“ആരെയും കുറ്റം പറയുന്നില്ല, ചിലപ്പോഴൊക്കെ സിനിമ ഇങ്ങനെ ആണ്”; സ്വാസിക

','

' ); } ?>

ആർജെ ബാലാജി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ‘കറുപ്പി’ൽ നിന്ന് തന്റെ സുപ്രധാന രംഗങ്ങളും പാട്ടും നീക്കം ചെയ്തതിനെക്കുറിച്ച് മനസ്സ് തുറന്ന് നടി സ്വാസിക. നീളക്കൂടുതൽ കാരണം ഒഴിവാക്കേണ്ടി വന്ന രംഗങ്ങളെക്കുറിച്ചും, സിനിമയുടെ നല്ലതിന് വേണ്ടിയുള്ള ആ തീരുമാനത്തെ പൂർണ്ണ മനസ്സോടെ സ്വീകരിക്കുന്നതായും താരം വ്യക്തമാക്കി. എസ് എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലായിരുന്നു സ്വാസികയുടെ തുറന്നുപറച്ചിൽ.

ചിത്രത്തിലെ തന്റെ മിക്ക രംഗങ്ങളും നീക്കം ചെയ്തത് ആരാധകരെ നിരാശയിലാഴ്ത്തിയിരുന്നുവെങ്കിലും, ഒരു അഭിനേതാവ് എന്ന നിലയിൽ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമേയുള്ളൂവെന്ന് സ്വാസിക പറഞ്ഞു. “സിനിമയുടെ ദൈർഘ്യക്കൂടുതൽ കാരണം എന്റെ മൂന്നാല് സീനുകളും ഒരു പാട്ടും കട്ട് ചെയ്ത് കളഞ്ഞു. യഥാർത്ഥത്തിൽ എനിക്കൊരു ചെറിയ കഥാപാത്രമായിരുന്നു, രംഗങ്ങൾ കൂടി ഒഴിവാക്കിയപ്പോൾ അത് വളരെ ചെറിയ വേഷമായി മാറി. എന്നാൽ സിനിമയുടെ ഫ്ലോ നിലനിർത്താൻ ഇത്തരം തീരുമാനങ്ങൾ ആവശ്യമാണ്. അതിൽ ആരെയും കുറ്റം പറയാനാകില്ല,” സ്വാസിക വ്യക്തമാക്കി.

രംഗങ്ങൾ ഒഴിവാക്കപ്പെട്ടെങ്കിലും, ചിത്രത്തിലെ ലിറിക്കൽ വീഡിയോ വൈറലായതോടെ സ്വാസികയുടെ വേറിട്ട ഗെറ്റപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് തനിക്ക് പുതിയ അവസരങ്ങൾ ലഭിക്കാൻ കാരണമായതായും താരം കൂട്ടിച്ചേർത്തു. സിനിമ കമ്മിറ്റ് ചെയ്തപ്പോൾ താൻ ലക്ഷ്യമിട്ടത് എന്താണോ അത് പൂർത്തിയായെന്നും, സിനിമയുടെ നന്മയ്ക്കായി തീരുമാനങ്ങളെടുക്കേണ്ടത് സംവിധായകന്റെ ഉത്തരവാദിത്വമാണെന്നും വ്യക്തമാക്കിയ സ്വാസിക, ഇനി മുതൽ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്തുമെന്നും അറിയിച്ചു.