
കരിയറിന്റെ തുടക്കകാലത്ത് താൻ അഭിനയിച്ച ചില രംഗങ്ങളും ഡയലോഗുകളും പിന്നീട് വലിയ രീതിയിൽ മാനസികവിഷമം ഉണ്ടാക്കിയിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടി ഉർവശി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സിനിമയിൽ കൂടെ അഭിനയിച്ച സഹപ്രവർത്തകനെ ബോഡി ഷെയ്മിങ് ചെയ്യുന്ന ഒരു രംഗം ചെയ്തതിനെക്കുറിച്ചാണ് താരം വ്യക്തമാക്കിയത്. പിന്നീട് ആ സംഭവത്തിൽ തനിക്ക് കടുത്ത കുറ്റബോധം തോന്നിയെന്നും, ഇനി ഒരിക്കലും അത്തരത്തിലുള്ള കഥാപാത്രങ്ങളോ രംഗങ്ങളോ ചെയ്യില്ലെന്ന് അന്നേ തീരുമാനിച്ചതായും താരം വെളിപ്പെടുത്തി. സുധീര്‍ ശ്രീനിവാസന് നല്കിയ അഭിമുഖത്തിലാണ് ഉർവശി മനസ് തുറന്നത്.
ആ രംഗം ചെയ്യുമ്പോൾ ബോഡി ഷെയ്മിങ് എന്താണെന്നതിനെക്കുറിച്ച് തനിക്ക് കൃത്യമായ ധാരണയോ അറിവോ ഇല്ലായിരുന്നുവെന്നും, സംവിധായകന് പറഞ്ഞത് അനുസരിക്കുക മാത്രമാണ് അന്ന് ചെയ്തതെന്നും താരം പറയുന്നു. എന്നാൽ പിന്നീട് ആ നടന്റെ ജീവിതകഥ അറിഞ്ഞപ്പോൾ തനിക്ക് സങ്കടം സഹിക്കാനായില്ലെന്നും കരഞ്ഞുപോയെന്നും ഉർവശി കൂട്ടിച്ചേർത്തു.
”അതേക്കുറിച്ചൊന്നും പണ്ട് അറിവുണ്ടായിരുന്നില്ല. മറ്റുള്ളവര്‍ ആരെയെങ്കിലും കളിയാക്കുമ്പോള്‍ അറിയാതെ നമ്മളും ചിരിക്കും. ഒരിക്കല്‍ ഒരു നടനെ കളിയാക്കിയതില്‍ കുറ്റബോധം തോന്നിയിട്ടുണ്ട്, കുമരിമുത്തു അണ്ണന്. ഞങ്ങള്‍ ഒരുമിച്ചൊരു സീനില്‍ അഭിനയിക്കുകയായിരുന്നു. സംവിധായകന് അവരുടെ കണ്ണ് പോലെ തന്നെ നിങ്ങളും കണ്ണ് ആക്കണമെന്ന് പറഞ്ഞു. ഞാന്‍ ചെയ്തു. എല്ലാവരും ചിരിച്ചു.
‘കുറേ നാള് കഴിഞ്ഞ് ഒരു മാധ്യമത്തിന് വേണ്ടി ഞാന്‍ അദ്ദേഹത്തിന്റെ ഇന്റര്‍വ്യു എടുത്തു. അപ്പോഴാണ് അദ്ദേഹം ജീവിതകഥ പറയുന്നത്. വളരെ നല്ല മനുഷ്യനാണ്. ചെറുപ്പത്തില്‍ പൊലീസുകാരന് ആകാനായിരുന്നു ആഗ്രഹം. കണ്ണിന്റെ പ്രശ്നം കാരണം നടന്നില്ല. പിന്നീട് റെയില്‍വെ ഗാര്‍ഡ് ആകണമെന്ന് ആഗ്രഹിച്ചു. അവിടേയും കണ്ണ് കാരണം കിട്ടിയില്ല. ഡ്രൈവിങ് പഠിക്കാന്‍ പോയപ്പോഴും നല്ല കണ്ണുള്ളവര്‍ക്കേ പറ്റുന്നില്ല, അതിന്റെ ഇടയിലാണോ ഒരു ഒന്നരക്കണ്ണന്‍ എന്ന് പറഞ്ഞത് മനസിനെ വല്ലാതെ ബാധിച്ചു എന്നും പറഞ്ഞു.
അത് കേട്ടതും ഞാന്‍ കരഞ്ഞു. അദ്ദേഹം സര്വ്വസാധാരണമായാണ് സംസാരിച്ചത്. നീയുമൊരു സിനിമയില്‍ എന്നെപ്പോലെ കണ്ണ് വച്ച് അഭിനയിച്ചില്ലേ എന്നും സാധാരണയായി തമാശ പറഞ്ഞു. ഞാന്‍ പത്ത് മിനുറ്റ് ബ്രേക്ക് എന്ന് പറഞ്ഞ് പോയി മാറി നിന്ന് കുറേ കരഞ്ഞു. ദൈവമേ ഇത്രയും വിഷയമുണ്ടായിരുന്നല്ലോ എന്ന് ചിന്തിച്ചു. അന്ന് തീരുമാനിച്ചു, ഇനി ആരേയും കളിയാക്കുന്നതായി അഭിനയിക്കില്ലെന്ന്.” ഉർവശി പറഞ്ഞു.