പ്രതീക്ഷകളേക്കാള്‍ പതിന്മടങ്ങ്.. !കോരിത്തരിപ്പിച്ച് ജല്ലിക്കട്ട് ടീസര്‍

ആമേന്‍, ഡബിള്‍ ബാരല്‍, ഈമയൗ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ മലയാളത്തിന്റെ സ്വന്തം വേഴ്‌സറ്റൈല്‍ ഡയറക്ടര്‍ ലിജോ ജോസ് പല്ലിശ്ശേരി ജല്ലിക്കട്ടിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. അന്താരാഷ്ട്ര തലത്തില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രത്തിന്റെ രംഗങ്ങള്‍ ആദ്യമായാണ് ഇപ്പോള്‍ പ്രേക്ഷകരിലേക്കെത്തുന്നത്. കാത്തിരിപ്പ് വെറുതെയായില്ലെന്നും ചിത്രത്തിനായുള്ള കട്ട വെയ്റ്റിങ്ങ് ആരംഭിക്കുകയാണെന്നും തന്നെയാണ് മിക്ക പ്രേക്ഷകരുടെയും പ്രതികരണം. ഈ വര്‍ഷം ഒക്ടോബറില്‍ പൂജ റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പോലെ തന്നെ ഒരു ഗ്രാമത്തില്‍ കയറുപൊട്ടിച്ചോടുന്നൊരു പോത്തിനെ മെരുക്കാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ രംഗങ്ങള്‍ തന്നെയാണ് ടീസറില്‍ പതിഞ്ഞിട്ടുള്ളത്. എന്നാല്‍ കേട്ട കഥയെക്കാള്‍ പതിന്മടങ്ങ് മികവോടെയാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍ ചിത്രം പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഗ്രാമത്തിലെ ജനക്കൂട്ടത്തിന്റെയും കഥയിലെ വളരെ ചെറിയ സംഭവങ്ങളുടെയും വരെ രംഗങ്ങള്‍ ലിജോ പകര്‍ത്തിയിരിക്കുന്നത് മികച്ച നിലവാരത്തോടെയാണ്.

മീശ എന്ന ചെറുകഥയിലൂടെ ഏറെ ശ്രദ്ധ നേടിയ എസ്.ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മനുഷ്യരുടെ സ്വാതന്ത്ര്യവും മാവോയിസ്റ്റ് സാഹചര്യവും രണ്ട് കാളകളുടെ വീക്ഷണത്തിലൂടെ കാണുന്നതാണ് ചിത്രമെന്ന് സംവിധായകനും വേള്‍ഡ് പ്രീമിയറിന് ശേഷം വ്യക്തമാക്കിയിട്ടുണ്ട്.

സിനിമയുടെ ജിസിസി വിതരണാവകാശം ഫാര്‍സ് ഇന്റര്‍നാഷണലിന് കൈമാറിയിട്ടുണ്ട്. ടൊറന്റെ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ ജല്ലിക്കട്ടിന്റെ വേള്‍ഡ് പ്രീമിയര്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. ‘Jaws in South India,’ എന്നാണ് ലോകപ്രശസ്ത സിനിമാ നിരൂപകരടക്കം ചിത്രത്തെ വാഴ്ത്തിയിരിക്കുന്നത്.

ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, ശാന്തി ബാലചന്ദ്രന്‍ സാബുമോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അങ്കമാലി ഡയറീസിന് വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരന്‍ തന്നെയാണ് ജെല്ലിക്കട്ടിനും ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിളള സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നു.