വാഹനാപകടത്തിൽ മരണപ്പെട്ടുവെന്ന് വ്യാജ പ്രചാരണം; പ്രതികരിച്ച് കാജൽ അഗർവാൾ

','

' ); } ?>

റോഡപകടത്തിൽ മരണപ്പെട്ടെന്ന വ്യാജ വാർത്തകളിൽ പ്രതികരിച്ച് നടി കാജൽ അഗർവാൾ. വാർത്ത പൂർണമായും അടിസ്‌ഥാനരഹിതമാണെന്നും, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കാജൽ അഗർവാൾ പറഞ്ഞു. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച സ്റ്റോറിയിലൂടെയാണ് താരത്തിന്റെ പ്രതികരണം.

“ഞാൻ ഒരു അപകടത്തിൽപ്പെട്ടുവെന്നും ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നും അവകാശപ്പെടുന്ന ചില അടിസ്ഥാനരഹിതമായ വാർത്തകൾ കണ്ടു. വളരെ രസകരമായി തോന്നുന്നു. ദൈവകൃപയാൽ, ഞാൻ പൂർണമായും സുഖമായും സുരക്ഷിതയായും ഇരിക്കുന്നു. ഇത് നിങ്ങളെയെല്ലാം അറിയിക്കണം എന്നു തോന്നി. ദയവായി തെറ്റായ വാർത്തകൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. പകരം നമുക്ക് പോസിറ്റീവിറ്റിയിലും സത്യമായ വാർത്തകളിവും ശ്രദ്ധ കേന്ദ്രീകരിക്കാം.”കാജൽ അഗർവാൾ കുറിച്ചു.

കാജൽ ഒരു റോഡപകടത്തിൽ പെട്ടുവെന്നും ഗുരുതരമായി പരുക്കേറ്റുവെന്നുമായിരുന്നു ആദ്യം വന്ന പോസ്റ്റു‌കൾ. പിന്നീട് മരണപ്പെട്ടു എന്നതരത്തിലുള്ള അഭ്യൂഹങ്ങളും വ്യാപിക്കുകയായിരുന്നു. ‘വിദേശത്ത് റോഡപകടത്തിൽ മരിച്ച കാജൽ അഗർവാളിന്റെ മൃതദേഹം ആംബുലൻസിൽ കൊണ്ടുപോകുന്നു’ എന്ന് ആരോപിക്കുന്ന ഒരു വ്യാജ വീഡിയോയായാണ് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിച്ചത്. ഇന്ത്യയിലും ശ്രീലങ്കയിലും ഈ വ്യാജ പ്രചാരണം ശക്‌തമായിരുന്നു. എന്നാൽ, ഇതിന് മതിയായ തെളിവുകൾ ഇല്ലെന്ന് മാത്രമല്ല നടിയുടെ ടീമിന്റെ ഔദ്യോഗിക പ്രസ്‌തവനായും വന്നിരുന്നില്ല.