ങൾ വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ഏറ്റവും പുതിയ ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പ്രണയം എന്നും നിലനിൽക്കേണ്ട ഒന്നാണെന്നാണ് ഞാൻ കരുതുന്നത്. താലികെട്ടുന്നതോടെ തീരേണ്ടതല്ല, പകരം ജീവിതത്തിൽ ഓരോ ദിവസവും പങ്കാളിയെ സ്‌നേഹിക്കണം. ഒരാളോടൊപ്പം 20 വർഷം ജീവിച്ചാലും ആ സ്‌നേഹം തുടരണം. പങ്കാളിയോട് എപ്പോഴും ബഹുമാനമുണ്ടായിരിക്കണം. ‘പ്രായം കൂടുന്തോറും നമ്മൾ സ്വയവും പങ്കാളിയും മാറും. 20, 25, 30 വയസ്സുകളിൽ ഓരോഘട്ടത്തിലും നമ്മുടെ മുൻഗണനകൾ വ്യത്യസ്തമായിരിക്കും. ചിന്താഗതികൾ മാറാം, ജീവിതം ഏത് ദിശയിലേക്കും തിരിയാം. എന്നാൽ പങ്കാളിയോടുള്ള സ്‌നേഹവും കരുതലും ഒരിക്കലും മാറ്റമില്ലാതെ തുടരണം.” സൂര്യ പറഞ്ഞു.

“ജീവിതത്തിൽ ഒരു ലക്ഷ്യത്തിലെത്താൻ പുരുഷനേക്കാൾ കൂടുതൽ പ്രതിബന്ധങ്ങൾ തരണം ചെയ്യേണ്ടി വരുന്നത് സ്ത്രീകൾക്കാണ്. വീട്ടുകാര്യങ്ങൾ നോക്കാനും കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനും, വലിയ വിട്ടുവീഴ്ചകളാണ് സ്ത്രീകൾ നടത്തുന്നത്. അതിനാൽ അവരുടെ ത്യാഗങ്ങളെ എപ്പോഴും ബഹുമാനിക്കണം. സ്‌നേഹത്തേക്കാൾ ഉപരിയായി ബഹുമാനവും പ്രകടിപ്പിക്കണം.”സൂര്യ കൂട്ടിച്ചേർത്തു.

വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ഫാമിലി ഡ്രാമ ചിത്രമായ ‘വിശ്വനാഥ് ആൻഡ് സൺസ്’ ഓഗസ്റ്റ് 14-നാണ് റിലീസ് ചെയ്യുന്നത്. സൂര്യക്കൊപ്പം മമിത ബൈജുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. രാധിക ശരത്കുമാർ, രവീണ ടണ്ഠൻ, നാസർ, സുധ, കല്യാണി നടരാജൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.