തിരഞ്ഞെടുപ്പ് മീം പങ്കുവെച്ച് പുലിവാല്‍ പിടിച്ച് വിവേക് ഒബറോയ്..

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തിറങ്ങാനിരിക്കെ ബോളിവുഡ് നടന്‍ വിവേക് ഒബറോയ് ആണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് താരം ട്വിറ്ററില്‍ പങ്കുവച്ച മീമിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ താരം തന്നെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും മാപ്പപേക്ഷിക്കുകയും ചെയ്തിരിക്കുകയാണ്. ബോളിവുഡില്‍ ഒരുകാലത്ത് ചര്‍ച്ചാവിഷയമായിരുന്ന നടി ഐശ്വര്യ റായിയുടെ മൂന്ന് പ്രണയ ഘട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതായിരുന്നു വിവേകിന്റെ ട്വീറ്റ്. എന്നാല്‍ ട്വീറ്റിനെതിരെ രൂക്ഷ വിമര്‍ശവുമായി പ്രമുഖരടക്കം ഒട്ടനവധി പേര്‍ രംഗത്ത് വന്നതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുകയായിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ പ്രതികരണവുമായി വിവേക് രംഗത്തെത്തിയത്. തന്റെ മറുപടികളാല്‍ ഒരു സ്ത്രീ പോലും വേദനിക്കപ്പെടരുതെന്നും അതുകൊണ്ടാണ് ട്വീറ്റ് ഡിലീറ്റ് ചെയ്തിരിക്കുന്നതെന്നും വിവേക് തന്റെ ഏറ്റവും പുതിയ പോസ്റ്റിലൂടെ അറിയിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ മൂന്ന് ഘട്ടങ്ങളെ ഐശ്വര്യയുടെ പ്രണയങ്ങളുമായി ബന്ധപ്പെടുത്തികൊണ്ടാണ് വിവേക് ട്വീറ്റ് ചെയ്തത്. നടന്‍ സല്‍മാന്‍ ഖാനുമായുള്ള പ്രണയത്തെ അഭിപ്രായ വോട്ടെടുപ്പായും താനുമായുള്ള പ്രണയത്തെ എക്സിറ്റ് പോളായും ഒടുവില്‍ അഭിഷേകുമായുള്ള വിവാഹത്തെയും കുടുംബജീവിതത്തെയും തിരഞ്ഞെടുപ്പ് ഫലമായും വിശേഷിപ്പിച്ചുകൊണ്ടാണ് താരം ട്വീറ്റ് ചെയ്തത്. ഇതിനെതിരേ പ്രമുഖരടക്കം നിരവധി പേര്‍ രംഗത്ത് വരികയും ചെയ്തു.

വിവേക് പങ്കുവച്ച് മീം വെറുപ്പുളവാക്കുന്നതും നിലവാരമില്ലാത്തതുമാണെന്ന് ബോളിവുഡ് നടി സോനം കപൂര്‍ ട്വീറ്റ് ചെയ്തു. ഇത് തീര്‍ത്തും അബദ്ധമായെന്നും നിരാശ തോന്നുവെന്നുമാണ് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട ഇതിനോട് പ്രതികരിച്ചത്. ഇത് കൂടാതെ നിരവധി പേരാണ് ട്വിറ്ററിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. വിവേകിന്റേത് തീര്‍ത്തും അര്‍ത്ഥ ശൂന്യമായ പ്രവര്‍ത്തിയായി പോയെന്നും വ്യക്തിഹത്യ നടത്തുകയാണ് വിവേക് ചെയ്തതെന്നും ഇവര്‍ പറയുന്നു. ഇതിന് പുറമേ മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ താരത്തിനെതിരെ കേസ് എടുക്കാനൊരുങ്ങുകയാണെന്നും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ആളുകള്‍ എന്തിനാണ് അതിത്ര വലിയ വിഷയമാക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും.. തന്നെ ആരോ കളിയാക്കി കൊണ്ടുള്ള ഒരു മീം ഷെയര്‍ ചെയ്തു തന്നത് താന്‍ പങ്കുവെച്ചപ്പോള്‍ അത് ഒരു പണിയുമില്ലാത്തവര്‍ വിഷയമാക്കുകയായരുന്നെന്നുമാണ് വിേേവകിന്റെ പ്രതികരണം.
”ആ മീമില്‍ ഉള്ളവര്‍ക്ക് ഇതൊരു പ്രശ്നമല്ല, എന്നാല്‍ മറ്റുള്ളവര്‍ക്കാണ് പ്രശ്നം. അവര്‍ക്ക് എന്റെ ചിത്രങ്ങളെ തടയാന്‍ സാധിക്കുന്നില്ല അതുകൊണ്ടാണ് അവര്‍ ഈ വഴി നോക്കുന്നത്” വിവേക് പ്രതികരിച്ചു.