
താരസംഘടനയായ ‘അമ്മ’യിൽ ഉയരുന്ന വിവാദങ്ങളിൽ അംഗങ്ങൾക്ക് പരസ്യപ്രതികരണം വിലക്കിക്കൊണ്ടുള്ള നേതൃത്വത്തിന്റെ നിലപാടിനെതിരെ ശക്തമായ വിമർശനവുമായി നടി മാലാ പാർവതി. സംഘടനയ്ക്ക് പബ്ലിക് ഓഡിറ്റിങ് പാടില്ലെന്ന് പറയാൻ ആർക്കും അവകാശമില്ലെന്നും, മിണ്ടരുതെന്ന തരത്തിലുള്ള നിർദേശങ്ങളൊന്നും വിലപ്പോവില്ലെന്നും അവർ വ്യക്തമാക്കി. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മാലാ പാർവതി തന്റെ നിലപാട് വ്യക്തമാക്കിയത്.
കേരളം പോലുള്ള ഒരു സംസ്ഥാനം മുന്നോട്ട് പോകുന്നത് തന്നെ പബ്ലിക് ഓഡിറ്റിങ്ങിലൂടെയാണെന്നും അതിനെ ആരും എതിർക്കേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു. ‘അമ്മ’ നേരിടുന്ന നിലവിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, മുകേഷ്, ഗണേഷ് കുമാർ, ബാലചന്ദ്രമേനോൻ തുടങ്ങിയ മുതിർന്ന താരങ്ങൾ അടിയന്തരമായി ഇടപെടണമെന്നും നടി ആവശ്യപ്പെട്ടു.
മതംമാറ്റ ആരോപണവുമായി ബന്ധപ്പെട്ട് നടി അൻസിബ ഹസ്സനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെയും മാലാ പാർവതി ശക്തമായി അപലപിച്ചു. വ്യക്തമായ നിലപാടുകളുള്ളതും സംഘടനയിലെ കണക്കുകളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നതുമാണ് അൻസിബ ലക്ഷ്യം വെക്കപ്പെടാൻ കാരണമെന്ന് അവർ ചൂണ്ടിക്കാട്ടി.
തന്റെ മകനെ പള്ളിയിൽ കൊണ്ടുപോയെന്നും മതംമാറ്റാൻ ശ്രമിച്ചുവെന്നും ടിനി ടോം ആരോപിച്ചതായി അൻസിബ വെളിപ്പെടുത്തിയ വിഷയം താൻ പ്രൊഡക്ഷൻ കൺട്രോളറോട് വിളിച്ചന്വേഷിച്ചിരുന്നുവെന്ന് മാലാ പാർവതി പറഞ്ഞു. എന്നാൽ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും അൻസിബ തങ്ങളുടെ കുടുംബസുഹൃത്താണെന്നുമാണ് പ്രൊഡക്ഷൻ കൺട്രോളർ വ്യക്തമാക്കിയത്.
പ്രൊഡക്ഷൻ കൺട്രോളറായ രാജീവ് കുടപ്പനക്കുന്നിന്റെ മകൻ ശ്രീകൈലാസും, രാജീവ് തന്നെയും ഈ ആരോപണങ്ങൾ നേരത്തെ നിഷേധിച്ചിരുന്നു. രാജീവ് പ്രൊഡക്ഷൻ കൺട്രോളറായ ‘പോലീസ് ഡേ’ എന്ന ചിത്രത്തിൽ അൻസിബയും ടിനി ടോമും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇതിനിടയിലാണ് ഇത്തരമൊരു വ്യാജ പ്രചാരണം ഉണ്ടായതെന്നാണ് വിവരം. അംഗങ്ങളുടെ പരസ്യ പ്രതികരണങ്ങൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം ‘അമ്മ’ നേതൃത്വം നിർദേശം നൽകിയതിന് പിന്നാലെയാണ് മാലാ പാർവതിയുടെ ഈ പ്രതികരണം.