
അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ ഭരണസമിതിയുടെ കൂട്ടരാജിയിലേക്ക് നയിച്ച സംഭവവികാസങ്ങളിൽ നിർണായക വെളിപ്പെടുത്തലുകളുമായി നടി അൻസിബ ഹസൻ. സംഘടനയുടെ കഴിഞ്ഞ ഭരണസമിതിക്ക് വരവുചെലവ് കണക്കുകൾ സുതാര്യമായി ബോധിപ്പിക്കാൻ സാധിച്ചില്ലെന്നും, കൂടുതൽ സമയം വേണമെന്ന അവരുടെ ആവശ്യം ജനറൽ ബോഡി തള്ളിയതാണ് രാജിയ്ക്ക് വഴിവെച്ചതെന്നും അൻസിബ പറഞ്ഞു.
സംഘടനയുടെ 32 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും സുതാര്യവും ഭൂരിഭാഗം അംഗങ്ങളും പങ്കെടുത്തതുമായ ഒരു ജനറൽ ബോഡി യോഗം നടന്നതെന്ന് അൻസിബ ചൂണ്ടിക്കാട്ടി. താൻ നേരത്തെ മാധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ച സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള എല്ലാ ആരോപണങ്ങളും കൃത്യമായ തെളിവുകൾ നിരത്തി യോഗത്തിൽ ഉന്നയിച്ചതായും താരം വ്യക്തമാക്കി.
തുടക്കത്തിൽ തനിക്ക് സംസാരിക്കാൻ അവസരം നിഷേധിക്കാൻ ശ്രമം നടന്നെങ്കിലും, ഭൂരിഭാഗം അംഗങ്ങളും പിന്തുണയുമായി എത്തിയതോടെ ഉച്ചയ്ക്ക് ശേഷം കാര്യങ്ങൾ തുറന്നു പറയാൻ സാധിച്ചു. സംഘടനയിൽ നിന്ന് മുൻപ് പുറത്തുപോയ ‘അതിജീവിത’ ഉൾപ്പെടെയുള്ളവരെ പുതിയ ഭരണസമിതി ഔദ്യോഗികമായി തിരികെ വിളിക്കണമെന്നും അൻസിബ ആവശ്യപ്പെട്ടു. ഭരണസമിതിയുടെ രാജിയിലേക്കും തുടർന്നുണ്ടായ നാടകീയ രംഗങ്ങളിലേക്കും നയിച്ചത് ജനറൽ ബോഡിയിൽ ഉയർന്നുവന്ന ശക്തമായ പ്രതിഷേധങ്ങളും ചോദ്യം ചെയ്യലുകളുമാണെന്ന് അൻസിബയുടെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നു.
അൻസിബയുടെ വാക്കുകൾ :
“സംഘടനയുടെ 32 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ‘അമ്മ’യിൽ ഇങ്ങനെയൊരു ജനറൽ ബോഡി നടക്കുന്നത്. എല്ലാ കാര്യങ്ങളും ഇത്രയധികം വിശദമായി അംഗങ്ങളെ അറിയിച്ചതിലും, ഇത്രയേറെ പേർ പങ്കെടുത്തതിലും വലിയ സന്തോഷമുണ്ട്. എല്ലാവർക്കും തങ്ങളുടെ അഭിപ്രായങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ സാധിച്ച, വളരെ സുതാര്യമായ ഒരു ജനറൽ ബോഡി ആയിരുന്നു ഇന്ന് നടന്നത്.
കഴിഞ്ഞ ഭരണസമിതിക്ക് കൃത്യമായ വരവുചെലവ് കണക്കുകൾ ഈ യോഗത്തിൽ ബോധിപ്പിക്കാൻ സാധിച്ചിട്ടില്ല. അതിനാലാണ് അവർക്ക് രാജി വയ്ക്കേണ്ടി വന്നത്. ‘ഞങ്ങൾക്ക് ഒരു 45 ദിവസം കൂടി തരാമോ, ഒരു അവസരം കൂടി തരാമോ’ എന്നൊക്കെ കമ്മിറ്റി അംഗങ്ങൾ ചോദിച്ചുകൊണ്ടിരുന്നത് തികച്ചും ബാലിശമായിരുന്നു. എന്നാൽ ആ ബാലിശമായ ആവശ്യങ്ങളൊന്നും ജനറൽ ബോഡി അംഗീകരിച്ചില്ല എന്നതാണ് സത്യം. കണക്കുകളിലെ സുതാര്യതക്കുറവ് തന്നെയാണ് പ്രധാന പ്രശ്നമായി നിലനിന്നിരുന്നത്.
