‘രണ്ടാമൂഴം’ ഉപേക്ഷിച്ചതോടെ ബി.ആര്‍ ഷെട്ടി തകര്‍ന്നോ?

','

' ); } ?>

പ്രമുഖ പ്രവാസി വ്യവസായിയും എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, യുഎഇ എക്സ്ചേഞ്ച് സ്ഥാപകനുമായ ബി.ആര്‍ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കി. രണ്ടാമൂഴം എന്ന സിനിമയുടെ നിര്‍മ്മാണം ഏറ്റെടുത്തുവെന്ന വാര്‍ത്തയോടെയാണ് ബി.ആര്‍ ഷെട്ടിയെ മലയാളികള്‍ കാര്യമായി ശദ്ധിച്ചത്. ബി.ആര്‍ ഷെട്ടിയുടെ കടബാധ്യതകളാണോ ചിത്രമുപേക്ഷിക്കാന്‍ കാരണമായതെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ തുടങ്ങിയിട്ടുള്ളത്. ഷെട്ടിയുടെ അക്കൗണ്ടും കുടുംബാംഗങ്ങളുടെ അക്കൗണ്ടും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ അക്കൗണ്ടും മരവിപ്പിക്കാനാണു മറ്റു ബാങ്കുകള്‍ക്കു സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഷെട്ടിയുടെ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും മാനേജര്‍മാരുടെയും അക്കൗണ്ടുകളും മരവിപ്പിക്കും. ഈ അക്കൗണ്ടുകളില്‍നിന്നുള്ള ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു.

എന്‍എംസി 6.6 ബില്യണ്‍ ഡോളറിന്റെ കടബാധ്യത അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. വിവിധ ബാങ്കുകളിലായി കോടിക്കണക്കിനു രൂപയുടെ കടബാധ്യതയാണു കമ്പനിക്കുള്ളത്. ബ്രിട്ടനില്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേടില്‍ ഷെട്ടി ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്ന മുറയ്ക്ക് യുഎഇയിലേക്കു മടങ്ങുമെന്നും ഷെട്ടി അറിയിച്ചിരുന്നു. ഷെട്ടിയുമായി ബന്ധപ്പെട്ട നിരവധി കമ്പനികളാണ് സെന്‍ട്രല്‍ ബാങ്ക് കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിയാണ് ഷെട്ടി. എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കി സിനിമയെടുക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതായി നിര്‍മാതാവ് ഡോ.ബി.ആര്‍.ഷെട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം മഹാഭാരതം സിനിമയാക്കണമെന്ന മോഹം ഇപ്പോഴും ഉണ്ടെന്നാണ് അന്ന് അദ്ദേഹം വ്യക്തമാക്കിയത്.

മലയാളത്തില്‍ രണ്ടാമൂഴം എന്ന പേരിലും ഇതര ഭാഷകളില്‍ മഹാഭാരതം എന്ന പേരിലും സിനിമ എടുക്കുമെന്നായിരുന്നു സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തിരക്കഥ സംബന്ധിച്ച് എം.ടിയും ശ്രീകുമാര്‍ മേനോനും തമ്മില്‍ തര്‍ക്കം നടക്കുന്നതായി അറിഞ്ഞു. ഇതിനിടയില്‍ തന്നെ ആ കഥ മഹാഭാരതം എന്ന പേരില്‍ സിനിമയാക്കിയാല്‍ പ്രശ്‌നമുണ്ടായേക്കുമെന്ന് ചിലര്‍ ഷെട്ടിയെ അറിയിച്ചു. ഹിന്ദിയില്‍ പത്മാവത് എന്ന സിനിമയുടെ കാര്യം പറഞ്ഞായിരുന്നു അവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തിരക്കഥാകൃത്തും സംവിധായകനും തമ്മിലുള്ള തര്‍ക്കവും പത്മാവത് ഉണ്ടാക്കിയ വിവാദങ്ങളും കണക്കിലെടുത്താണ് ഈ പദ്ധതി ഉപേക്ഷിക്കുന്നതെന്നാണ് ഡോ.ഷെട്ടി അറിയിച്ചത്. ഇക്കാര്യത്തെ കുറിച്ച് മാതാ അമൃതാനന്ദമയിയുമായും സദ്ഗുരുവുമായും സംസാരിച്ചിരുന്നു. അവരുടെ കൂടി ഉപദേശം തേടിയാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എം.ടിയുടെ രണ്ടാമൂഴം സിനിമയാക്കുന്നതിനായി ആയിരം കോടി രൂപയോളം മുടക്കാന്‍ ബി.ആര്‍.ഷെട്ടിയും സന്നദ്ധനായിരുന്നു. ഇരുവരും അബുദാബിയില്‍ വെച്ച് പത്രസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതിനിടയില്‍ തിരക്കഥ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് എം.ടി കോഴിക്കോട് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. പറഞ്ഞ സമയത്തിനകത്ത് സിനിമാ നിര്‍മാണം തുടങ്ങാത്തതിന്റെ പേരിലായിരുന്നു എം.ടി തിരക്കഥ തിരിച്ചുചോദിച്ചത്. അതേസമയം ഷെട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയോടെ വ്യവസായ ഭീമന് എന്തുപറ്റിയെന്ന ചര്‍ച്ചകളാണുയരുന്നത്.