
‘ടോക്സിക്’ സിനിമയിലെ ചിലഭാഗങ്ങളുമായി നായകൻ യാഷിന് അഭിപ്രായവ്യത്യാസമുണ്ടെന്ന വാർത്തകൾ നിഷേധിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. റീഷൂട്ട് വാർത്തകളെല്ലാം വ്യാജമാണെന്നും ചിത്രത്തിൻ്റെ ഉള്ളടക്കത്തിൽ നായകൻ യാഷിന് പൂർണ തൃപ്‌തിയുണ്ടെന്നും അണിയറപ്രവർത്തകർ പറഞ്ഞു. കൂടാതെ ചിത്രത്തിന്റെ പോസ്‌റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായെന്നും ചിത്രം റിലീസിന് സജ്‌ജമാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി. ബിഗ് ബജറ്റ് ചിത്രമായതിനാൽ തിയറ്റർ ഇതര വരുമാനവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുന്നതിനാലാണ് ചിത്രത്തിൻ്റെ റിലീസ് വൈകുന്നത്.
‘ടോക്സിക്’ സിനിമയിലെ ചിലഭാഗങ്ങളുമായി നായകൻ യാഷിന് അഭിപ്രായവ്യത്യാസമുണ്ടെന്നും ഇവ വീണ്ടും ഷൂട്ട് ചെയ്യുമെന്നുമാണ് പ്രചരിച്ച വാർത്തകൾ. ചിത്രത്തിന് ആഗോള റിലീസുള്ളതിനാൽ ടോക്സിക്കിൻ്റെ ഇംഗ്ലിഷ് പതിപ്പും ഇറങ്ങുന്നുണ്ട്. അന്താരാഷ്ട്രവേദികളിൽ യാഷ് ഈ ചിത്രം പ്രചരിപ്പിച്ചിരുന്നു. ജൂൺ നാലിനായിരുന്നു ചിത്രത്തിൻ്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.
‘സിനിമാകോൺ 2026’ വേദിയിൽ ചിത്രത്തിന് ലഭിച്ച വമ്പിച്ച പ്രതികരണമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നിർമാതാക്കളെ നയിച്ചത്. അന്താരാഷ്ട്ര വിതരണക്കാരിൽനിന്നും ആഗോള സിനിമാ രംഗത്തെ പ്രമുഖരിൽ നിന്നും ലഭിച്ച മികച്ച പിന്തുണ, ചിത്രത്തിന് വലിയ ആഗോള റിലീസ് സാധ്യതകൾ തുറന്നുനൽകിയിട്ടുണ്ട്. സിനിമയുടെ നിർമാണ ജോലികൾ ഇതിനോടകം പൂർത്തിയായ സാഹചര്യത്തിൽ, ആഗോള വിതരണ കരാറുകളും പ്രധാന രാജ്യാന്തര പങ്കാളിത്തങ്ങളും ഉറപ്പാക്കാനാണ് നിലവിൽ അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
ഓഗസ്റ്റിൽ ചിത്രം തിയറ്ററുകളിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗീതു മോഹൻദാസിന്റെ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ കിയാര അദ്വാനി, നയൻതാര, ഹുമ ഖുരേഷി, താര സുതാരിയ, രുക്‌മണി വസന്ത് എന്നിവരുമുണ്ട്. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്‌റ്റർ മൈൻഡ് ക്രിയേഷൻസുമാണ് ചിത്രം നിർമിക്കുന്നത്.