“അക്രമിക്ക് രക്ഷപ്പെടാനുള്ള സമയം നൽകുന്നു”; കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമക്കേസിൽ സർക്കാരിനെതിരേ ഡബ്യുസിസി

','

' ); } ?>

സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമക്കേസിൽ സർക്കാരിനെതിരേ വിമർശനവുമായി വുമൺ ഇൻ സിനിമ കലക്ടീവ് (ഡബ്യുസിസി). അക്രമിക്ക് രക്ഷപ്പെടാനുള്ള സമയം നൽകലാണ് കാത്തുനിർത്തലെന്ന് സംഘടന കുറ്റപ്പെടുത്തി. കൂടാതെ കേസിൽ പോലീസിൻ്റെ മെല്ലപ്പോക്ക് ആശങ്കാജനകവും പ്രതിഷേധാർഹവുമാണെന്ന് ഡബ്ലുസിസി പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഡബ്യുസിസിയുടെ പ്രതികരണം.

‘ഐഎഫ്എഫ്കെ സെലക്ഷൻ കമ്മിറ്റി അധ്യക്ഷനായ കുഞ്ഞുമുഹമ്മദിന്റെ ഭാഗത്തുനിന്ന് ചലച്ചിത്ര പ്രവർത്തകക്കുനേരെയുണ്ടായ ലൈംഗികാതിക്രമം ഫെസ്റ്റിവൽ നടത്തിപ്പിൽ വന്ന കടുത്ത അപഭ്രംശമാണ്. സർക്കാർ സ്ഥാപനമായ തൊഴിലിടത്തിൽവെച്ച് നടന്ന അതിക്രമത്തെക്കുറിച്ച്, അത് നേരിട്ട ചലച്ചിത്ര പ്രവർത്തക തന്നെ ഉന്നത അധികാരികളെ അറിയിച്ചിട്ടും നടപടിയെടുക്കുന്നതിലെ മെല്ലെപ്പോക്ക് ആശങ്കാജനകവും പ്രതിഷേധാർഹവുമാണ്. ഇത് ഐഎഫ്എഫ്കെയുടെ ഖ്യാതിക്ക് ദോഷകരമാണ്’. ഡബ്യുസിസി കുറിച്ചു.

‘കുറ്റാരോപിതനെ ഐഎഫ്എഫ്‌കെ വേദികളിൽനിന്ന് അകറ്റിനിർത്തുന്നത് ഉചിതമായ നിലപാടാണ്. പക്ഷേ, അക്കാദമി നിയമാനുസൃതമായ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണ്? സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന സർക്കാരിൽനിന്ന് അടിയന്തരമായി നീതിയുക്തമായ ഇടപെടൽ അത്യാവശ്യമായ നിമിഷമാണിത്. അതിക്രമം നടത്തിയ മുതിർന്ന സംവിധായകനും രാഷ്ട്രീയമായി സ്വാധീനശക്തിയുമുള്ള മുൻ എംഎൽഎയുമായ അക്രമിക്ക് രക്ഷപ്പെടാനുള്ള സമയം നൽകുന്നതുമാണ് ഈ കാത്തുനിർത്തൽ. അവൾ വിശ്വസിച്ച സുരക്ഷയുടെ വാഗ്‌ദാനം ലംഘിക്കപ്പെട്ടിരിക്കുന്നു. മാതൃകാപരമായ ശിക്ഷയുറപ്പാക്കുക എന്നാണ് സർക്കാരിന് മുന്നിലുള്ള ഒരേയൊരു നടപടി. ഐഎഫ്എഫ്കെ നടക്കുന്ന വേളയിൽ തന്നെ ഇക്കാര്യത്തിൽ ഉടൻ നടപടി ഉണ്ടാകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു.’ ഡബ്യുസിസി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ടായിരുന്നു. കേസില്‍ പി ടി കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയത്. മൊഴിയിൽ പറയുന്ന സമയം കുഞ്ഞുമുഹമ്മദ് ഹോട്ടലിലുണ്ടെന്നും, ഇതിന് സിസിടിവി ദൃശ്യങ്ങൾ തെളിവാണെന്നും പൊലീസ് പറയുന്നുണ്ട്.

വനിതാ ചലച്ചിത്ര പ്രവർത്തകയാണ് മുൻ എംഎൽഎ കൂടിയായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയത്. പരാതിയിൽ പറയുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് കേസെടുത്തത്. അതേസമയം, പരാതി കുഞ്ഞുമുഹമ്മദ് നിഷേധിച്ചിട്ടുണ്ടായിരുന്നു. അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും അവരോട് മാപ്പ് പറയാൻ തയ്യാറാണെന്നും പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞിരുന്നു

കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ ജൂറി അംഗമായ സ്ത്രീയോട് ഹോട്ടൽ മുറിയിൽ വച്ച് മോശമായി പെരുമാറിയെന്നാണ് കേസ്. ഐഎഫ്എഫ്കെിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പിനായുള്ള ജൂറി ചെയർമാനായിരുന്നു കുഞ്ഞുമുഹമ്മദ്. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷന്‍ വേണ്ടിയുള്ള കമ്മിറ്റിയില്‍ പരാതിക്കാരിയായ ചലച്ചിത്രപ്രവർത്തകയുമുണ്ടായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങൾ താമസിച്ചിരുന്നത്. സ്ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി.