
താര സംഘടനയായ ‘അമ്മ’യ്ക്ക് സമാനമായി ബോളിവുഡിലെ താരസംഘടനയായ ‘സിന്റാ’യും (സിനി ആൻഡ് ടി.വി. ആർട്ടിസ്റ്റ്സ് അസോസിയേഷൻ) കടുത്ത ഭരണപ്രതിസന്ധിയിലേക്ക്. പ്രസിഡന്റ് പൂനം ധില്ലൻ, സീനിയർ വൈസ് പ്രസിഡന്റ് പദ്മിനി കോലാപ്പുരി എന്നിവർ അധികാര ദുർവിനിയോഗം നടത്തുന്നുവെന്നും തീരുമാനങ്ങൾ ഏകപക്ഷീയമാണെന്നും ആരോപിച്ച് 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് 11 പേർ രാജിവെച്ചു.
ഭരണഘടന ലംഘിച്ച് വ്യക്തികേന്ദ്രീകൃതമായാണ് അസോസിയേഷൻ പ്രവർത്തിക്കുന്നതെന്നും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതിയില്ലാതെ ഔദ്യോഗിക കാര്യങ്ങൾക്ക് സ്വന്തം ഇമെയിൽ ഐഡിയും സ്വകാര്യ അഭിഭാഷകരെയും പൂനം ധില്ലൻ ഉപയോഗിച്ചെന്നുമാണ് ഉയർന്ന പ്രധാന ആരോപണം. പ്രമുഖ നടന്മാരായ പൂനീത് ഇസ്സാർ, മുകേഷ് ഋഷി, വിന്ദു ദാരാ സിങ്, ഹേമന്ത് പാണ്ഡെ, സാഹില ഛദ്ദ, ഹേതൽ പർമാർ, വികാസ് വർമ്മ, ദീപക് പരാശർ എന്നീ തിരഞ്ഞെടുക്കപ്പെട്ട എട്ട് അംഗങ്ങളടക്കമാണ് രാജി നൽകിയത്.
ഭരണസമിതിയിലെ പകുതിയിലധികം പേർ രാജിവെച്ചതോടെ നിലവിലെ കമ്മിറ്റി ഭരണഘടനാപരമായി റദ്ദായതായും പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും ജനറൽ സെക്രട്ടറി ഉപാസന സിങ് വ്യക്തമാക്കി. 11 അംഗങ്ങളുടെയും രാജി സ്വീകരിച്ചതായി സ്ഥിരീകരിച്ച അവർ, സമിതി അസാധുവായ ശേഷം സിന്റാ ഓഫീസിൽ വെച്ച് നടന്ന എക്സ്ട്രാ ഓർഡിനറി ജനറൽ മീറ്റിങ് അനധികൃതമാണെന്നും കുറ്റപ്പെടുത്തി.
അതേസമയം, എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടിട്ടില്ലെന്നാണ് സിന്റായുടെ അഭിഭാഷക അഡ്വ. സുവിഗ്യ വിദ്യാർഥിയുടെ വാദം. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ 50 ശതമാനത്തിലധികം പേർ രാജിവെച്ചാൽ മാത്രമേ ഭരണസമിതി റദ്ദാകൂ എന്ന് അവർ വ്യക്തമാക്കി. തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച പൂനം ധില്ലൻ, തങ്ങളുടെ വ്യക്തിപരമായ ബന്ധങ്ങൾ സംഘടനയുടെ നന്മയ്ക്കായി മാത്രമാണ് ഉപയോഗിച്ചതെന്നും വ്യക്തിപരമായ നേട്ടങ്ങൾ ലക്ഷ്യമിട്ടല്ല പ്രവർത്തിച്ചതെന്നും വ്യക്തമാക്കി.