‘ഇത് എം ജെ രാധാകൃഷ്ണന് പകരം ഞാന്‍ കണ്ടെത്തിയ പിന്‍ഗാമി’ : ഡോ ബിജു

അന്തരിച്ച ഛായാഗ്രഹകന്‍ എംജെ രാധാകൃഷ്ണന്റെ (എം ജെ ആര്‍) വേര്‍പാട് മലയാള സിനിമയിലേല്‍പ്പിച്ച വിള്ളല്‍ പകരം വയ്ക്കാനാവാത്തതാണ്. ഏഴ് തവണ സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹനായിട്ടുള്ള അദ്ദേഹം ഒരുപക്ഷെ ചലച്ചിത്ര മേഖലയില്‍ ഏറ്റവും കൂടുതല്‍ ക്യാമറ ചലിപ്പിച്ചിട്ടുള്ളത് സംവിധായകന്‍ ഡോ. ബിജുവിന് വേണ്ടിയായിരിക്കും. ഈ അവസരത്തില്‍ തന്റെ സഹയാത്രികന്റെ അഭാവം തികയ്ക്കാനായി പുതിയ ഒരു ഛായാഗ്രഹകനെ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഡോ ബിജു പറയുന്നത്. മറ്റാരുമല്ല എം ജെ ആറിന്റെ മകനും സഹപ്രവര്‍ത്തകനുമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്റെ സ്വന്തം മകന്‍ യദു രാധാകൃഷ്ണന്‍ കണ്ടെത്തിയിരിക്കുന്ന ഈ പുതിയ പിന്‍ഗാമി.

ഡോ ബിജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് യദു രാധാകൃഷണന്റെ സ്വതന്ത്ര ഛായാഗ്രഹകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. എംജെ രാധാകൃഷ്ണന്റെ പതിനേഴോളം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള യദുവായിരിക്കും തന്റെ പുതിയ ചിത്രത്തില്‍ ഛായാഗ്രഹകന്‍ എന്ന് ഡോ ബിജു അറിയിച്ചു. സഹപ്രവര്‍ത്തകന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് ഡോ. ബിജു ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഈ വാര്‍ത്ത അറിയിച്ചത്.

”കണ്ണന്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന യദു എം.ജെ. ചേട്ടനൊപ്പം ഛായാഗ്രഹണ സഹായി ആയി ആദ്യം വര്‍ക്ക് ചെയ്ത സിനിമ ഞാന്‍ സംവിധാനം ചെയ്ത സൗണ്ട് ഓഫ് സൈലന്‍സ് ആയിരുന്നു. ലൈറ്റിങ്ങിലും ഫ്രെയിം സെന്‍സിലും എം.ജെ.ചേട്ടനുള്ള പ്രത്യേക കഴിവ് കണ്ണനും ലഭിച്ചിട്ടുണ്ട്. കണ്ണന്‍ ആദ്യമായി സ്വതന്ത്യ ഛായാഗ്രാഹകന്‍ ആകുന്നത് ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ആകണം എന്നാണ് എം.ജെ.ചേട്ടനും ആഗ്രഹിച്ചിട്ടുണ്ടാവുക എന്ന് എനിക്ക് ഉറപ്പുണ്ട്.”

ഡോ ബിജു തന്റെ കുറിപ്പിലൂടെ പറയുന്നു. ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ള വീട്ടിലേക്കുള്ള വഴി(2010), ആകാശത്തിന്റെ നിറം(2011), കാട് പൂക്കുന്ന നേരം(2016) എന്നീ ചിത്രങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 75ാളം ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ള എംജെആര്‍ കഴിഞ്ഞ ജൂലായിലായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്.