ലീന മണിമേഖലൈക്ക് പിന്തുണയുമായി ഡബ്ല്യു.സി.സി

','

' ); } ?>

സംവിധായിക ലീന മണിമേഖലൈക്ക് പിന്തുണയുമായി വിമണ്‍ ഇന്‍ സിനിമ കളക്റ്റീവ് രംഗത്ത്. സംവിധായകന്‍ സുസി ഗണേശനെതിരെ മീടു ക്യാമ്പയിന്റെ ഭാഗമായി തുറന്ന് പറഞ്ഞ ലീനയ്‌ക്കെിരെ 17ഓളം പരാതികള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒരു സ്ത്രീ അവള്‍ നേരിട്ട പീഡനത്തെക്കുറിച്ച് പുറം ലോകത്തോട് പറയുമ്പോള്‍, അവരുടെ കരിയര്‍ സാധ്യതകളെ തല്ലിക്കെടുത്തുകയും, അവരുടെ ആദര്‍ശത്തെയും, മനോഭാവത്തെയും തകര്‍ക്കുന്ന കൂടുതല്‍ പീഡനങ്ങള്‍ നേരിടുകയും ചെയ്യുന്നതിന്റെ ആവര്‍ത്തിച്ചുള്ള ഒരു തെറ്റായ പ്രവണത കൂടിയാണ് ഈ സംഭവമെന്ന് ഡബ്ല്യു സി സി പറയുന്നു.പതിസന്ധി നിറഞ്ഞ ഈ ഒരു ഘട്ടത്തിലൂടെ കടന്നു പോകുന്ന ലീനയ്ക്കു പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ ചലച്ചിത്രമേഖലയിലെ മറ്റ് അംഗങ്ങളോട് ഡബ്ല്യു.സി.സി അഭ്യര്‍ത്ഥിക്കുന്നുവെന്നും അറിയിച്ചു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ.

മീടു ക്യാമ്പെയിനിന്റെ ഭാഗമായി മുന്നോട്ട് വന്ന് തങ്ങള്‍ നേരിട്ട അതിക്രമങ്ങളെ തുറന്നു പറയാന്‍ ധൈര്യം കാണിച്ച എല്ലാ സ്ത്രീകള്‍ക്കൊപ്പവും ശക്തമായി ഡബ്ല്യൂ. സി.സി നിലകൊള്ളുന്നു. തങ്ങളുടെ ജീവനും ഉപജീവനമാര്‍ഗ്ഗത്തെയും അപകടത്തിലാകുമ്മെന്നറിഞ്ഞിട്ടും അവരുടെ നേരെ ലൈംഗിക ചൂഷണം നടത്തിയവരെ പുറത്തു കൊണ്ട് വരാന്‍ ഇവരെല്ലാവരും നിരന്തരം പ്രയത്‌നിച്ചു.
ഇന്ന്, ഞങ്ങളുടെ സഹോദരിയും, ഡയറക്ടറുമായ ലീന മണിമേഖലൈ തന്റെ പീഡനത്തെക്കുറിച്ച് സധൈര്യപൂര്‍വ്വം സംസാരിച്ചതിന്, സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും അല്ലാതെയും പലതരത്തിലുള്ള അക്രമങ്ങള്‍ നേരിട്ടു വരുന്നു.
ലീനയുടെ ഏറ്റവും പുതിയ ചിത്രമായ ‘മാടത്തി’ ഈ ഫാള്‍ സീസണില്‍ (2021) ഹാര്‍വാര്‍ഡ്, ചിക്കാഗോ, കൊളംബിയ, മിനിസോട്ട എന്നിവയുള്‍പ്പെടെ വടക്കേ അമേരിക്കയിലുടനീളമുള്ള പതിനഞ്ച് സര്‍വകലാശാലകള്‍ പ്രദര്‍ശിപ്പിക്കാനും, ലെക്ചറിങ്ങിനു വേണ്ടിയും ക്ഷണിച്ചിരിക്കുകയാണ്. ലീന ഇപ്പോള്‍ കാനഡയിലെ യോര്‍ക്ക് സര്‍വകലാശാലയില്‍ ഫൈന്‍ ആര്‍ട്‌സില്‍ പൂര്‍ണ്ണ സ്‌കോളര്‍ഷിപ്പോടെ ബിരുദാനന്തര ബിരുദവും ചെയ്തു വരികയാണ്.
ലീന പുറത്തു പറഞ്ഞ ആളുടെ പേര്; സുസി ഗണേശന്‍ എന്നാണ്; ലീനയെ കൂടാതെ മറ്റൊരാള്‍ കൂടി ഇയാള്‍ക്കെതിരെ ഇതേ ആരോപണം സാക്ഷ്യപെടുത്തിയുട്ടുണ്ട്. ഈകാരണത്താല്‍ അപകീര്‍ത്തിക്കേസ് ഉള്‍പ്പെടെ 17 പരാതികള്‍ കോടതിയില്‍ ലീനക്കെതിരെ സമര്‍പ്പിച്ചു. ഇപ്പോഴും വിശദീകരണം നല്‍കാത്ത ഒരു നടപടിയില്‍, ലീനയുടെ പാസ്‌പോര്‍ട്ട് RPO പിടിച്ചെടുത്തു. ഈ സമ്മര്‍ദ്ദപരമായ പ്രവര്‍ത്തനങ്ങള്‍ അവരുടെ മികച്ച അവസരങ്ങളെയാണ് കവര്‍ന്നെടുക്കുന്നത്. ഒരു സ്ത്രീ അവള്‍ നേരിട്ട പീഡനത്തെക്കുറിച്ച് പുറം ലോകത്തോട് പറയുമ്പോള്‍, അവരുടെ കരിയര്‍ സാധ്യതകളെ തല്ലിക്കെടുത്തുകയും, അവരുടെ ആദര്‍ശത്തെയും, മനോഭാവത്തെയും തകര്‍ക്കുന്ന കൂടുതല്‍ പീഡനങ്ങള്‍ നേരിടുകയും ചെയ്യുന്നതിന്റെ ആവര്‍ത്തിച്ചുള്ള ഒരു തെറ്റായ പ്രവണത കൂടിയാണ് ഈ സംഭവം.
പ്രതിസന്ധി നിറഞ്ഞ ഈ ഒരു ഘട്ടത്തിലൂടെ കടന്നു പോകുന്ന ലീനയ്ക്കു പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ ചലച്ചിത്രമേഖലയിലെ മറ്റ് അംഗങ്ങളോട് ഡബ്ല്യു.സി.സി അഭ്യര്‍ത്ഥിക്കുന്നു. മീടു മൂവ്‌മെന്റ് നിരവധി സ്ത്രീകളെ ശാക്തീകരിച്ചിട്ടുണ്ട്, എന്നാല്‍ നമ്മുടെ തന്നെ സുരക്ഷിതതിനു വേണ്ടി എല്ലാം ബുദ്ധിമുട്ടുകളിലൂടെയും കടന്നു പോകേണ്ടിവരുന്നവരെ പിന്തുണയ്ക്കുകയും, നമ്മുടെ ഏവരുടെയും ജോലിസ്ഥലം ഏറ്റവും സുരക്ഷിതമാക്കാന്‍ സഹായിക്കുകയും ചെയ്യേണ്ടത് വളരെ അത്യന്താപേക്ഷിതമാണ്.