ആക്ഷന്‍ ത്രില്ലര്‍ കാപ്പാന്‍

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന മോഹന്‍ലാലും സൂര്യയും ഒന്നിച്ചെത്തുന്ന കാപ്പാന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നൊരു മാസ് എന്റര്‍ടെയിനര്‍ മൂഡിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. ജില്ലയ്ക്ക് ശേഷം തമിഴിലേക്കുള്ള മോഹന്‍ലാലിന്റെ ഒരു ശക്തമായ തിരിച്ചുവരവാണ് കാപ്പാന്‍. കൂടാതെ എന്‍ജികെ എന്ന മുന്‍ ചിത്രത്തില്‍ പ്രേക്ഷകരെ തെല്ലു നിരാശപ്പെടുത്തിയെങ്കിലും കാപ്പാനിലൂടെ മിന്നുന്ന പ്രകടനമാണ് സൂര്യ കാഴ്ച്ചവെച്ചത്.

പ്രധാന മന്ത്രിയായെത്തുന്ന മോഹന്‍ലാലിന്റെ കമാന്‍ഡോയുടെ വേഷത്തിലാണ് ചിത്രത്തില്‍ സൂര്യ എത്തുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളും സാഹചര്യങ്ങളും പ്രേക്ഷകരിലെത്തിക്കാന്‍ സംവിധായകനായ കെ.വി ആനന്ദിന് സാധിച്ചിട്ടുണ്ട്. സൂര്യക്കൊപ്പമുള്ള മുന്‍ വിജയ ചിത്രങ്ങളിലെ ഫോര്‍മുലകള്‍ കാപ്പാനിലും ഉപയോഗിക്കാന്‍ സംവിധായകന്‍ മറന്നില്ല. ലാലേട്ടനും സൂര്യയ്ക്കുമൊപ്പം തന്നെ ചിത്രത്തിലെ മറ്റു താരങ്ങളായ ആര്യ, സമുദ്രക്കനി, ബൊമ്മന്‍ ഇറാനി, വില്ലന്‍ വേഷത്തിലെത്തുന്ന ചിരാഗ് ജാനിയും തങ്ങളുടെ വേഷങ്ങള്‍ മികവുറ്റതാക്കി. നായിക വേഷത്തിലെത്തുന്ന സായേഷയും തന്റെ റോള്‍ ഭംഗിയായി അവതരിപ്പിച്ചു. വിവാഹത്തിനു ശേഷം ആര്യയും സായേഷയും ഒരുമിച്ചഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാപ്പാനുണ്ട്.

ഇന്ന് രാജ്യം നേരിടുന്ന മിക്ക ആഭ്യന്തര പ്രശ്‌നങ്ങളും സുരക്ഷാ ഭീഷണിയും കഥയില്‍ ഉടനീളം സംവിധായകന്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രേക്ഷകരെ ഹരംകൊള്ളിക്കുന്ന സംഘട്ടനരംഗങ്ങളാണ് ചിത്രത്തിലുള്ളത്. ഹാരിസ് ജയരാജിന്റെ സംഗീതവും എം.എസ് പ്രഭുവിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റുകൂട്ടി. ഒരു കൊമേര്‍ഷ്യല്‍ ചിത്രത്തിനു വേണ്ട എല്ലാ ചേരുവകളും ഉള്‍ക്കൊള്ളിച്ച ഒരു കെട്ടുറപ്പുള്ള തിരക്കഥ ചിത്രത്തിനുണ്ട്. ഏത് ആംഗിളില്‍ നോക്കിയാലും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയാണ് കാപ്പാന്‍.