“മലർവാടിയിലെ പ്രകാശൻ, മലയാളത്തിന്റെ നിവിൻ”; നിവിൻ പോളിക്ക് ജന്മദിനാശംസകൾ

','

' ); } ?>

മലയാളത്തിന്റെ യുവ നടൻ നിവിൻ പോളിക്ക് ഇന്ന് ജന്മദിനമാണ്. മറ്റേത് ജന്മദിനത്തെക്കാളും ഈ ജന്മദിനം നിവിന് ഏറെ പ്രിയപ്പെട്ടതാണ്. ശക്തമായൊരു തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് നിവിൻ. വരാനിരിക്കുന്ന ഒരു വര്‍ഷം മലയാളത്തിന്റെ പ്രിയതാരത്തെ സംബന്ധിച്ചിടത്തോളം ബ്ലോക്ക് ബസ്റ്റര്‍ വര്‍ഷമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വരും മാസങ്ങള്‍ വൈവിധ്യമാര്‍ന്ന ചിത്രങ്ങളുടെ ഒരു നിര തന്നെയാണ് നിവിന്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. വിനീത് ശ്രീനിവാസൻ എന്ന സംവിധായകൻ മലയാള സിനിമയ്ക്ക് നൽകിയ നിവിൻ പോളി. സഹ നടനിൽ തുടങ്ങി, കാമിയോകളിൽ പ്രത്യക്ഷപ്പെട്ട് പിന്നീട് മലയാളത്തിന്റെ മുൻ നിര നായകനിലേക്ക് അയാൾ നടന്നു കയറിയത്. പിന്നീടെപ്പോഴോ അയാളിലെ നടനെ മലയാളികൾക്ക് നഷ്ടമായി. പിന്നെ വീണ്ടും ശക്തമായ തിരിച്ചു വരവ്. മലയാളത്തിന്റെ യുവ നടന് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ

അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ‘സര്‍വ്വം മായ’, ഹൊറര്‍- കോമഡി ജോണറിലൊരുങ്ങുന്ന ചിത്രം ക്രിസ്മസിന് തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അജു വര്‍ഗീസ്- നിവിന്‍ കൂട്ടുകെട്ടിന്റെ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള കൂടിച്ചേരൽ കൂടിയാണ് ചിത്രം. ‘പ്രേമലു’വിൻ്റെ ടീം ഒരുക്കുന്ന റൊമാൻ്റിക് കോമഡിയായ ‘ബെത്ലഹേം കുടുംബ യൂണിറ്റ്”. മമിത ബൈജുവാണു നായിക. നവംബറിൽ പുറത്തിറങ്ങുന്ന “ബേബി ഗേൾ” , തമിഴ് റൊമാന്റിക് സൈക്കോളജിക്കൽ ഡ്രാമ ‘ഏഴ് കടൽ ഏഴ് മലൈ’. അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന തമിഴ് മൂവി ബെൻസ്. ചിത്തത്തിൽ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ (എല്‍സിയു) വില്ലന്‍ കഥാപാത്രമായ ‘വോള്‍ട്ടര്‍’ ആയാണ് നിവിൻ എത്തുന്നത്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനംചെയ്ത് ഗോകുലം മൂവീസ് നിര്‍മിക്കുന്ന ബിഗ് ബജറ്റ് പൊളിറ്റിക്കല്‍ ത്രില്ലെർ ചിത്രം, മെഡിക്കല്‍ റെപ്രസെന്റേറ്റീവുകളുടെ കഥപറയുന്ന ‘ഫാര്‍മ്മ’ എന്ന വെബ് സീരീസ് , നിർമാതാവെന്ന നിലയിൽ, തൻ്റെ ‘പോളി ജൂനിയർ പിക്‌ചേഴ്‌സ്’ ബാനറിൽ, പാൻ-ഇന്ത്യൻ സൂപ്പർ ഹീറോ ചിത്രം ‘മൾട്ടിവേഴ്‌സ് മന്മഥൻ’, നയൻതാര നായികയാകുന്ന ‘ഡിയർ സ്റ്റുഡൻ്റ്സ്’ എന്നിങ്ങനെയാണ് നിവിന്റെ ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ.

മലർവാടിയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നിവിൻ്റെ ഏറ്റവും വലിയ ജനപ്രിയ ചിത്രമായിരുന്നു 2012ലെ തട്ടത്തിൻ മറയത്ത്. ചിത്രത്തിലൂടെ മലയാളികൾക്ക് ലഭിച്ചത് എക്കാലത്തെയും മികച്ച ഒരു റൊമാന്റിക് കോമഡി ചിത്രവും അതിലേറെ ജനപ്രീതി നേടിയ ഒരു നായകനെയുമാണ്.
2013ൽ വീണ്ടും മികച്ച കരിയർ ഹിറ്റായ ‘നേര’വുമായി അയാൾ മലയാള സിനിമയുടെ യുവ താരനിരയുടെ മുൻപന്തിയിൽ തന്നെ സ്ഥാനം ഉറപ്പിച്ചു.
1983 , ഓംശാന്തി ഓശാന, ബാംഗ്ലൂർ ഡെയ്‌സ് , തുടങ്ങി കരിയറിലെ ഏറ്റവും നല്ല ചിത്രങ്ങൾ അയാൾ പ്രേക്ഷകർക്ക് സമ്മാനിച്ചു. മലയാളികൾ ഏറ്റവും കൂടുതൽ ആഘോഷമാക്കിയ കഥാപാത്രമായിരുന്നു നിവിന്റെ ജോർജ് ഡേവിഡ്, പ്രേമത്തിലെ ജോർജിനെ ഇന്നത്തെ തലമുറയ്ക്കും പറഞ്ഞ് പരിചയപ്പെടുത്തേണ്ട കാര്യമില്ല. തുടർന്ന് വന്ന ആക്ഷൻ ഹീറോ ബിജുവിൽ സിനിമയെന്നതിലുപരി യഥാർത്ഥ പോലീസിന്റെ ജീവിതം അയാൾ അനശ്വരമാക്കി. ഹേയ് ജൂഡിൽ ഓട്ടിസം സ്പെക്ട്രം ഡിസോഡർ എന്ന വിഷയം അവതരിപ്പിച്ചപ്പോൾ മൂത്തോനിൽ ശക്തമായ രാഷ്ട്രീയം പറഞ്ഞു.

പിന്നീടെപ്പോഴോ അയാളിലെ നടനെ പ്രേക്ഷകർക്ക് നഷ്ടമായി. ബോഡി ഷെയിമിങ് കൊണ്ടുപോലും ആളുകൾ ആ മനുഷ്യനെ വേദനിപ്പിച്ചു. യഥാർത്ഥ കലാകാരന്റെ സിരയിൽ നിന്നും കല മാഞ്ഞുപോകില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു അയാൾ. ആ മനുഷ്യൻ തളർന്നില്ല, വിമർശനങ്ങൾക്കും, പരിഹാസങ്ങൾക്കും മറുപടി പറയാൻ അയാളൊരുങ്ങി കഴിഞ്ഞു. ഈ ജന്മദിനം അദ്ദേഹത്തിനേറ്റവും പ്രിയപ്പെട്ടതാകുന്നതും അത് കൊണ്ട് തന്നെയാണ്. മലയാളത്തിന്റെ യുവ നായകന് ഒരിക്കൽ കൂടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.