വേറിട്ട ലുക്കുമായി ബാഹുബലി നായകന്‍ പ്രഭാസ്.. സാഹോയുടെ ആദ്യ പോസ്റ്റര്‍ കാണാം..

ബാഹുബലി എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന് ശേഷം തെലുങ്ക് നടന്‍ പ്രഭാസ് വ്യത്യസ്ഥ വേഷവുമായെത്തുന്ന ചിത്രം സാഹോയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. ശ്രദ്ധ കപൂര്‍, നീല്‍ നിതിന്‍ മുകേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററാണ് സമുഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ചിത്രത്തിന്റെ റിലീസ് തീയതിയും ഒപ്പം അനൗണ്‍സ് ചെയ്ത് കൊണ്ട് പ്രഭാസ് തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ പുറത്ത് വിട്ടത്. ഓഗസ്റ്റ് 15 നാണ് സാഹോ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

പ്രഭാസിന്റെ വേറിട്ട ലുക്കിലുള്ള പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് നിരവധി ആരാധകരാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത ഒരു മികച്ച ആക്ഷന്‍ ത്രില്ലര്‍ തന്നെയായിരിക്കും സാഹോയെന്ന സൂചനയാണ് ആദ്യ പോസ്റ്റര്‍ നല്‍കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ മലയാളം ഡബ്ബ് പതിപ്പും അന്നേ ദിവസം തന്നെ ഇറങ്ങും. മൂന്ന് വ്യത്യസ്ത ഭാഷകളില്‍ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയും സാഹോയ്ക്കുണ്ട്.

റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പ്രശസ്ത ഹോളീവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. ശങ്കര്‍ ഇശാന്‍ ലോയ് ത്രയം സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്.

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മലയാള ചലച്ചിത്രതാരം ലാലും ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.