“‘പുലിക്ക് ജനിച്ചത് പൂച്ചയാവില്ലല്ലോ, ആന്റണി ഇനി ആഷിഷിന്റെ അച്ഛനെന്ന രീതിയിൽ അറിയപ്പെടും”; പ്രശംസിച്ച് ലിസി

','

' ); } ?>

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ ‘തുടക്കത്തിലെ’ അഭിനയ മികവിനെ പ്രശംസിച്ച് നടി ലിസി ലക്ഷ്മി. ചിത്രത്തിൽ വിസ്മയയും നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആഷിഷ് ജോ ആന്റണിയും കാഴ്ചവെച്ച പ്രകടനത്തെ വാനോളം പുകഴ്ത്തിയാണ് ലിസി സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചത്.

നായികമാരെക്കുറിച്ചുള്ള പരമ്പരാഗത വാർപ്പുമാതൃകകളെ തച്ചുടയ്ക്കുന്ന പ്രകടനമാണ് വിസ്മയ ചിത്രത്തിൽ കാഴ്ചവെച്ചതെന്ന് ലിസി ചൂണ്ടിക്കാട്ടി. വിസ്മയയുടെ ശരീരപ്രകൃതിയെയും പെരുമാറ്റങ്ങളെയും വിമർശിച്ചവർക്ക്, ചിത്രത്തിലെ മികച്ച ആക്‌ഷൻ രംഗങ്ങളിലൂടെയും സ്ക്രീൻ പ്രസൻസിലൂടെയും താരം കൃത്യമായ മറുപടി നൽകി. പ്രായമല്ല, പ്രതിഭയും സമർപ്പണവുമാണ് പ്രധാനം എന്ന് തന്റെ മുപ്പതുകളിൽ വിസ്മയ ലോകത്തിന് കാണിച്ചുകൊടുത്തു. സ്കൂൾ കാലഘട്ടം മുതൽക്കേ വേദികളിൽ തിളങ്ങിയിരുന്ന വിസ്മയ, അച്ഛൻ മോഹൻലാലിൽ നിന്ന് പകർന്നു കിട്ടിയ അഭിനയപാടവം വെള്ളിത്തിരയിൽ പ്രകാശിപ്പിച്ചുവെന്നും അമ്മയിൽ നിന്നുള്ള ലാളിത്യവും വിനയവും എന്നും കാത്തുസൂക്ഷിക്കണമെന്നും ലിസി ആശംസിച്ചു.

ചിത്രത്തിലെ ഏറ്റവും വലിയ ‘സർപ്രൈസ് പാക്കേജ്’ ആഷിഷ് ജോ ആന്റണിയാണെന്ന് വിലയിരുത്തിയ ലിസി, ആഷിഷിന്റെ പ്രകടനക്ഷമമായ കണ്ണുകളും ആകർഷകമായ സ്ക്രീൻ പ്രസൻസും എടുത്തുപറഞ്ഞു. വലിയ നിർമാതാവ് എന്നതിലുപരി ഒരു ദിവസം ആന്റണി പെരുമ്പാവൂർ ‘ആഷിഷിന്റെ അച്ഛൻ’ എന്ന വിലാസത്തിൽ അറിയപ്പെടുമെന്നും അവർ അഭിപ്രായപ്പെട്ടു. മികച്ചൊരു ത്രില്ലർ സമ്മാനിച്ച സംവിധായകൻ ജൂഡ് ആന്റണിക്കും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്.

ലിസിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതികരണവുമായി വിസ്മയയും ആഷിഷും രംഗത്തെത്തി. “താങ്ക് യു സോ മച്ച് ലിസി ആന്റി, ഈ അഭിപ്രായം ഏറെ വിലപ്പെട്ടതാണ്” എന്ന് വിസ്മയ കുറിച്ചപ്പോൾ, സ്നേഹം അറിയിച്ചുകൊണ്ട് റെഡ് ലൗ ഇമോജിയുമായാണ് ആഷിഷ് പോസ്റ്റിന് താഴെയെത്തിയത്.

