സിബിഎഫ്‌സി മുൻ ചെയർമാനും നിർമാതാവുമായ പഹ്‌ലജ് നിഹലാനി അന്തരിച്ചു

','

' ); } ?>

സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ്റെ (സിബിഎഫ്‌സി) മുൻ ചെയർമാനും മുതിർന്ന ബോളിവുഡ് ചലച്ചിത്ര നിർമാതാവുമായ പഹ്‌ലജ് നിഹലാനി അന്തരിച്ചു. 76 വയസ്സായിരുന്നു. മുംബൈയിലെ സ്വവസതിയിൽ രാവിലെ 9.30-നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് (വ്യാഴാഴ്ച) വൈകുന്നേരം 3 മണിക്ക് മുംബൈ സാന്താക്രൂസിൽ നടക്കും.

വിവാദങ്ങൾ നിറഞ്ഞതായിരുന്നു 2015 ജനുവരി മുതൽ 2017 ഓഗസ്റ്റ് വരെയുള്ള അദ്ദേഹത്തിൻ്റെ സിബിഎഫ്‌സി ഭരണകാലം. ജെയിംസ് ബോണ്ട് ചിത്രമായ ‘സ്പെക്ടർ’, ബോളിവുഡ് സിനിമകളായ ‘ഉഡ്‌താ പഞ്ചാബ്’, ‘ജബ് ഹാരി മെറ്റ് സേജൽ’ തുടങ്ങിയവയ്ക്ക് ഏർപ്പെടുത്തിയ കർശനമായ സെൻസർഷിപ്പും വെട്ടിമാറ്റലുകളും വലിയ രീതിയിൽ വിമർശിക്കപ്പെട്ടു. ഇതേത്തുടർന്ന് 2017-ൽ ഇദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കിയാണ് പ്രസൂൺ ജോഷിയെ ചെയർമാനായി നിയമിച്ചത്. രാഷ്ട്രീയരംഗത്തും ശ്രദ്ധേയനായ അദ്ദേഹം 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്ര മോദിയെ പിന്തുണച്ച് ‘ഹർ ഹർ മോദി, ഘർ ഘർ മോദി’ എന്ന പ്രൊമോഷണൽ ഗാനവും 2015-ൽ ‘മേരാ ദേശ് മഹാൻ’ എന്ന മ്യൂസിക് വീഡിയോയും പുറത്തിറക്കിയത് വലിയ ചർച്ചയായിരുന്നു.

1980-കളുടെ തുടക്കത്തിൽ സിനിമാരംഗത്ത് എത്തിയ നിഹലാനി, ‘ഹാത്കാഡി’ (1982) എന്ന ചിത്രത്തിലൂടെയാണ് നിർമാണരംഗത്ത് ചുവടുറപ്പിക്കുന്നത്. ഗോവിന്ദയുടെ ആദ്യ ചിത്രമായ ‘ഇൽസാം’ (1986), ചുങ്കി പാണ്ഡെയെ പരിചയപ്പെടുത്തിയ ‘ആഗ് ഹി ആഗ്’ (1987) എന്നിവയ്ക്ക് പുറമെ ഗുനാഹോം കാ ഫൈസല, പാപ് കി ദുനിയ, മിട്ടി ഔർ സോനാ, ഷോല ഔർ ഷബ്നം തുടങ്ങിയ നിരവധി ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചു. ഇതിൽ തൊണ്ണൂറുകളിലെ വൻ ഹിറ്റായ ‘ആംഖേൻ’ അദ്ദേഹത്തെ ബോളിവുഡിലെ മുൻനിര നിർമാതാവാക്കി മാറ്റി. 2012-ൽ ഗോവിന്ദയെ നായകനാക്കി ‘അവതാർ’ എന്ന ചിത്രം സംവിധാനം ചെയ്ത അദ്ദേഹം, സിബിഎഫ്‌സി സ്ഥാനമൊഴിഞ്ഞ ശേഷം ‘ജൂലി 2’ എന്ന ചിത്രത്തിൻ്റെ വിതരണക്കാരനായും സിനിമാലോകത്ത് സജീവമായിരുന്നു.