“മമ്മൂക്കയോടൊപ്പം അഭിനയിക്കാനുള്ള അവസരം രണ്ടു തവണ നഷ്ടമായിപ്പോയി”; നസ്ലിൻ

','

' ); } ?>

മമ്മൂട്ടിയോടൊപ്പം ഒരുമിച്ച് അഭിനയിക്കാനുള്ള അവസരം രണ്ടുതവണ നഷ്ടമായിപ്പോയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടൻ നസ്ലിൻ. എന്നാൽ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ അതിനുള്ള ശരിയായ സമയം ഇപ്പോൾ വന്നെത്തിയതായും താരം വ്യക്തമാക്കി. തന്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് നസ്ലിൻ ഇക്കാര്യം പങ്കുവെച്ചത്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നായകനായി എത്തിയ ‘മകൾ’ എന്ന ചിത്രത്തിൽ ആദ്യം കേന്ദ്രകഥാപാത്രമായി നിശ്ചയിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നുവെന്ന് താരം വെളിപ്പെടുത്തി. എന്നാൽ ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മറ്റ് തിരക്കുകളും കാരണം പിന്നീട് മമ്മൂട്ടിക്ക് ആ പ്രൊജക്റ്റിൽ നിന്ന് മാറേണ്ടി വരികയും, ആ വേഷം ജയറാമിലേക്ക് എത്തുകയുമായിരുന്നു. ഈ ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ നസ്ലെനും അവതരിപ്പിച്ചിരുന്നു.

‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന്, ‘ഹോം’, ‘സൂപ്പർ ശരണ്യ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രിയം നേടി, ‘പ്രേമലു’വിലൂടെ മുൻനിര യുവതാരങ്ങളിലേക്ക് ഉയർന്ന നടനാണ് നസ്ലെൻ. മലയാള സിനിമയിലെ റെക്കോർഡ് കളക്ഷൻ നേടിയ ‘ലോക’ എന്ന ചിത്രത്തിലും താരം പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.

അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത് ജൂൺ അഞ്ചിന് തിയേറ്ററുകളിലെത്തുന്ന ‘മോളി വുഡ് ടൈംസ്’ ആണ് നസ്ലെന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഇത് കൂടാതെ മമ്മൂട്ടിക്കൊപ്പമുള്ള ഖാലിദ് റഹ്മാൻ ചിത്രം ‘മട്ടാഞ്ചേരി മാഫിയ’, ജിത്തു മാധവൻ-സൂര്യ പ്രൊജക്റ്റ്, തരുൺ മൂർത്തി-ഫഹദ് ഫാസിൽ ചിത്രം, ആസിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി രോഹിത് വി.എസ് ഒരുക്കുന്ന ‘ടിക്കി ടാക്ക’ തുടങ്ങി വലിയ പ്രതീക്ഷയുള്ള ഒരുപിടി ചിത്രങ്ങളും നസ്ലെന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇതിൽ സിനിമാപ്രേമികൾ ഏറെ കാത്തിരിക്കുന്ന പ്രൊജക്റ്റുകളിൽ ഒന്നാണ് മമ്മൂട്ടിയും നസ്ലെനും ഒന്നിക്കുന്ന ‘മട്ടാഞ്ചേരി മാഫിയ’.