
ബെംഗളൂരുവിൽ മലയാളി യുവതി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷവിമർശനവുമായി നടി പാർവതി തിരുവോത്ത്. തെരുവുനായ സംരക്ഷണ കേന്ദ്രത്തിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയ ശേഷം ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും, ഇത് എതിർത്ത യുവതിയെ തൊഴിലുടമ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ കുറ്റാരോപിതനായ വ്യക്തിയെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിൽ പാർവതി പ്രതിഷേധം രേഖപ്പെടുത്തി. താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സ്നേഹവും അനുകമ്പയുമുള്ള സ്ത്രീകളിലൊരാളാണ് അതിക്രൂരമായി കൊല്ലപ്പെട്ടതെന്ന് പാർവതി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
‘ഞാൻ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും സ്നേഹവും അനുകമ്പയുമുള്ള സ്ത്രീകളിൽ ഒരാൾ തൻ്റെ കൊലയാളിയുടെ ലൈംഗിക അതിക്രമത്തെ ചെറുക്കുന്നതിനിടെ കൊല്ലപ്പെട്ടു. ഇക്കാര്യം അറിഞ്ഞതുമുതൽ എനിക്ക് കരച്ചിൽ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. ആരായിരുന്നു അവളുടെ തൊഴിലുടമ? അയാൾ ഇപ്പോഴും അറസ്റ്റുചെയ്യപ്പെട്ടിട്ടില്ല. അയാളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നിട്ടില്ല. എന്നിട്ടും നമുക്ക് എന്തെങ്കിലും ആശ്ചര്യമുണ്ടോ?.’ പാർവതി കുറിച്ചു.
ഒറ്റപ്പെട്ട സ്ഥലത്തുള്ള മൃഗസംരക്ഷണ കേന്ദ്രത്തിലാണ് കൊലപാതകം നടന്നത്. 16 നായകളെ സംരക്ഷിക്കാൻ പ്രതിമാസം 40,000 രൂപ വാഗ്ദാനം ചെയ്താണ് കൊല്ലം സ്വദേശിയായ മലയാളി യുവതിയെ ഇവിടേക്ക് എത്തിച്ചത്. നേരത്തെ വധശ്രമക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന കാലത്ത്, ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ നടത്തി യുവതി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇതേത്തുടർന്ന് പോലീസ് തന്നെ വേട്ടയാടുകയാണെന്ന് കാട്ടി യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
ഇതിനിടയിലാണ് സഹായവാഗ്ദാനവുമായി എത്തിയ വ്യക്തിയുടെ ഷെൽട്ടറിലേക്ക് യുവതി താമസം മാറിയത്. ലൈംഗികാതിക്രമം ചെറുത്തതാണ് കൊലപാതകത്തിന് കാരണമായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ബെംഗളൂരു പോലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പെൺകുട്ടികൾക്ക് സുരക്ഷിതമായ രാജ്യം എന്ന അവകാശവാദങ്ങളെ പരിഹസിച്ച നടി, ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ ഫെമിനിസത്തിന്റെ പ്രസക്തിയെക്കുറിച്ചും ഓർമ്മിപ്പിച്ചു.
യുവതി പരിപാലിക്കുന്ന 160 തെരുവുനായ്ക്കളുടെ ചെലവിന് സഹായിക്കാമെന്ന വാഗ്‌ദാനവുമായി കൊല്ലം സ്വദേശി എത്തിയത്. തെരുവുനായ്ക്കളെ സ്വന്തം വീട്ടിൽ പാർപ്പിച്ച് വാടകയ്ക്കായിരുന്നു യുവതിയും ഭർത്താവും കുഞ്ഞും താമസിച്ചിരുന്നത്.