വരിയെഴുത്തുകാരുടെ പേരൊഴിവാക്കുന്നതില്‍ കാവ്യനീതിയില്ലായ്മയില്ലേ

പാട്ടിനെ കുറിച്ച് പറയുന്നിടത്തെല്ലാം ക്രെഡിറ്റ് മെന്‍ഷന്‍ ചെയ്യുമ്പോള്‍ (എല്ലായിടത്തുമെന്നല്ല) ഗാനരചയിതാക്കളുടെ പേരുകള്‍ കാണാറില്ലെന്ന് പറയുകയാണ് ഗാനരചയിതാവ് ബി.കെ ഹരിനാരായണന്‍. ‘തനനാ എന്ന ഈണം പാട്ടാവണമെങ്കില്‍ വരി വേണ്ടേ ? അപ്പൊ വരിയെഴുത്താളരുടെ പേരൊഴിവാക്കുന്നതില്‍ ഒരു കാവ്യനീതിയില്ലായ്മയില്ലേ’ …ഹരിനാരായണന്‍ ചോദിക്കുന്നു. ഗാനരചയിതാവ് മനു മഞ്ജിതുള്‍പ്പെടെയുള്ളവര്‍ ഈ പോസ്റ്റിന് പിന്തുണയുമായെത്തിയിട്ടുണ്ട്. മനു ചോദിക്കുന്നു ‘അതിപ്പോ ആരും കഷ്ടപ്പെട്ട് എഴുതീട്ടൊന്നുമല്ലല്ലോ… തന്നാലെയങ്ങ് ഉണ്ടാകുന്നതല്ലേ… പിന്നെന്തിന് ?’ നിരവധി പേരാണ് ഫേസ്ബുക്ക് പോസ്റ്റിന് അനുകൂലിച്ച് കമന്റുമായെത്തിയിട്ടുള്ളത്. ഹരിനാരായണന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം…

പാട്ടിനെ കുറിച്ച് പറയുന്നിടത്ത് , പാട്ട് പോസ്റ്റ് ചെയ്യുന്നിടത്ത് ,പാട്ടുകളുടെ കവര്‍ സോങ്ങ് ചെയ്യുന്നിടത്ത് ഒക്കെ ക്രെഡിറ്റ് മെന്‍ഷന്‍ ചെയ്യുമ്പോള്‍ ,പലയിടത്തും (എല്ലായിടത്തുമെന്നല്ല ) ഗാനരചയിതാക്കളുടെ പേരുകള്‍ കാണാറില്ല .
സംഗീതസംവിധായകന്റെ ,സംവിധായകന്റെ , ഗായകന്റെ /ഗായികയുടെ നായികയുടെ / നായകന്റെ പേര് കാണും ഇതങ്ങുവിട്ട് പോകും ( മനപ്പൂര്‍വ്വമാവണമെന്നില്ല )

തനനനാ എന്ന ഈണം പാട്ടാവണമെങ്കില്‍ വരി വേണ്ടേ ? അപ്പൊ വരിയെഴുത്താളരുടെ പേരൊഴിവാക്കുന്നതില്‍ ഒരു കാവ്യനീതിയില്ലായ്മയില്ലേ ല്ലേ ല്ലേ..????

നബി : അല്ല … അതിപ്പൊ ഓരോ കീഴ്വഴക്കമാകുമ്പോ എന്ന ലൈനാണോ എന്നും അറിയില്ല