ഇതോടൊപ്പം നീന കുറുപ്പ് ചേച്ചിയുടെ ചില പ്രശ്‌നങ്ങളും, ഞാൻ മുൻപ് ഉന്നയിച്ച ചില വിഷയങ്ങളും ചർച്ചയായി. എനിക്ക് പറയാനുണ്ടായിരുന്ന കാര്യങ്ങളെല്ലാം കൃത്യമായി ഈ ജനറൽ ബോഡിയിൽ അവതരിപ്പിക്കാൻ സാധിച്ചു. ഉച്ചയ്ക്ക് ശേഷമാണ് എനിക്ക് സംസാരിക്കാൻ അവസരം ലഭിച്ചത്; അതുതന്നെ ചോദിച്ചു വാങ്ങിയതായിരുന്നു. കാരണം ഉച്ചവരെ നിലവിലുണ്ടായിരുന്ന കമ്മിറ്റി എനിക്ക് സംസാരിക്കാൻ അവസരം നൽകാൻ തയാറായിരുന്നില്ല. എന്നാൽ അവിടെയുണ്ടായിരുന്ന ഓരോ അംഗവും എനിക്കൊപ്പം നിൽക്കുകയും സംസാരിക്കാൻ അവസരമൊരുക്കി തരികയും ചെയ്തു. അതിന് സംഘടനയിലെ ഓരോ അംഗത്തോടും ഞാൻ നന്ദി പറയുന്നു.
മുൻപ് മാധ്യമങ്ങൾക്ക് മുന്നിൽ ഞാൻ എന്തൊക്കെ കാര്യങ്ങളാണോ പറഞ്ഞത്, അതുതന്നെയാണ് എനിക്ക് ‘അമ്മ’യ്ക്കുള്ളിലും പറയാനുണ്ടായിരുന്നത്. വരവുചെലവ് കണക്കുകളിലെ കൃത്യതക്കുറവ് ഞാൻ ആദ്യമേ ചൂണ്ടിക്കാണിച്ചിരുന്നു. ഏതൊക്കെ വിഷയങ്ങളിലാണ്, ആരൊക്കെയാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്ന് കൃത്യമായിത്തന്നെ ഞാൻ ഇന്നത്തെ ജനറൽ ബോഡിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അത് സമാധാനത്തോടെ പറയാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്.
എനിക്ക് പൂർണമായ നീതി കിട്ടിയോ എന്ന് ചോദിച്ചാൽ, തീർച്ചയായും കിട്ടി എന്ന് തന്നെ പറയാം. കാരണം ഒരു നിയമവ്യവസ്‌ഥയിൽ നമ്മൾ മുന്നോട്ട് പോകുമ്പോൾ ഒരുപാട് നടപടിക്രമങ്ങൾ ഉണ്ട്. അവയെല്ലാം തരണം ചെയ്ത് വേണം പൂർണമായ നീതിയിലേക്ക് എത്താൻ. അതിനായി ഞാൻ ഇനിയും മുന്നോട്ട് പോകും, അതിൽ നിന്ന് ഒരു തരി പോലും പിന്നോട്ട് പോകില്ല. പക്ഷേ, ഇന്ന് ഇവിടെ നടന്നത് ചരിത്രപരമായ തീരുമാനങ്ങളായിരുന്നു.
ഇനി എനിക്ക് ഈ സംഘടനയോട് ഒരൊറ്റ കാര്യം കൂടിയാണ് അഭ്യർഥിക്കാനുള്ളത്. ഇപ്പോൾ രാജിവെച്ച് പോയ കമ്മിറ്റി കഴിഞ്ഞ ഓഗസ്‌റ്റിൽ ചുമതലയേറ്റപ്പോൾ, ഇവിടുന്ന് ഒഴിഞ്ഞുപോയ ‘അതിജീവിത’ ഉൾപ്പെടെയുള്ള എല്ലാവരെയും തിരിച്ചുകൊണ്ടുവരുമെന്ന് പ്രസിഡന്റ് പറഞ്ഞിരുന്നു. അതുകൊണ്ട്, ഇനി വരാൻ പോകുന്ന പുതിയ ഭരണസമിതിയോട് എൻ്റെ ആദ്യത്തെ അഭ്യർഥന ഇതാണ്, ഇവിടെ നിന്ന് മാറിനിന്ന എല്ലാവരെയും ഔദ്യോഗികമായിത്തന്നെ സംഘടനയിലേക്ക് തിരികെ വിളിക്കണം. തിരിച്ചു വരണോ വേണ്ടയോ എന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. പക്ഷേ, അവരെ ഒഫീഷ്യലായി ക്ഷണിക്കുക എന്നത് ‘അമ്മ’ എന്ന സംഘടന ചെയ്യേണ്ട നീതിപൂർവമായ കാര്യമാണ്. വരാനിരിക്കുന്ന കമ്മിറ്റി അത് ചെയ്യുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”