‘ഗുരുസ്ഥാനീയന്റെ വിമർശനം ഉൾക്കൊള്ളുന്നു’; അടൂർ ഗോപാലകൃഷ്ണനോട് പരസ്യമായി മാപ്പുപറഞ്ഞ് മന്ത്രി പി.സി. വിഷ്ണുനാഥ്

','

' ); } ?>

തിരുവനന്തപുരത്ത് നടന്ന ഫിലിം സൊസൈറ്റി അസോസിയേഷൻ പരിപാടിയിൽ വൈകിയെത്തിയ സംഭവത്തിൽ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉന്നയിച്ച പരസ്യ വിമർശനത്തിന് മറുപടിയുമായി മന്ത്രി പി.സി. വിഷ്ണുനാഥ്. അടൂർ തനിക്ക് ഗുരുസ്ഥാനീയനാണെന്നും സംഭവിച്ചതിൽ ആത്മാർഥമായി മാപ്പുപറയുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. സമയക്രമത്തിൽ താൻ കുറച്ചുകൂടി ശ്രദ്ധ പുലർത്തേണ്ടിയിരുന്നുവെന്ന് സമ്മതിച്ച മന്ത്രി, പൊതുപ്രവർത്തന രംഗത്താകുമ്പോൾ അഭിനന്ദനങ്ങൾക്കൊപ്പം ഇത്തരത്തിലുള്ള അവസരങ്ങളും അനുഭവങ്ങളും സ്വാഭാവികമാണെന്നും കൂട്ടിച്ചേർത്തു.

ഉച്ചയ്ക്ക് രണ്ടു മണിക്ക് ആരംഭിക്കേണ്ടിയിരുന്ന ചടങ്ങിലേക്ക് രണ്ടു മണിക്കൂറോളം വൈകിയാണ് മന്ത്രി എത്തിയത്. സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ ആശയവിനിമയത്തിലെ വീഴ്ചയാണ് പ്രശ്നത്തിന് ഇടയാക്കിയതെന്നാണ് മന്ത്രിയുടെ വിശദീകരണം. അടൂർ ഗോപാലകൃഷ്ണൻ രണ്ടു മണി മുതൽ വേദിയിൽ കാത്തിരിക്കുകയാണെന്ന വിവരം സംഘാടകർ തന്നെ മുൻകൂട്ടി അറിയിച്ചില്ലെന്നും, ഇനിയുള്ള കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, മന്ത്രി വേദിയിലിരിക്കെത്തന്നെയായിരുന്നു അടൂർ ഗോപാലകൃഷ്ണൻ തന്റെ കടുത്ത നീരസം പരസ്യമാക്കിയത്. നിശ്ചയിച്ച സമയം കഴിഞ്ഞ് രണ്ടു മണിക്കൂറോളം മന്ത്രിക്കായി വേദിയിൽ കാത്തിരിക്കേണ്ടി വന്നതാണ് അടൂരിനെ ചൊടിപ്പിച്ചത്.

മുൻപ് ഒരു സാംസ്കാരിക വകുപ്പ് മന്ത്രി ചർച്ചയ്ക്കായി വിളിച്ച് ഒന്നര മണിക്കൂർ കാത്തിരിപ്പിച്ച സംഭവം ചൂണ്ടിക്കാട്ടിയ അദ്ദേഹം, അന്ന് മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികളിൽ ഇനി പോകേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നതാണെന്നും ഓർമിപ്പിച്ചു. മന്ത്രിമാർക്ക് വലിയ തിരക്കുകളുള്ളതുപോലെ മറ്റുള്ളവർക്കും അവരുടേതായ തിരക്കുകളുണ്ടെന്നും, അനാവശ്യമായി നീരസം ഉണ്ടാക്കേണ്ട എന്ന് കരുതി മാത്രമാണ് ചടങ്ങിൽ നിന്നും ഇറങ്ങിപ്പോകാതിരുന്നതെന്നും അടൂർ തുറന്നടിച്ചിരുന്നു.