“ആരാണ് അതിനുള്ള സ്വാതന്ത്ര്യം കൊടുത്തത്?, ടിനി ചെയ്തത് മോശമായിപ്പോയി”; ഉർവശി

','

' ); } ?>

ബോഡി ഷെയ്മിങ്ങിനും ആളുകളെ പരസ്യമായി പരിഹസിക്കുന്ന പ്രവണതയ്ക്കുമെതിരെ സമൂഹത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നതിനെ പിന്തുണച്ച് നടി ഉർവശി. നടൻ ബാലയുടെ ഭാഷാശൈലിയെ മറ്റൊരു വേദിയിൽ അനുകരിച്ച് പരിഹസിച്ച നടൻ ടിനി ടോമിനെ ഉർവശി വിമർശിച്ചു. തന്റെ പുതിയ ചിത്രമായ ‘ആശ’യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരം തുറന്നടിഞ്ഞത്.

മറ്റുള്ളവരെ ചിരിപ്പിക്കാനായി വേറൊരാളുടെ വ്യക്തിത്വത്തെ ഹനിക്കുന്നത് തെറ്റായ കാര്യമാണെന്ന് ഉർവശി ചൂണ്ടിക്കാട്ടി. ടിനി ടോമുമായി നല്ല വ്യക്തിബന്ധമുണ്ടെങ്കിലും മറ്റൊരാളെ പരിഹസിക്കാനുള്ള സ്വാതന്ത്ര്യം ആർക്കുമില്ല. ബോഡി ഷെയ്മിങ്ങിനും പരസ്യ അധിക്ഷേപങ്ങൾക്കും എതിരായി ഉണ്ടാകുന്ന പ്രതികരണങ്ങൾ സമൂഹത്തിലുണ്ടാകുന്ന വലിയൊരു മാറ്റത്തിന്റെ സൂചനയാണെന്നും താരം പറഞ്ഞു.

സിനിമ പോലെയുള്ള ശക്തമായ മാധ്യമങ്ങൾക്ക് ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയും. വിശുദ്ധ ഗ്രന്ഥങ്ങളോ കഥകളോ സിനിമയാകുമ്പോൾ അത് ആളുകളുടെ ഹൃദയത്തിലേക്ക് എത്ര എളുപ്പത്തിലാണ് ഇറങ്ങിച്ചെല്ലുന്നത്. അതുകൊണ്ടുതന്നെ അത്തരം മാധ്യമങ്ങളിലൂടെ വ്യക്തി അധിക്ഷേപങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കണം. അതേസമയം, എഴുത്തിനെയും കലയെയും അമിതമായി വിമർശിച്ച് ആവിഷ്കാര സ്വാതന്ത്ര്യത്തെ പൂർണ്ണമായി ഇല്ലാതാക്കുന്ന അവസ്ഥ വരാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഉർവശി കൂട്ടിച്ചേർത്തു.

ഉർവശിയുടെ വാക്കുകൾ;

“ബോഡി ഷെയ്മിങ് പാടില്ല, എന്നൊരു ശക്തമായ പ്രതിഷേധം സാമൂഹികപരമായിട്ട് തന്നെ ഉണ്ടായി വരുന്നത് വളരെ വലിയൊരു കാര്യമാണ്. അല്ലെങ്കിൽ ഏത് സദസിലും ആരെ വേണമെങ്കിലും ആർക്ക് വേണമെങ്കിലും പരിഹസിക്കാം.

ടിനി ടോം, നമ്മുടെ ബാലയുടെ സ്ലാങ്ങും കാര്യങ്ങളുമൊക്കെ മറ്റൊരു സദസിലിരുന്ന് സംസാരിക്കുകയാണ്. ആരാണ് അവർക്ക് അതിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത് ?. അതൊക്കെ വളരെ മോശപ്പെട്ട ഒരു കാര്യമല്ലേ. ടിനിയെ എനിക്ക് നന്നായി അറിയാവുന്ന ആളാണ്, നല്ല പയ്യനുമൊക്കെയാണ്. പക്ഷേ അങ്ങനെ പാടില്ല. മറ്റുള്ളവരെ ചിരിപ്പിക്കാൻ വേണ്ടി വേറൊരാളുടെ വ്യക്തിത്വത്തെ കൊല്ലാൻ പാടില്ല.

അതിനൊക്കെ എതിരായി മൊത്തത്തിൽ ഒരു പ്രതിഷേധം ഉയർന്നു വരുന്നത് വലിയൊരു കാര്യമാണ്. അത്തരം സാമൂഹികപരമായ മാറ്റങ്ങളുണ്ടാകണം. സിനിമയിലിപ്പോൾ സുഹൃത്തുക്കളെ കളിയാക്കുന്ന സീനുകളൊക്കെ വേണ്ടി വരും. യഥാർഥ ജീവിതത്തിലും ഉണ്ടാകും. കൂട്ടുകാർ ആകുമ്പോൾ. സിനിമ എന്ന് പറയുന്നത് എല്ലായിടത്തും റീച്ചുള്ള ഒരു സം​ഗതിയാണ്.

രാമായണം വായിക്കാത്ത കുട്ടികൾ, അതൊരു സിനിമയായിട്ട് വന്നാൽ വായിക്കും. ക്രിസ്തുവിന്റെ കഥ, ബൈബിൾ അറിയാവുന്നവരാണെങ്കിൽ പോലും സിനിമയായിട്ട് വരുമ്പോൾ അവരുടെ ഹൃദയത്തിലേക്ക് അത് ഇറങ്ങിച്ചെല്ലും. അങ്ങനെയാണല്ലോ സിനിമ.

അത്രയും ശക്തമായ ഒരു മാധ്യമത്തിലൂടെ അങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ പാടില്ല, എന്ന് വരുന്നത് വളരെ വലിയൊരു കാര്യമാണ്. എഴുത്ത്, കല അല്ലെങ്കിൽ ഒരു സൃഷ്ടി എന്ന് പറയുന്നതിനെ എല്ലാത്തിനെയും വിമർശിച്ച് അവസാനം ഒന്നും എടുക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകുന്നത് അത്ര നല്ലതല്ല.”