
നടൻ സൂരിയുമായുള്ള പഴയ സാമ്പത്തിക തർക്കങ്ങൾ 2024-ൽ തന്നെ പരിഹരിച്ചതാണെന്നും ഇക്കാര്യത്തിൽ അനാവശ്യ വിവാദങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും തമിഴ് താരം വിഷ്ണു വിശാൽ. സൂരിയുടെ പുതിയ ചിത്രത്തിന് ആശംസ നേർന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വീണ്ടും പഴയ പ്രശ്നങ്ങൾ ചർച്ചയായതിനെ തുടർന്നാണ് ഇൻസ്റ്റഗ്രാമിലൂടെയും എക്സ് പ്ലാറ്റ്ഫോമിലൂടെയും താരത്തിന്റെ പ്രതികരണം.
തെറ്റിദ്ധാരണകൾ അന്ന് തന്നെ കുഴിച്ചുമൂടിയതാണെന്നും ഇടയിൽ നിന്ന മൂന്നാമതൊരാളാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും വ്യക്തമാക്കിയ വിഷ്ണു വിശാൽ, 2024 ഏപ്രിലിൽ ഒന്നിച്ച് എടുത്ത ചിത്രവും അന്നത്തെ പോസ്റ്റിന്റെ സ്ക്രീൻഷോട്ടും വീണ്ടും പങ്കുവെച്ചു. മുൻ ഡി.ജി.പിയും വിഷ്ണു വിശാലിന്റെ പിതാവുമായ രമേശ് കുദ്വാലയ്ക്കെതിരെ 2.7 കോടി രൂപയുടെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് 2020-ൽ സൂരി നൽകിയ പരാതിയാണ് അന്ന് വലിയ തർക്കങ്ങൾക്ക് വഴിവെച്ചത്. പിന്നീട് 2024 ഏപ്രിലിൽ നേരിട്ട് സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കുകയും മൂവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച സമയമാണ് “എല്ലാത്തിനും ഉത്തരം” എന്ന് വിഷ്ണു വിശാൽ കുറിക്കുകയും ചെയ്തിരുന്നു.
‘‘ഈ അസംബന്ധങ്ങൾ അവസാനിപ്പിക്കൂ. ഞങ്ങൾ ഞങ്ങളുടെ തെറ്റിദ്ധാരണകളെല്ലാം 2024-ൽ തന്നെ കുഴിച്ചുമൂടിയതാണ്. അതിൽ നിന്നെല്ലാം മാറി ഞങ്ങൾ കൂടുതൽ പാകത കൈവരിക്കുകയും ഇപ്പോൾ പരസ്പരം നല്ലത് മാത്രം ആശംസിക്കുകയും ചെയ്യുന്നു. ഈ ആശയക്കുഴപ്പങ്ങൾക്കെല്ലാം കാരണം ഇടയിൽ നിന്ന മൂന്നാമതൊരാൾ ആയിരുന്നു. നിങ്ങളും ഇനി ഇതൊക്കെ വിട്ട് മുന്നോട്ട് പോകേണ്ട സമയമായി… നന്ദി.’’ വിഷ്ണു വിശാൽ കുറിച്ചു.
‘വെണ്ണില കബഡി കുഴു’, ‘വേലയിന്നു വന്തുട്ടാ വെള്ളക്കാരൻ’, ‘കഥാനായകൻ’ തുടങ്ങിയ കോമ്പോ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ ഇരുവരും സൗഹൃദം പുനഃസ്ഥാപിച്ച് മുന്നോട്ടുപോകുന്നതിനിടെയാണ് പഴയ വിഷയം വീണ്ടും ചർച്ചയായത്.