കേരളം ഇരുട്ടിൽ’: വൈദ്യുതി നിയന്ത്രണത്തിൽ സർക്കാരിനെതിരെ ഭാഗ്യലക്ഷ്മി

','

' ); } ?>

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി. മന്ത്രിമാർക്ക് ജനറേറ്ററും ഇൻവെർട്ടറും ഉള്ളതുകൊണ്ട് ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അവർ അറിയുന്നില്ലെന്ന് ഭാഗ്യലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഭാഗ്യലക്ഷ്മി സർക്കാരിനെതിരെ ആഞ്ഞടിച്ചത്.

‘കേരളം ഇരുട്ടിൽ’ എന്ന പോസ്റ്ററിനൊപ്പം, വൈദ്യുതി നിയന്ത്രണം കാരണം ദുരിതത്തിലായ സാധാരണക്കാരുടെ റീലുകളും അവർ പങ്കുവെച്ചു. കുട്ടികളും വീട്ടമ്മമാരും യുവാക്കളും ഉൾപ്പെടെയുള്ളവർ വൈദ്യുതി മുടക്കത്തിനെതിരെ പ്രതികരിക്കുന്ന ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. വൈദ്യുത നിരക്ക് വർധനയ്ക്കെതിരെ പ്രതിപക്ഷ നേതാവായിരിക്കെ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പ്രതികരണത്തെ പരിഹസിക്കുന്ന ട്രോൾ റീലും ഭാഗ്യലക്ഷ്മി ഷെയർ ചെയ്തിട്ടുണ്ട്.

സെപ്റ്റംബർ മാസം മുഴുവൻ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിയന്ത്രണം ഏർപ്പെടുത്തുന്ന സമയം വ്യാഴാഴ്ച മുതൽ കെ.എസ്.ഇ.ബി ജനങ്ങളെ മുൻകൂട്ടി അറിയിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. നിയന്ത്രണം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ ഖേദം പ്രകടിപ്പിച്ച അദ്ദേഹം ജനങ്ങൾ സഹകരിക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.