
അന്തരിച്ച നടൻ സലിം കുമാറിനായി ഒരു കോടി രൂപ ചെലവഴിച്ച് സ്മാരകം നിർമ്മിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ നടി പ്രിയങ്ക അനൂപ്. കോടികൾ മുടക്കി കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനേക്കാൾ ആ തുക അർഹരായവർക്ക് സഹായമായി നൽകുന്നതാണ് അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും വലിയ ആദരമെന്ന് പ്രിയങ്ക അഭിപ്രായപ്പെട്ടു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രിയങ്ക ഈ വിഷയത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയത്.
സലിം കുമാർ മരണമില്ലാത്ത കലാകാരനാണെന്നും സിനിമകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അദ്ദേഹം ഇപ്പോഴും പ്രേക്ഷകർക്കൊപ്പമുണ്ടെന്നും പ്രിയങ്ക ഓർമ്മിപ്പിച്ചു. സ്മാരകത്തിന് വേണ്ടി വൻ തുക ചെലവഴിക്കുന്നതിന് പകരം, പാവപ്പെട്ടവർക്ക് ആ തുക കൊണ്ട് ആശ്വാസം എത്തിച്ചാൽ അത് അദ്ദേഹത്തിന്റെ ആത്മാവിന് കൂടുതൽ സന്തോഷം നൽകുമെന്നും താരം വ്യക്തമാക്കി. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഇടപെടലിനെത്തുടർന്നാണ് സ്മാരക നിർമ്മാണത്തിനായി ബജറ്റിൽ തുക വകയിരുത്തിയത്. ഇതിനെതിരെയാണ് പ്രിയങ്കയുടെ വിമർശനം.
“സലിംകുമാറിന് വേണ്ടി 1 കോടി മുടക്കി സ്മാരകം പണിയുന്നതിൽ എനിക്ക് യോജിപ്പില്ല. അത്രയും പൈസ മുടക്കി സലീമേട്ടന് വേണ്ടി സ്മാരകം നിർമിക്കേണ്ട കാര്യമില്ല കാരണം നമ്മുടെ എല്ലാവരുടെയും മനസ്സിൽ സലീമേട്ടൻ ഉണ്ട്. മരിച്ചെങ്കിലും നമ്മൾ എപ്പോഴും ടിവിയിലും സോഷ്യൽ മീഡിയയിലും കണ്ടുകൊണ്ടിരിക്കുന്ന മരിക്കാതെ ജീവിക്കുന്ന ഒരാളാണ് സലീമേട്ടൻ.
ആ പേരിൽ കുറച്ചു കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യമോ, പാവപ്പെട്ടവർക്ക് വീടോ, ലാഫിങ് വില്ല എന്ന പേരിൽ എന്തെങ്കിലുമൊക്കെ ചെയ്തു കൊടുക്കുകയാണെങ്കിൽ, അർഹതപ്പെട്ടവർക്ക് ആ പൈസ കൊടുക്കുകയാണെങ്കിൽ സലീമേട്ടന് അതായിരിക്കും ഏറ്റവും സന്തോഷം.”-പ്രിയങ്ക പറഞ്ഞു.