മോഹന്‍ ലാലിന്റെ ബറോസിന് സംഗീതമൊരുക്കാന്‍ യുവസംഗീതജ്ഞന്‍ ലിഡിയന്‍.

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്റെ സംഗീതം നിര്‍വഹിക്കാനെത്തുന്ന സംഗീത സംവിധായകനെ കണ്ടാല്‍ പ്രേക്ഷകര്‍ ആദ്യമൊന്ന് അതിശയിച്ച് പോകും. കാരണം വെറും 13 വയസ്സ് മാത്രമുള്ള ഒരു സംഗീതജ്ഞനെയാണ് നിങ്ങള്‍ കാണാന്‍ പോകുന്നത്. എന്നാല്‍ തമിഴ്നാട് സ്വദേശിയായ ലിഡിയന്‍ നാദസ്വരം എന്ന ഈ ബാലന്‍ സംഗീതത്തിന്റെ കാര്യത്തില്‍ അത്ര ചെറുപ്പമല്ല. കാലിഫോര്‍ണിയയില്‍ നടന്ന സിബിഎസ് ഗ്ലോബല്‍ ടാലന്റ് ഷോയായ വേള്‍ഡ് ബെസ്റ്റില്‍ ഒന്നാം സമ്മാനം നേടിയ താരമാണ് ലിഡിയന്‍. മത്സരത്തിന്റെ ഫൈനലിലെത്തിയ കൊറിയന്‍ ടീമിനെ പരാജയപ്പെടുത്തി ഏഴുകോടിരൂപയുടെ സമ്മാനമാണ് ഈ കൗമാര പ്രതിഭ കരസ്ഥമാക്കിയത്. ഇന്ത്യയുടെ നിധിയെന്നാണ് എആര്‍ റഹ്മാന്‍ മുന്‍പ് ലിഡിയനെ വിശേഷിപ്പിച്ചത്. തമിഴ് സംഗീത സംവിധായകനായ വര്‍ഷന്‍ സതീഷിന്റെ മകനാണ് ലിഡിയന്‍.

അച്ഛന്റെയും സഹോദരി അമൃതവര്‍ഷിണിയുടെയും പിന്‍തുണയില്‍ തന്റെ രണ്ടാം വയസ്സുമുതലേ സംഗീത ഉപകരണങ്ങളുടെ ലോകത്തേക്ക് ലിഡിയന്‍ പിച്ചവെച്ചു. ഒന്‍പതാം വയസ്സിലാണ് പിയാനോ പഠനം ആരംഭിച്ചത്. ലണ്ടന്‍ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കില്‍ നിന്ന് പിയാനോയില്‍ അഞ്ചാം ഗ്രേഡ് നേടി. തബലയിലും മൃദംഗത്തിലും ഇതിനകം പ്രാവീണ്യം നേടി. ലിഡിയന്റെ സംഗീത മികവ് ശ്രദ്ധയില്‍പ്പെട്ടതോടെ എ ആര്‍ റഹ്മാന്‍ അവനെ തന്റെ കെ എം മ്യൂസിക് കണ്‍സര്‍വേറ്ററില്‍ അംഗമാക്കുകയും ചെയ്തു

ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ത്രിഡി ചിത്രം നിര്‍വ്വഹിച്ച ജിജോയുടെ തിരക്കഥയിലാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്. ലിഡിയന്റെ സംഗീത മികവിനെക്കുറിച്ച് അറിഞ്ഞ് ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു മോഹന്‍ലാലെന്നും കേരള കൗമുദി വാര്‍ത്തയില്‍ വിഎസ് രാജേഷ് റിപ്പോര്‍ട്ട് ചെയ്യുന്നു.