
നടൻ അജിത് കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു. 85 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പാലവാക്കത്തുള്ള അജിത് കുമാറിന്റെ വസതിയിലായിരിക്കും അന്ത്യകര്‍മങ്ങള്‍ നടക്കുക.
അജിത്തിന്റെ സഹോദരൻ എസ്. അനിൽ കുമാർ ആണ് അമ്മയുടെ വിയോഗവാർത്ത സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചത്. കുറച്ചുകാലമായി അമ്മയുടെ ആരോഗ്യനില വഷളായിരുന്നുവെന്നും ഉറക്കത്തിലാണ് മരണമടഞ്ഞതെന്നും അനിൽ എക്സിൽ കുറിച്ചു.
സിനിമ – രാഷ്ട്രീയ രംഗത്തെ പ്രമുഖരും ആരാധകരും അജിത്തിന്റെ മാതാവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, നടനും രാജ്യസഭാ എംപിയുമായ കമൽ ഹാസൻ, രാധിക ശരത്കുമാർ എന്നിങ്ങിനെ നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ അനുശോചനം അറിയിച്ചു.
“എന്റെ പ്രിയ സുഹൃത്ത് ശ്രീ അജിത് കുമാറിന്റെ മാതാവ് ശ്രീമതി മോഹിനിയുടെ വിയോഗത്തിൽ ഞാൻ ഏറെ ദുഃഖിതനാണ്. ആ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു. സ്നേഹനിധിയായ അമ്മയെ നഷ്ടപ്പെട്ട അജിത് കുമാറിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അനുശോചനം അറിയിക്കുന്നു. ഈ കഠിന ഘട്ടത്തെ നേരിടാൻ അവർക്ക് കരുത്ത് ലഭിക്കട്ടെ,” എന്നാണ് വിജയ് എക്സിൽ കുറിച്ചത്.
മൂന്ന് വര്‍ഷം മുൻപാണ് അജിത്തിന്റെ അച്ഛന് പി. സുബ്രഹ്മണ്യം അന്തരിച്ചത്. ഈ വിയോഗത്തിന്റെ വേദനയില്‍ നിന്നും തിരിച്ചുവരുന്നതിനിടെയാണ് അജിത്തിന് അമ്മയേയും നഷ്ടമാകുന്നത്. അനില്‍ കുമാര്‍, അനൂപ് കുമാര്‍ എന്നിവരാണ് അജിത്തിന്റെ സഹോദരങ്ങള്‍.