“ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സെക്സ് റാക്കറ്റ് അന്വേഷിക്കണം”; സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരമിരുന്ന് സനൽകുമാർ

','

' ); } ?>

സെക്രട്ടറിയേറ്റിന് മുന്നിൽ ചലച്ചിത്ര പുരസ്കാരങ്ങൾ നിരത്തിവെച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ച സെക്സ് റാക്കറ്റിൽ ഉന്നതതല അന്വേഷണം നടത്തുക, തന്റെ പേരിലുള്ള കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.

നൂറു ദിവസമായി സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യങ്ങൾ ഉന്നയിച്ചിട്ടും സർക്കാരും പൊതുസമൂഹവും പ്രതികരിക്കുന്നില്ലെന്ന് സനൽ കുറ്റപ്പെടുത്തി. തനിക്കെതിരെ ഏത് ആക്രമണവും ഉണ്ടായേക്കാമെന്നും മാഫിയക്കെതിരായ ഈ പോരാട്ടത്തിൽ പൊതുജനങ്ങളുടെ പിന്തുണ തേടുന്നുവെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ വിഷയമല്ല ഇതെന്നും മലയാള സിനിമയിലെ ഗൗരവതരമായ സാമൂഹിക പ്രശ്നമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

സനൽകുമാറിന്റെ വാക്കുകൾ;

‘‘കഴിഞ്ഞ നൂറ് ദിവസമായി സമൂഹ മാധ്യമങ്ങളിലൂടെ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും പൊതു സമൂഹം ഉണരുന്നില്ല, കേരള സർക്കാർ ഇതേപ്പറ്റി അന്വേഷിക്കാൻ തയാറാകുന്നില്ല. എന്റെ പേരിലുള്ള കേസിൽ അന്വേഷണം നടത്തുന്നില്ല. ഈ സാഹചര്യത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതലകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുകയാണ്.

എന്റെ ഈ വിഷയം വളരെ സാമൂഹിക പ്രസക്തി ഉള്ളതായിട്ടും ഇതുവരെ അനുഭാവം പ്രകടിപ്പിച്ച് ഒരാളും മുന്നോട്ടു വന്നിട്ടില്ല. ഇതൊരു സാമൂഹ്യ പ്രശ്നമാണ്, വ്യക്തിപരമായ വിഷയമല്ല. വളരെ ഗുരുതരമായ ആരോപണമാണ് ഞാൻ ഉന്നയിച്ചിട്ടുള്ളത്.

ഇതെന്റെ മാത്രം വിഷയമല്ല, ഇന്നിവിടെ ഞാൻ ഒറ്റയ്ക്കാണുള്ളത്. വേറാരും ഇവിടെ ഇല്ല. എനിക്കെതിരെ എന്തുതരം ആക്രമണം വേണമെങ്കിലും ഉണ്ടാകാം. ഞാൻ പോരാടുന്നത് വലിയൊരു മാഫിയയ്ക്കെതിരെയാണ്. ദയവായി ആളുകൾ വന്ന് എന്നെ പിന്തുണയ്ക്കുക, മുന്നോട്ടുവരിക.’’