
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ എന്ന ബിഗ് ബജറ്റ് ചിത്രം ബോക്‌സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാതിരുന്നതിലും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നതിലും നടൻ യഷിന്റെ പക്വമായ നിലപാട് വെളിപ്പെടുത്തി ഡബ്ബിങ് സൂപ്പർവൈസർ ജയ്‌ദേവ് മോഹൻ. റിലീസ് ദിനത്തിലെ നെഗറ്റീവ് റിവ്യൂകളിൽ താൻ ഏറെ വികാരാധീനനായപ്പോൾ ‘ഏറെ വിഷമിക്കേണ്ട, കാര്യങ്ങൾ പ്രേക്ഷകർക്ക് വിട്ടുനൽകാം, അടുത്ത ജോലികൾ ചെയ്യാനുണ്ട്’ എന്ന് ഫോണിലൂടെ യഷ് തന്നെ ആശ്വസിപ്പിച്ചതായി ജയ്‌ദേവ് പറഞ്ഞു. പ്രജാവാണി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സിനിമ പുറത്തിറങ്ങിയ ശേഷം യഷിനെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും രണ്ടുതവണ ഫോണിൽ സംസാരിച്ചിരുന്നുവെന്ന് ജയ്‌ദേവ് പറയുന്നു. പ്രേക്ഷകർക്ക് ചിത്രം സ്വീകരിക്കാനും നിരസിക്കാനും അവകാശമുണ്ടെന്ന നിലപാടിലായിരുന്നു യഷെങ്കിലും, അദ്ദേഹത്തിന്റെ വാക്കുകളിൽ നിരാശ പ്രകടമായിരുന്നു. നാല് വർഷത്തെ അധ്വാനത്തിനൊടുവിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. പ്രേക്ഷകർ കൈവിട്ടാൽ അത് അംഗീകരിക്കുകയല്ലാതെ ‘ഞങ്ങൾ നന്നായി ഉണ്ടാക്കി, ആളുകൾക്ക് മനസ്സിലായില്ല’ എന്ന് ന്യായീകരിക്കാൻ കഴിയില്ലെന്നും ജയ്‌ദേവ് വ്യക്തമാക്കി.
സംവിധായിക ഗീതു മോഹൻദാസ് ഒരു ‘ഫയർബ്രാൻഡ്’ ആണെന്നും, സോഷ്യൽ മീഡിയയിൽ ഒരു വിഭാഗത്തിന് അവരോടുണ്ടായിരുന്ന വ്യക്തിപരമായ എതിർപ്പുകൾ ചിത്രത്തിനെതിരെയുള്ള പ്രചാരണങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെ.വി.എൻ. പ്രൊഡക്ഷൻസും ചേർന്ന് നിർമിച്ച ഈ ചിത്രത്തിന്റെ കഥയിലും തിരക്കഥയിലും യഷും പങ്കാളിയായിരുന്നു. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താരാ സുതാരിയ, രുക്മിണി വസന്ത് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.