സോയയുടെ ഭാഗ്യം ദുല്‍ഖറിനെ പിന്തുണച്ചു…!

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ രണ്ടാം ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്ന സോയ ഫാക്ടര്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ബോളിവുഡ് താരസുന്ദരി സോനം കപൂറിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി ദുല്‍ഖര്‍ വേഷമിടുന്നത് കാണാന്‍ തന്നെയായിരുന്നു ചിത്രത്തിനെത്തിയ മലയാളികളിലേറെ പേരുടെയും തിരക്ക്. ഒരു പക്ഷെ നല്ല തിരക്കഥയുടെയും സംവിധാനത്തിന്റെയും പിഴവുകളുണ്ടായിരുന്നെങ്കില്‍ പോലും സോയ ഫാക്ടറിനെ തുണച്ചത് ദുല്‍ഖറിന്റെ ഈ താരസാന്നിധ്യവും സോയയുടെ ലക്കും തന്നെയാണെന്ന് പറയാം.!

പലപ്പോഴും നമ്മള്‍ ജീവിതത്തില്‍ പതറിപ്പോകാറുള്ള സാഹചര്യങ്ങളില്‍ നമ്മുടെ ഭാഗ്യം അഥവാ ലക്ക് നമ്മളെ പിന്തുണക്കാറുള്ളതായി തോന്നാറുണ്ട്. എന്നാല്‍ അത്തരം വിശ്വാസങ്ങളെ നേരെ തള്ളിക്കളഞ്ഞ് കഠിനാധ്വാനത്തിലും സ്വന്തം കഴിവിലും വിശ്വസിക്കുന്നവരുമുണ്ട്. 2008ല്‍ അനുജ ചൗഹന്‍ രചിച്ച സോയ ഫാക്ടര്‍ എന്ന നോവലിനെ ആസ്പദമാക്കിയൊരുക്കിയ ചിത്രം സമൂഹത്തിലെ ഈ രണ്ട് കൂട്ടരുടെയും ഒരു കൂടിച്ചേരലിനെക്കുറിച്ചാണ് പറയുന്നത്.

ഇന്ത്യന്‍ ടീമിന്റെ ഏറ്റവും പുതിയ ക്യാപ്റ്റനാണ് നിഖില്‍ ഖോഡ. യുവത്വവും ആത്മവിശ്വാസവും തുളുമ്പുന്ന ഒരു മിടുക്കരനായ ചെറുപ്പക്കാരന്‍. എന്നാല്‍ എന്തുകൊണ്ടോ നിഖില്‍ ക്യാപ്റ്റനായതിന് ശേഷം ഇന്ത്യന്‍ ടീം മാച്ചുകള്‍ ജയിച്ചിട്ടേയില്ല. സെഞ്ച്വറിക്ക് തൊട്ടുമുമ്പെത്തുമ്പോള്‍ നിഖില്‍ തുടര്‍ച്ചയായി എല്ലാ കളിയിലും ഔട്ടാവുകയും ചെയ്യുന്നു.

മറുവശത്ത് സോയ. സോയ വളരെ ഉന്മേഷഭരിതയാണ്. ജീവിതം ആഘോഷിക്കാനാണ് സോയക്കിഷ്ടം. ജീവിതത്തെക്കുറിച്ച് സോയക്ക് ഒരു പ്ലാനുകളുമില്ല. പക്ഷെ സോയയും ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തിലാണ്. കാര്യങ്ങളെ ഏറെ നിസാരമായിക്കാണുന്ന സോയക്ക് ജോലിയില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ദുരനുഭവങ്ങളുണ്ടാവുകയാണ്. എന്നാല്‍ സോയ പോലും ശ്രദ്ധിക്കാത്ത ഈ കഥയിലെ വഴിത്തിരവായി മാറുന്ന ഒരു കാര്യമുണ്ട്. സോയയുടെ ഭാഗ്യം. തന്റെ കമ്പനിയുടെ ഒരു പരസ്യവുമായി ബന്ധപ്പെട്ട് വേള്‍ഡ് കപ്പ് പര്യടനത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിചയപ്പെടുന്നതോടെ സോയയുടെയും നിഖിലിന്റെയും ജീവിതത്തില്‍ ഈ ഭാഗ്യം വലിയ മാറ്റങ്ങളുണ്ടാക്കുകയാണ്.

ഒരു പക്കാ ബോളിവുഡ് താരമായാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തിയിരിക്കുന്നത്. ചിത്രത്തിനായി ശരീര സൗന്ദര്യത്തെ ഒരുക്കിയെടുത്തും സഹജമായി ത്തോന്നുന്ന ഹിന്ദി ഭാഷയെ വശത്താക്കിയും ദുല്‍ഖര്‍ ബോളിവുഡില്‍ ഒരു ചലനം സൃഷ്ടിക്കുമെന്നുള്ളത് ഉറപ്പാണ്. സോനത്തിന്റെ സ്മാര്‍ട്ടായ നിഷ്‌ക്കളങ്കയായ സോയയെയും പ്രേക്ഷകര്‍ ഏറെ സ്‌നേഹത്തോടെയാണ് ഏറ്റെടുത്തത്.

ഒരു മികച്ച തിരക്കഥയെ വലിയ ക്യാന്‍വാസിലവതരിപ്പിക്കാന്‍ സോയ ഫാക്ടറിന് കഴിഞ്ഞിട്ടുണ്ട്. കഥാ അടിസ്ഥാനത്തിലുള്ള തമാശകളുടെയും ചിത്രത്തിലെ താരസാന്നിധ്യത്തിന്റെയും സാധ്യതകളെ ഉപയോഗപ്പെടുത്തിയത് തന്നെയാണ് സംവിധായകന്‍ അഭിഷേക് ശര്‍മ്മയുടെ വിജയം. ഇടയ്ക്കിടെ കഥയിലെ ഫില്‍മി ചേരുവകള്‍ കൂടിപ്പോയത് ചെറിയ മുഴിപ്പുണ്ടാക്കി.

ജീവിതത്തില്‍ ഭാഗ്യവും കഠിനാധ്വാനവും ഒരു പോലെ പിന്തുണക്കുമ്പോഴാണ് നമുക്ക് യഥാര്‍ത്ഥ വിജയമുണ്ടാകുന്നത് എന്ന ആശയം മനോഹരമായി ആവിഷ്‌ക്കരിക്കാന്‍ കഴിഞ്ഞത് തന്നെയാണ് സോയ ഫാക്ടറിന്റെ വിജയം. സോയയുടെ ഭാഗ്യം സോയ ഫാക്ടറിനെയും ദുല്‍ഖര്‍ സല്‍മാനെയും പിന്തുണച്ചെന്ന് തന്നെ പറയാം.