
രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷം വിജയ് മുഖ്യമന്ത്രിയായ പശ്ചാത്തലത്തിൽ, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ അവസാന ചിത്രം ‘ജനനായകൻ’ എന്നെത്തും എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ചിത്രത്തിന്റെ റിലീസ് വൈകുന്നതിനെക്കുറിച്ച് സംവിധായകൻ എച്ച്. വിനോദ് അടുത്തിടെ നടത്തിയ പ്രതികരണമാണ് ഇപ്പോൾ സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുന്നത്. ജയറാമും ഉർവശിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പരിമള ആൻഡ് കോ’ എന്ന തമിഴ് ചിത്രത്തിന്റെ ചെന്നൈയിൽ നടന്ന പരിപാടിക്കിടെയാണ് മാധ്യമപ്രവർത്തകർ ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് വിനോദിനോട് ചോദിച്ചത്.
എന്നാൽ, റിലീസ് തീയതി തീരുമാനിക്കുന്നത് താനല്ലെന്നും, അതുമായി ബന്ധപ്പെട്ട സത്യം തുറന്നുപറയാനുള്ള ധൈര്യം പോലും തനിക്കില്ലെന്നുമായിരുന്നു ചിരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ മറുപടി. ഇനി താൻ അത് പറഞ്ഞാൽ തന്നെ അത് പുറത്തുവിടാൻ മാധ്യമങ്ങൾക്ക് ധൈര്യമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംവിധായകന്റെ ഈ വാക്കുകൾ ആരാധകരെ വീണ്ടും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഈ വർഷം ജനുവരി 9-ന് പൊങ്കൽ റിലീസായി തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന’ജനനായകൻ’, സെൻസർ ബോർഡുമായുള്ള (CBFC) പ്രശ്നങ്ങളെത്തുടർന്നാണ് പെരുവഴിയിലായത്. തുടർന്ന് മാർച്ച് 9-ന് സിബിഎഫ്സി റിവൈസിംഗ് കമ്മിറ്റി ചിത്രം കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും, കമ്മിറ്റിയിലെ ഒരംഗത്തിന് സുഖമില്ലാതായതിനെ തുടർന്ന് അത് വീണ്ടും നീണ്ടുപോവുകയായിരുന്നു. ഇതോടെ മേയ് മാസത്തിൽ ചിത്രം തിയറ്ററുകളിൽ എത്തുമെന്ന ആരാധകരുടെ പ്രതീക്ഷയും മങ്ങി.
ജൂൺ 22-ന് വിജയ്യുടെ ജന്മദിനം പ്രമാണിച്ച് ചിത്രം റിലീസ് ചെയ്തേക്കുമെന്ന പ്രതീക്ഷയിലാണ് നിലവിൽ ആരാധകർ. സോഷ്യൽ മീഡിയയിൽ പല തീയതികൾ വെച്ചുകൊണ്ടുള്ള ഫാൻ മേഡ് പോസ്റ്ററുകൾ പ്രചരിക്കുന്നുണ്ടെങ്കിലും, നിർമ്മാതാക്കളായ കെവിൻ പ്രൊഡക്ഷൻസ് (KVN Productions) ഇതുവരെ ഔദ്യോഗിക റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. എങ്കിലും വിജയ് മുഖ്യമന്ത്രി പദവിയിലെത്തിയ സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് കുരുക്കുകൾ ഉടൻ അഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് സിനിമാ ലോകം.