
സിനിമയിൽ ഒപ്പം അഭിനയിക്കുന്ന നടിമാരുമായി പ്രണയത്തിലാകുന്നുവെന്ന പ്രചാരണങ്ങൾക്കും ചോദ്യങ്ങൾക്കും കൃത്യമായ മറുപടിയുമായി മുതിർന്ന നടൻ വിജയരാഘവൻ. അഭിനയം എന്നത് കേവലം തൊഴിൽ മാത്രമാണെന്നും കഥാപാത്രങ്ങളെ കഥാപാത്രങ്ങളായി മാത്രമാണ് കാണേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.
അഭിനയത്തിൽ സ്ത്രീ-പുരുഷൻ എന്നതിലുപരി നടീനടന്മാർ മാത്രമേയുള്ളൂവെന്ന് സ്വന്തം ജീവിതാനുഭവങ്ങൾ ചൂണ്ടിക്കാട്ടി വിജയരാഘവൻ വ്യക്തമാക്കുന്നു. നാടകത്തിൽ സ്വന്തം സഹോദരി തന്റെ കാമുകിയായി അഭിനയിച്ചിട്ടുണ്ട്. മികച്ച നടിയായ അച്ഛന്റെ പെങ്ങൾ ഓമന, അച്ഛന്റെ അമ്മയായും കാമുകിയായും വേഷമിട്ടിട്ടുണ്ട്. നടി ഉർവശി ഇപ്പോൾ തന്റെ ഭാര്യയായി അഭിനയിച്ചതുകൊണ്ട് അവരോട് പ്രണയം തോന്നില്ലെന്നും, എപ്പോഴും ഒരു കുട്ടിയെപ്പോലെയാണ് കാണുന്നതെന്നും താരം പറഞ്ഞു.
ഒപ്പം അഭിനയിക്കുന്ന നായികയോട് പ്രണയം തോന്നുമെന്ന വാദത്തെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം ചോദ്യം ചെയ്തത്. നായികയോട് പ്രണയം തോന്നുമെങ്കിൽ, ഒരുപാട് സിനിമകളിൽ വില്ലനായി ഒപ്പം അഭിനയിക്കുന്നയാളെ കാണുമ്പോൾ തല്ലാൻ തോന്നാത്തത് എന്തുകൊണ്ടാണെന്ന് വിജയരാഘവൻ ചോദിക്കുന്നു. ഒപ്പം അഭിനയിക്കുന്നവരോട് പ്രണയം തോന്നുന്നുവെന്ന് പറയുന്നത് അസംബന്ധമാണെന്നും, അത് വേറെ എന്തോ ‘സൂക്കേട്’ ആണെന്നുമാണ് താരത്തിന്റെ പരിഹാസം. ‘ആശ’യാണ് വിജയരാഘവന്റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.
വിജയരാഘവന്റെ വാക്കുകൾ;
“എന്റെ സഹോദരി എന്റെ കാമുകിയായിട്ട് നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. എന്റെ അച്ഛന്റെ പെങ്ങൾ ഓമന. ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും മികച്ച ആർട്ടിസ്റ്റ് ആരാണെന്ന് എന്നോട് ചോദിച്ചാൽ ഞാൻ പറയും അതെന്റെ ചിറ്റയാണെന്ന്. അച്ഛന്റെ ഇളയ പെങ്ങളാണ്. അന്ന് അവർക്ക് 28 വയസ് കാണും. അവർ അച്ഛന്റെ അമ്മയായിട്ട് അഭിനയിച്ചിട്ടുണ്ട് അന്ന്. അത്ഭുതകരമായ കഴിവുള്ള നടിയാ. അച്ഛന്റെ കാമുകിയായിട്ട് അഭിനയിച്ചിട്ടുണ്ട്.
എന്റെ പെങ്ങൾ എന്റെ കാമുകയായി അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിൽ നടീ നടൻമാരല്ലേ ഉള്ളൂ. ഉർവശിയിപ്പോൾ എന്റെ ഭാര്യയായിട്ട് അഭിനയിക്കുന്നു എന്നുവെച്ച് ഉർവശിയോട് പ്രണയം തോന്നുമോ ?. എനിക്ക് എപ്പോൾ കണ്ടാലും അവളെ കുട്ടിയായിട്ട് അല്ലേ തോന്നുകയുള്ളൂ. എന്റെ മകന് എന്റെ അച്ഛനായിട്ട് അഭിനയിക്കാൻ മേലേ.
കൂടെ അഭിനയിക്കുന്നവരോട് പ്രണയം തോന്നുന്നു എന്ന് പറയുന്നു. അങ്ങനെയാണെങ്കിൽ കൂടെ അഭിനയിക്കുന്ന വില്ലനോട് എന്തുകൊണ്ടാണ് ദേഷ്യം തോന്നാത്തത്. അതും വേണമല്ലോ. കുറേ പ്രാവശ്യം കൂടെ നായികയായി അഭിനയിച്ച ആളോട് പ്രണയം തോന്നാറുണ്ടെങ്കിൽ, അങ്ങനെ കുറേ നാളായിട്ട് കൂടെ വില്ലനായിട്ട് അഭിനയിക്കുന്നവനെ കണ്ടാൽ തൊഴിക്കുമോ ?.
അതെന്താ ചെയ്യാത്തേ ?. അതൊക്കെ ചുമ്മാ വെറുതേ പറയുന്നതല്ലേ. അത് വേറെ സൂക്കേട് ആണ്.”