“സീനിയോറിറ്റി പെരുമാറ്റത്തിലാണ് പ്രകടമാകേണ്ടത്”; അവതാരകയ്ക്ക് പിന്തുണയുമായി അവന്തിക മോഹൻ

','

' ); } ?>

സിനിമ പ്രമോഷനിടെ ഇംഗ്ലിഷിൽ സംസാരിച്ച അവതാരക ദക്ഷ രവീന്ദ്രനാഥിനെ നടി ഉർവശി പരിഹസിച്ച സംഭവത്തിൽ സുപ്രിയ മേനോനു പിന്നാലെ നടി അവന്തിക മോഹനും പിന്തുണയുമായി രംഗത്ത്. മലയാളം അറിയാമെന്നത് മറ്റൊരാളെ പരിഹസിക്കാനുള്ള ലൈസൻസല്ലെന്നും യഥാർഥ സീനിയോറിറ്റി പെരുമാറ്റത്തിലാണു പ്രകടമാകുന്നതെന്നും അവന്തിക ഇൻസ്റ്റാഗ്രാം കുറിപ്പിൽ പറഞ്ഞു. ഇതോടെ മാതൃഭാഷാ സ്നേഹത്തിന്റെപേരിലുള്ള സിനിമാമേഖലയിലെ ഭാഷാപ്രയോഗങ്ങളും ഇരട്ടത്താപ്പും സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി.

‘വിമർശനം സ്വകാര്യമാകാം, ബഹുമാനം പരസ്യമായി നൽകണം’ എന്ന കാൾ ലഫ്രനൈസിന്റെ പോസ്റ്റിനടിയിൽ സുപ്രിയ മേനോൻ നടത്തിയ കമന്റും വലിയ ചർച്ചയായിരുന്നു. മക്കളെ ഇംഗ്ലിഷ് മീഡിയത്തിൽ പഠിപ്പിക്കുകയും വിദേശത്തേക്ക് അയക്കുകയും ചെയ്യുന്ന സമൂഹം പൊതുവേദിയിൽ ഇംഗ്ലിഷ് സംസാരിക്കുന്നവരെ ധാർഷ്ട്യക്കാരായി കാണുന്നത് എങ്ങനെയെന്ന് സുപ്രിയ ചോദിച്ചിരുന്നു. ഭാഷകൾ ആശയവിനിമയത്തിനുള്ള ഉപാധികൾ മാത്രമാണെന്നും ബുദ്ധിയുടെയോ സ്വഭാവത്തിന്റെയോ അളവുകോലല്ലെന്നും ചൂണ്ടിക്കാട്ടുന്ന അവന്തികയുടെ വാക്കുകൾ സിനിമാപ്രേമികളും ഏറ്റെടുത്തിട്ടുണ്ട്. അസ്വസ്ഥാജനകമായ നിമിഷത്തെ അപാരമായ പക്വതയോടെയാണ് ദക്ഷ കൈകാര്യം ചെയ്തതെന്നും ഇത്തരം സംഭവങ്ങൾ വ്യക്തികളുടെ സമീപനത്തെക്കുറിച്ചാണ് സൂചന നൽകുന്നതെന്നും അവന്തിക വിലയിരുത്തി. ദക്ഷയ്ക്ക് പിന്തുണയുമായി നിരവധി ഇൻഫ്ലുവൻസറുകളും യുവതാരങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ എത്തിയിട്ടുണ്ട്.

അവന്തികയുടെ വാക്കുകൾ;

‘‘മലയാളം അറിയാം എന്നത് ഇംഗ്ലിഷ് സംസാരിക്കുന്ന ഒരാളെ പരിഹസിക്കാനുള്ള അവകാശമൊന്നും ആർക്കും നൽകുന്നില്ല, ഇംഗ്ലിഷ് സംസാരിക്കുന്നത് കൊണ്ട് ആരും ഉയർന്നവരാകുന്നുമില്ല. ഒരാളെ മലയാളത്തിൽ സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് ഒരു കാര്യമാണ്, എന്നാൽ ഇംഗ്ലിഷ് സംസാരിച്ചതിന്റെ പേരിൽ അവരെ കേവലം പരിഹസിക്കുന്നത് വേറൊരു കാര്യമാണ്. ഭാഷകൾ കഴിവുകളാണ്, അല്ലാതെ ബുദ്ധിയുടെയോ വർഗത്തിന്റെയോ സ്വഭാവത്തിന്റെയോ അളവുകോലുകളല്ല.

ആ അവതാരക അസ്വസ്ഥാജനകമായ നിമിഷത്തെ വളരെ മാന്യതയോടെയും അത്യന്തം ശാന്തതയോടെയുമാണ് കൈകാര്യം ചെയ്തത്. മറ്റുള്ളവരോട്, പ്രത്യേകിച്ച് തങ്ങളാൽ കഴിയുന്നത്ര നന്നായി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നവരോട് നിങ്ങൾ എങ്ങനെ പെരുമാറുന്നു എന്നതിലാണ് യഥാർഥ സീനിയോറിറ്റി പ്രതിഫലിക്കുന്നത്. അവർ തീർച്ചയായും ഒരു മികച്ച നടി തന്നെയാണ്, എന്നാൽ നിർഭാഗ്യവശാൽ ഇത്തരം നിമിഷങ്ങൾ ഒരാളുടെ സ്വഭാവത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ഈ രംഗം സത്യത്തിൽ എന്നെ വളരെ അസ്വസ്ഥയാക്കി; ആ ആങ്കറുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന് എനിക്ക് ഒരു ഊഹവുമില്ല. അവരോട് എനിക്ക് ഒരുപാട് സ്നേഹം തോന്നുന്നു.’’–അവന്തികയുടെ വാക്കുകൾ.

‘വിമർശനം സ്വകാര്യമാകാം, ബഹുമാനം പരസ്യമായി നൽകണം’ എന്ന് വ്യക്തമാക്കി കാൾ ലഫ്രനൈസ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സിനിമാ രംഗത്തുള്ളവരുടെ പ്രധാന ചർച്ചാകേന്ദ്രം. ഈ പോസ്റ്റിന് താഴെ തന്നെയാണ് ഇംഗ്ലീഷ് ഭാഷയോടുള്ള മലയാളികളുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രിയ മേനോനും കമന്റ് ചെയ്തത്.  നമ്മുടെ മക്കളെ ഇംഗ്ലിഷ് മീഡിയത്തിൽ പഠിപ്പിക്കുകയും വിദേശത്തേക്ക് അയക്കുകയും ചെയ്യുന്ന സമൂഹം, ഒരാൾ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ അതിനെ ധാർഷ്ട്യമായി കാണുന്നത് എന്തുകൊണ്ടാണെന്ന് സുപ്രിയ ചോദിച്ചിരുന്നു.

സുപ്രിയയ്ക്കും അവന്തികയ്ക്കും പുറമേ നിരവധി പേരാണ് അവതാരക ദക്ഷയെ പിന്തുണച്ചും മാതൃഭാഷാ സ്നേഹത്തിന്റെ പേരിൽ മറ്റുള്ളവരെ അപമാനിക്കുന്നതിനെതിരെയും പ്രതികരിച്ച് രംഗത്തെത്തുന്നത്.