ഇളയ ദളപതിക്ക് ഇന്ന് 44ാം പിറന്നാള്‍..

തെന്നിന്ത്യന്‍ സിനിമയുടെ ഇളയദളപതി വിജയ്ക്ക് ഇന്ന് നാല്പത്തിനാലാം പിറന്നാള്‍, ലോകമെമ്പാടുമുള്ള ആരാധകരുടെ ആശംസകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ആരാധകരുടെ സാന്നിധ്യവും സ്വാധീനവും കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായി മാറിയിരിക്കുകയാണ് വിജയ് ഇന്ന്.

തമിഴ് ചലച്ചിത്രനിര്‍മ്മാതാവായ എസ് എ ചന്ദ്രശേഖറിന്റെയും ശോഭ ചന്ദ്രശേഖരിന്റെയും മകനായി 1976 ജൂണ്‍ 22ന് ചെന്നൈയില്‍ ജനനം. ചെന്നൈയിലെ ലൊയോള കോളേജിലായിരുന്നു പഠനം. തന്റെ പത്താം വയസ്സിലെ അഭിനയത്തിലേക്ക് ചുവടുവെച്ച വിജയ് പിന്നീട് ബാലതാരമായി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുകയായിരുന്നു.

1984ല്‍ പുറത്തിറങ്ങിയ വെട്രി എന്ന സിനിമാറ്റിക് ഡ്രാമയായിരുന്നു വിജയുടെ ആദ്യ അഭിനയ സംരംഭം. പിന്നീട് പിതാവ് എസ് എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ‘ഇതു നീങ്കള്‍ നീതി'(1988) എന്ന ചിത്രത്തിലും വിജയ് ബാലതാരമായി പ്രത്യക്ഷപ്പെട്ടു. പതിനെട്ടാം വയസ്സില്‍ ചന്ദ്രശേഖര്‍ തന്നെ നിര്‍മ്മിച്ച ‘നാളൈയ തീര്‍പ്പൂ’ (1992) എന്ന ചിത്രത്തില്‍ വിജയ് തന്റെ ആദ്യ നായക വേഷം അവതരിപ്പിച്ചു. പിന്നീട് വിജയ്കാന്തിനൊപ്പൊം സിന്ദൂരപാണ്ടി എന്ന ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് അഭിനയിച്ച ചിത്രങ്ങള്‍ സാമ്പത്തികമായി വിജയിച്ചില്ല. 1994ല്‍ അജിത്തിനൊപ്പെം രാജാവിന്‍ പാര്‍വ്വയില്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. എന്നാല്‍ അപ്പോഴേക്കും പ്രേക്ഷകര്‍ക്ക് സുപരിചിതനായ വിജയ് തന്റെ ചുവടുറപ്പിച്ചുകഴിഞ്ഞിരുന്നു. തന്റെ വരും സിനിമകള്‍ ഒന്നിനൊന്ന് മികച്ചതാക്കി വന്‍ വാണിജ്യ വിജയം നേടുകയും ചെയ്തു.

1996ല്‍ പുറത്തിറങ്ങിയ പൂവേ ഉനക്കാ എന്ന ചിത്രമാണ് വിജയിയെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കുന്നത്. പിന്നീട് വണ്‍സ്മോര്‍, നേര്‍ക്കു നേര്‍, കാതുലുക്ക് മര്യാദ, തുള്ളാതെ മനവും തുള്ളും തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. കാതുലുക്ക് മര്യാദ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്‌ക്കാരം ലഭിച്ചു. അക്കാലത്ത് അധികവും പ്രണയചിത്രങ്ങളിലാണ് വിജയ് അഭിനയിച്ചത്.

2000ത്തില്‍ പുറത്തിറങ്ങിയ എല്ലാ വിജയ് ചിത്രങ്ങളും വന്‍ വിജയമാണ് നേടിയത്. ആ വര്‍ഷംപ്രദര്‍ശനത്തിനെത്തിയ ഖുശി ഉള്‍പെടെ മൂന്ന ചിത്രങ്ങള്‍ ബോക്സോഫീസ് ഹിറ്റുകളായിരുന്നു. 2001ല്‍ മലയാളചലച്ചിത്രസംവിധായകന്‍ സിദ്ധിഖിന്റെ ഫ്രണ്ട്സ് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ സൂര്യയ്ക്കൊപ്പം അഭിനയിച്ചു. ആ വര്‍ഷം ഇറങ്ങിയ ബദ്രി, ഷാജഹാന്‍ എന്നീ ചിത്രങ്ങളും വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്. ഷാജഹാന്‍ എന്ന ചിത്രത്തിലെ സരക്ക് വെച്ചിരിക്കു എന്ന ഗാനരംഗം തെന്നിന്ത്യ മുഴുവന്‍ ചലനം സൃഷ്ടിച്ചു. 2004 ല്‍ പുറത്തിറങ്ങിയ ഗില്ലി അന്നുവരെ തമിഴ് സിനിമ വ്യവസായത്തില്‍ നിലനിന്നിരുന്ന സകല റെക്കോര്‍ഡുകള്‍ക്കും മറികടക്കുന്ന വിജയമാണ് സ്വന്തമാക്കിയത്.


തന്റെ സിനിമകളിലൂടെ വിജയ് മുന്നോട്ട് വെക്കുന്ന സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങള്‍ വലിയ വിവാദമാവുകയും പല സിനിമകളുടെ റിലീസിന് പോലും തടസമായിട്ടുണ്ട്. അവസാനം പുറത്തിറങ്ങിയ മെര്‍സല്‍, സര്‍ക്കാര്‍ എന്നീ സിനിമകള്‍ക്ക് നേരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തിയത്. മെര്‍സലിന് ശേഷം വിജയ്- അറ്റ്‌ലീ ടീം ഒന്നിക്കുന്ന പുതിയ ചിത്രം ‘ബിഗില്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയാണ് വിജയ് ആരാധകര്‍ക്ക് പിറന്നാള്‍ സ്പെഷ്യല്‍ സര്‍പ്രൈസ് നല്‍കിയത്. ഈ ചിത്രത്തിലും വിജയ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. നയന്‍താരയാണ് നായിക. സംഗീതം എ.ആര്‍ റഹ്മാന് ചിത്രം ദീപാവലിക്ക് റിലീസ് ചെയ്യാനാണ് സാധ്യത. പിറന്നാള്‍ പ്രമാണിച്ച് വമ്ബന്‍ ആഘോഷ പരിപാടികളാണ് ആരാധക കൂട്ടായ്മയായ ‘വിജയ് മക്കള്‍ ഇയക്കം’ ഒരുക്കിയിരിക്കുന്നത്, കേരളത്തിലും തമിഴ്നാട്ടിലും ഏറ്റവുമധികം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ദിവസമാണ് വിജയ്യുടെ പിറന്നാള്‍.