“സുരേഷ് ഗോപിയുടെ പേര് പറഞ്ഞാണ് അധിക്ഷേപം, അദ്ദേഹമൊരു കേന്ദ്ര മന്ത്രിയാണെന്ന ബോധം വേണ്ടേ”; അനിൽ തോമസ്

','

' ); } ?>

നടൻ മാധവ് സുരേഷിനെതിരെ അധിക്ഷേപംചൊരിഞ്ഞ സിനിമാ റിവ്യൂവർ അശ്വന്ത് കോക്കിനെ രൂക്ഷ ഭാഷയിൽ പ്രതികരിച്ച് കേരളാ ഫിലിം ചേംബർ പ്രസിഡൻ്റ് അനിൽ തോമസ്. പിതാവ് സുരേഷ് ഗോപിയുടെ പേര് പറഞ്ഞാണ് മാതാവിനെ ചീത്ത വിളിച്ചതെന്നും, സുരേഷ് ഗോപി ഒരു കേന്ദ്രമന്ത്രിയാണെന്ന ബോധം യൂട്യൂബർക്ക് ഉണ്ടാവേണ്ടേ എന്നും അനിൽ തോമസ് ചോദിച്ചു. കൂടാതെ രോഷാകുലനായി സിനിമാക്കാരേയും സിനിമയേയും വെല്ലുവിളിക്കുന്ന തരത്തിലേക്ക് പോയാൽ ഉറപ്പായും പ്രതികരിക്കുമെന്നും അനിൽ തോമസ് കൂട്ടിച്ചേർത്തു.

‘അശ്വന്ത് കോക്ക് മാധവ് സുരേഷിനെ ചീത്തവിളിക്കുന്നുണ്ട്. മാധവിനെ ചീത്ത വിളിക്കാൻ ഉപയോഗിക്കുന്ന വാക്ക് എടാ സുരേഷ് ഗോപിയുടെ മോനേ… എന്നാണ്. കേന്ദ്രമന്ത്രിയാണ് സുരേഷ് ഗോപി എന്ന ബോധ്യം അയാൾക്കുണ്ടാവണമല്ലോ? രാഷ്ട്രീയമല്ല ഞാൻ പറയുന്നത്. എന്നിട്ട് ധ്യാൻ ശ്രീനിവാസനുമായി താരതമ്യംചെയ്യുന്നു. ശ്രീനിവാസൻ്റെ മകൻ… അയാൾ ഗ്രേറ്റാണ്, കാരണം ഞാൻ പറഞ്ഞതിനൊന്നും പ്രതികരിച്ചില്ല എന്ന് പറയുന്നു.’ അനിൽ തോമസ് പറഞ്ഞു .

‘അശ്വന്ത് കോക്കിനെതിരേ ഒരു ആരോപണം വരുന്നു. അതിനെതിരേ രോഷാകുലനായി, വെല്ലുവിളിച്ച് എന്തൊക്കെ വാക്കുകളാണ് അവിടെ ഉപയോഗിച്ചത്. സിനിമാക്കാരേയും സിനിമയേയും വെല്ലുവിളിക്കുന്ന തരത്തിലേക്ക് പോയാൽ ഉറപ്പായും പ്രതികരിക്കും. ഇവിടെ ആരും നിയമത്തിന് അതീതരല്ല.’ അനിൽ തോമസ് കൂട്ടിച്ചേർത്തു.

സിനിമാ പ്രവർത്തകർക്കെതിരേ അധിക്ഷേപംചൊരിഞ്ഞ യൂട്യൂബർക്കെതിരേ പരാതിയുമായി മുന്നോട്ടുപോകുമെന്ന് ഫിലിം ചേംബർ നേരത്തേ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകുമെന്നും ഫിലിം ചേംബർ വ്യക്തമാക്കി.

നെഗറ്റീവ് റിവ്യൂ പറയാതിരിക്കാൻ യൂട്യൂബർ അശ്വന്ത് കോക്ക് ഒരുലക്ഷം രൂപ ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി മാധവ് സുരേഷ് നായകനായ അങ്കം അട്ടഹാസം സിനിമയുടെ നിർമാതാവ് രംഗത്തെത്തിയിരുന്നു. ഇടനിലക്കാരൻ വഴി അശ്വന്ത് കോക്ക് പണം ചോദിച്ചു എന്നായിരുന്നു ആരോപണം. നടൻ മാധവ് സുരേഷും ആരോപണം ആവർത്തിച്ചു. എന്നാൽ, മറുപടിയുമായെത്തിയ യൂട്യൂബർ നിർമാതാവിനും മാധവിനും എതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തി. ആരോപണത്തിന് തെളിവും ആവശ്യപ്പെട്ടിരുന്നു.