ലിസിയുടെ വാക്കുകൾ:

‘‘എന്റെ പ്രിയപ്പെട്ട വിസ്മയ…

നിന്റെ അരങ്ങേറ്റ ചിത്രമായ ‘തുടക്കത്തിലെ’ കാഴ്ചകൾ എന്നെ അദ്ഭുതപ്പെടുത്തി! സ്ക്രീനിൽ നീ കാഴ്ചവച്ച മിന്നുന്ന പ്രകടനം കണ്ടപ്പോൾ അഭിമാനം കൊണ്ട് എന്റെ മനസ്സ് നിറഞ്ഞു. സ്കൂൾ കാലഘട്ടം മുതൽക്കേ വേദികളിൽ നിന്റെ ഉള്ളിലെ കലാകാരി തിളങ്ങിനിന്നിരുന്നു. നമ്മുടെ രാജ്യം കണ്ട എക്കാലത്തെയും മഹാനായ നടന്മാരിൽ ഒരാളായ അച്ഛനിൽ നിന്ന് നിനക്ക് ലഭിച്ച ആ അഭിനയ പ്രതിഭ, ഇന്ന് വെള്ളിത്തിരയിൽ പൂർണതയോടെ പ്രകാശിക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷം തോന്നുന്നു. ‘പുലിക്ക് ജനിച്ചത് പൂച്ചയാവില്ലല്ലോ!’

നിന്റെ രൂപത്തെയും ഭാവങ്ങളെയുമൊക്കെച്ചൊല്ലി ചില മുഖമില്ലാത്ത മനുഷ്യർ വിമർശനങ്ങൾ ഉന്നയിച്ചപ്പോൾ, വാക്കുകൾ കൊണ്ടല്ല, മറിച്ച് വാതായനങ്ങളെല്ലാം അടപ്പിക്കുന്ന തരത്തിലുള്ള അസാധ്യ അഭിനയം കൊണ്ട് നീ മറുപടി നൽകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. നീ അത് തെളിയിച്ചു കാട്ടി! ചിത്രത്തിലെ നിന്റെ ആക്‌ഷൻ രംഗങ്ങൾ ശരിക്കും വേറെത്തന്നെ ലെവലാണ്! നിന്റെ ഫ്ലെക്സിബിലിറ്റിയും സ്ക്രീൻ പ്രസൻസും അതിശയകരമാണ്. ഒരു നായിക എങ്ങനെയാവണം എന്നതിനെക്കുറിച്ചുള്ള പരമ്പരാഗതമായ എല്ലാ വാർപ്പുമാതൃകകളെയും നീ തിരുത്തിക്കുറിച്ചു. പ്രായമല്ല, മറിച്ച് പ്രതിഭയും വ്യക്തിത്വവും സമർപ്പണവുമാണ് പ്രധാനം എന്ന് നിന്റെ മുപ്പതുകളിൽ നീ ലോകത്തിന് കാണിച്ചുകൊടുത്തു.

പൊതുവേദികളിൽ കാണാറുള്ള ആ പരിഭ്രമവും നിഷ്കളങ്കതയും ആവേശവുമാണ് നിന്നെ എല്ലാവരുടെയും പ്രിയങ്കരിയാക്കുന്നത്. ആ നിഷ്കളങ്കത എന്നും നിന്റെ കൂടെയുണ്ടാവട്ടെ. അമ്മയിൽ നിന്ന് പകർന്നു കിട്ടിയ ആ ലാളിത്യവും വിനയവും ദയയും എന്നും കാത്തുസൂക്ഷിക്കുക. പ്രിയപ്പെട്ട വിസ്മയ, ഇത് മനോഹരമായ ഒരു തുടക്കം മാത്രമാണ്, ഏറ്റവും മികച്ച നേട്ടങ്ങൾ ഇനി നിന്നെ തേടിയെത്താനിരിക്കുന്നതേയുള്ളൂ! ഒരുപാട് നല്ല കഥാപാത്രങ്ങളും സിനിമകളും നിനക്കുണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.

ആഷിഷ് ജോ ആന്റണി, ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സർപ്രൈസ് നീയായിരുന്നു! അത്രയധികം ആകർഷകമായ സ്ക്രീൻ പ്രസൻസോടെയാണ് നീ അഭിനയിച്ചു തകർത്തത്. വാക്കുകളേക്കാൾ നിന്റെ പ്രകടനക്ഷമമായ ആ വലിയ കണ്ണുകൾ ഒരുപാട് കാര്യങ്ങൾ സംവദിക്കുന്നുണ്ടായിരുന്നു. വരുംകാലത്ത് ആന്റണി പെരുമ്പാവൂർ എന്ന വിജയിച്ച നിർമാതാവിനേക്കാൾ, ‘ആഷിഷ് ജോയുടെ അച്ഛൻ’ എന്ന വിലാസത്തിൽ അദ്ദേഹം അഭിമാനത്തോടെ അറിയപ്പെടും എന്ന് എനിക്ക് ഉറപ്പാണ്!

ഇത്രയും മികച്ചൊരു ത്രില്ലർ ചിത്രം സമ്മാനിച്ചതിന് സംവിധായകൻ ജൂഡ് ആന്റണിക്കും ചിത്രത്തിന്റെ മുഴുവൻ അണിയറപ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ!”